കുഞ്ഞുങ്ങൾക്ക് പഞ്ചസാര കൊടുത്തു ശീലിപ്പിക്കാതിരിക്കുന്നതാണു നല്ലത്. പാലിൽ പഞ്ചസാര ഇടാതെ കൊടുത്തു ശീലിപ്പിക്കണമെന്ന് വിദഗ്ദ്ധ ഡോക്ടർമാർ പറയുന്നു. മൂന്നു നാലു വയസാകുന്പോഴേക്കും പാലിൽ നിന്നു കിട്ടുന്നതിലുമധികം മധുരം, മധുരപലഹാരങ്ങളിലൂടെയാണു കിട്ടുന്നത്. മധുരപലഹാരങ്ങളാണല്ലോ ചെറുപ്രായത്തിൽ കുട്ടികൾ ഇഷ്ടപ്പെടുന്നത്. എന്നാലും ദിവസം 20 – 25 ഗ്രാം പഞ്ചസാര വരെ ഈ പ്രായത്തിൽ അവർക്കു കൊടുക്കാം. പഞ്ചസാരയും കാൻസറും തമ്മിൽ നേരിട്ടു ബന്ധമില്ല. പഞ്ചസാര കൂടുതൽ കഴിച്ചാൽ അമിതഭാരം ഫലം. അമിതഭാരം കാൻസർസാധ്യത വർധിപ്പിക്കുമെന്നു പഠനങ്ങളുണ്ട്.
കുട്ടികളെ പഞ്ചസാര ഒരു സൈഡ് ഡിഷായി ശീലിപ്പിക്കരുത്. പഞ്ചസാരയിലുള്ളത് എംറ്റി(ശൂന്യം) കലോറിയാണ്. അതിൽ പോഷകങ്ങളില്ല. വെറും കലോറി മാത്രം. അധികമായുള്ള കലോറി ശരീരത്തിലെത്തിയാൽ അതു കൊഴുപ്പായി മാറും. ചില കുട്ടികൾ പഞ്ചസാര വെറുതേ വാരിക്കഴിക്കും. എല്ലാ വിഭവങ്ങളിലും പഞ്ചസാര ചേർത്തു കഴിക്കാൻ കുഞ്ഞുപ്രായത്തിൽത്തന്നെ രക്ഷിതാക്കൾ ശീലിപ്പിക്കാറുണ്ട്. എന്നാൽ ചെറുപ്രായത്തിൽ മധുരം കൊടുത്തു ശീലിപ്പിക്കാതിരിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം. ഉപ്പുമാവിനും പുട്ടിനുമൊപ്പം പഞ്ചസാര ചേർത്തു കൊടുക്കുന്നതിനു പകരം കടലക്കറിയോ പയർ പുഴുങ്ങിയതോ കൊടുക്കാം. പഞ്ചസാരയുടെ അളവു കുറയ്ക്കാം, പ്രഭാതഭക്ഷണം പോഷകസമൃദ്ധമാക്കാം. ദോശയ്ക്കൊപ്പം പഞ്ചസാരയ്ക്കു പകരം ചമ്മന്തിയോ കടലക്കറിയോ നല്കാം.
മുതിർന്നവർക്കു ദിവസം 20-30 ഗ്രാം പഞ്ചസാര ഉപയോഗിക്കാം. കുട്ടികൾക്ക് 40-50 ഗ്രാം വരെ ഉപയോഗിക്കാം. മുതിർന്നവർ കഴിവതും പഞ്ചസാര കുറയ്ക്കണം. അവർക്ക് ഏറെ മധുരം ആവശ്യമില്ല. സൂക്രോസാണ് (പഞ്ചസാര) ശുദ്ധമായ മധുരം. കരിന്പിൽ നിന്നാണ് അതുണ്ടാക്കുന്നത്. അതേസമയം ക്യൂബയിൽ മധുരക്കിഴങ്ങിൽ നിന്നും റഷ്യയിൽ ബീറ്റ്റൂട്ടിൽ നിന്നുമാണ് പഞ്ചസാര ഉണ്ടാക്കുന്നത്. ശർക്കര, കരുപ്പെട്ടി എന്നിവയിൽ നിന്നു കിട്ടുന്നതും സൂക്രോസ് തന്നെ.
.
Post Your Comments