നെടുങ്കണ്ടം: ഹരിത തട്ടിപ്പുകേസിലെ മുഖ്യപ്രതി രാജ്കുമാര്‍ റിമാന്‍ഡിലിരിക്കെ മരിച്ച സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. മൂന്നു ദിവസം പോലീസ് കസ്റ്റഡിയിലായിരുന്ന രാജ്കുമാറിന്റെ കാല്‍മുട്ടിനു താഴെയുണ്ടായിരുന്ന 32 മുറിവുകള്‍ ഉരുട്ടിക്കൊലയുടെ ലക്ഷണങ്ങളാണെന്നാണു പ്രാഥമിക നിഗമനം.രാജ്കുമാറിനു മര്‍ദമേറ്റിരുന്നതായി പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. കാലുകളുടെ മുട്ടിനു താഴെ 32 മുറിവുകളുണ്ടായിരുന്നു. കാല്‍വെള്ള തകര്‍ന്നിരുന്നു. ഇടതുകാലിന്റെയും കാല്‍വിരലുകളുടെയും അസ്ഥികള്‍ പൊട്ടിയിരുന്നു.
രണ്ടു തുടകളിലെ പേശികള്‍ വിട്ടുമാറിയിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. നെടുങ്കണ്ടം പോലീസ് ക്രൂരമായി മര്‍ദിച്ചെന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഡോക്ടറോടു പറഞ്ഞിരുന്നു. ജയിലില്‍ തിരിച്ചെത്തിച്ചെങ്കിലും പിന്നീട് പീരുമേട് താലൂക്ക് ആശുപത്രിയില്‍ മരിച്ചു. അറസ്റ്റില്‍നിന്നു രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വീണുണ്ടായ പരുക്കുകളാണു രാജ്കുമാറിന്റെ ശരീരത്തിലുള്ളതെന്നായിരുന്നു പോലീസിന്റെ ഭാഷ്യം. ഇതിനിടെ കേസിൽ ക്രൈംബ്രാഞ്ചിന് അന്വേഷണ ചുമതല നൽകി.
ഇതിനിടെ നെടുങ്കണ്ടം പോലീസ് സ്‌റ്റേഷനിലെത്തിയ കൊച്ചി റേഞ്ച് ഐ.ജി. കാളിരാജ് മഹേഷ്‌കുമാര്‍ എസ്.ഐയടക്കം നാലു പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. അഞ്ചുപേരെ സ്ഥലംമാറ്റി. വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നതിനു മുന്‍പാണ് ഐ.ജി. നേരിട്ടെത്തി ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുത്തത്. നെടുങ്കണ്ടം എസ്.ഐ: കെ.എ. സാബു, എ.എസ്.ഐ: സി.ബി. റെജിമോന്‍, ഡ്രൈവര്‍മാരായ നിയാസ്, സജിമോന്‍ ആന്റണി എന്നിവരെയാണ് അനേ്വഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
സ്‌റ്റേഷന്റെ ചുമതലയുണ്ടായിരുന്ന ഇന്‍സ്‌പെക്ടര്‍ റെജി എം. കുന്നിപ്പറമ്പിൽ , സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിജു ലൂക്കോസ്, ജോഷി, രാജേഷ്, ഗീതു ഗോപിനാഥ് എന്നിവരെയാണു സ്ഥലം മാറ്റിയത്. സംഭവദിവസങ്ങളില്‍ അവധിയിലായിരുന്നെങ്കിലും എസ്.എച്ച്.. എന്ന നിലയ്ക്കാണ് ഇന്‍സ്‌പെക്ടര്‍ക്കെതിരേ നടപടിയെടുത്തതെന്ന് ജില്ലാ പോലീസ് മേധാവി കെ.ബി. വേണുഗോപാല്‍ പറഞ്ഞു. വണ്ടിപ്പെരിയാര്‍ എസ്.എച്ച്.ഒ. ജയകുമാറിനും കട്ടപ്പന എസ്.ഐ. കിരണിനും നെടുങ്കണ്ടത്തിന്റെ താല്‍ക്കാലിക ചുമതല നല്‍കി.
തൂക്കുപാലം കേന്ദ്രമായി ഹരിതാ ഫിനാന്‍സ് നടത്തിവന്ന വാഗമണ്‍ കോലാഹലമേട് കസ്തൂരിഭവനില്‍ രാജ്കുമാര്‍ (49) കഴിഞ്ഞ 21-നാണ് പീരുമേട് സബ് ജയിലില്‍ റിമാന്‍ഡിലിരിക്കെ മരിച്ചത്. സ്വയംസഹായ സംഘങ്ങളില്‍നിന്നും വ്യക്തികളില്‍നിന്നും വായ്പ വാഗ്ദാനം ചെയ്ത് പ്രോസസിങ് ഫീസ് ഇനത്തില്‍ ഹരിതാ ഫിനാന്‍സ് പലരില്‍നിന്നും പണം വാങ്ങിയിരുന്നു. ഫീസടച്ചിട്ടും വായ്പ കിട്ടാതിരുന്നവര്‍ ബഹളമുണ്ടാക്കിയതോടെ നെടുങ്കണ്ടം പോലീസ് സ്ഥാപനം അടപ്പിക്കുകയും രാജ്കുമാര്‍ ഉള്‍പ്പെടെ മൂന്നുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
കഴിഞ്ഞ 12-നായിരുന്നു അത്.തോണക്കാട് മഞ്ഞപ്പള്ളില്‍ ശാലിനി ഹരിദാസ് (43), വെണ്ണിപ്പറമ്ബില്‍ മഞ്ജു (33) എന്നിവരെ പിറ്റേന്നു കോടതിയില്‍ ഹാജരാക്കിയെങ്കിലും രാജ്കുമാറിനെ 16-നാണ് കോടതിയിലെത്തിച്ചത്. 15-ന് അര്‍ധരാത്രി ഇയാളെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെത്തിച്ചിരുന്നു. പിറ്റേന്നു സ്‌ട്രെക്ച്ചറിലേക്കാണു തിരികെ പോലീസ് സ്‌റ്റേഷനിലേക്കും കോടതിയിലേക്കും പിന്നീടു സബ്ജയിലിലേക്കും കൊണ്ടുപോയത്. സബ്ജയിലില്‍നിന്നു നാലു തവണ വിവിധ ആശുപത്രികളിലെത്തിച്ചു ചികിത്സ നല്‍കിയിരുന്നു.
Post Your Comments