തബ്രീസ് അന്‍സാരിയെന്ന 24 കാരന്റെ ദയനീയ ചിത്രം ഉളവാക്കുന്ന നോവും വേദനയും ഭയവും തന്നെയായിരുന്നു മധുവെന്ന നിഷ്കളങ്കമുഖത്തിലെ ദൈനൃതയാര്‍ന്ന നോട്ടവും എനിക്ക് സമ്മാനിച്ചത്.ഇതൊരു താരതമ്യപ്പെടുത്തലല്ല.മറിച്ചൊരു ഓര്‍മ്മപ്പെടുത്തലാണ്.കൊല്ലം ജില്ലയിലെ അഞ്ചലില്‍ മണിയെന്ന ബംഗാളിയെ കൊലപ്പെടുത്തിയ ആള്ക്കൂട്ടത്തിലൊരുവന്റെ സഹോദരി ഇന്നലെ കത്തുന്ന രോഷത്തോടെ തബ്രീസിനു വേണ്ടി വിലപിക്കുന്നത് കണ്ടതുക്കൊണ്ട് മാത്രം ഇത്തരത്തിലൊന്ന് എഴുതേണ്ടി വന്നു.തബ്രീസ് തച്ചുടയ്ക്കപ്പെട്ടത് ത്സാര്‍ഖണ്ഡിലായിരുന്നുവെങ്കില്‍ കൈലാസെന്ന ആസാമിയുവാവും മണിയെന്ന ബംഗാളിയുവാവും ക്രൂരമായികൊലച്ചെയ്യപ്പെട്ടത് സാക്ഷരകേരളത്തിലായിരുന്നുവെന്ന് മാത്രം.ജയ് ശ്രീരാം വിളികളുടെ ആരവമില്ലായിരുന്നുവെങ്കിലും ആള്‍ക്കൂട്ടം തല്ലിക്കൊന്ന മൂവര്‍ക്കും നിഷേധിക്കപ്പെട്ടത് അവരുടെ ജീവിക്കാനുളള അവകാശമായിരുന്നു.
തബ്രീസിന്റെ കാര്യത്തില്‍ ലാല്ജിയെന്ന സുഹൃത്തിന്റെ വാക്കുകള്‍ കടമെടുത്തുക്കൊണ്ട് തന്നെ പറയട്ടെ ‘ആ കരച്ചിലിനിടയില്‍ നിങ്ങള്‍ വിളിച്ച് പറയുന്ന ദൈവ നാമങ്ങള്‍ വെറും അശ്ലീലമാണ്. കേള്‍ക്കാന്‍ കൊള്ളാത്ത തെറിയാണ്.’ആ വാക്കുകളോട് നൂറുശതമാനം യോജിച്ചുക്കൊണ്ട് തന്നെയാണ് ഇതെഴുതുന്നതും. ഇന്നിപ്പോള്‍ ഒരു കൂട്ടം മനോവൈകൃതമുള്ളവര്‍ ജയ് ശ്രീരാം വിളികളോടെ ഝാര്‍ഖണ്ഡില്‍ തച്ചുടച്ചുകൊന്ന തബ്രീസ് അന്‍സാരിയെന്ന 24 കാരനുവേണ്ടി മുതലക്കണ്ണീരൊഴുക്കുന്ന നിരവധിപ്പേരെ കാണുമ്പോള്‍,കൊന്നവരുമായി ചേര്‍ത്തുവച്ച് രാഷ്ട്രീയമുതലെടുപ്പ് നടത്താന്‍ ഒരുങ്ങുമ്പോള്‍ ചിലതെങ്കിലും പറയാതെ വയ്യ! അല്ല,ഓര്‍മ്മപ്പെടുത്താതെ വയ്യ!
വിശപ്പിന്, അടിസ്ഥാന ജൈവികാവശ്യത്തിന് കക്കുവാന്‍ നിര്‍ബന്ധിതനായ,മനസ്സിനു താളം തെറ്റിയ ഒരു മനുഷ്യനെ കാരുണ്യമില്ലാതെ തച്ചുക്കൊന്ന ഒരു ആള്‍ക്കൂട്ടം കേരളത്തിലേതായിരുന്നു.മര്‍ദ്ദിതര്‍ക്കും ചൂഷിതര്‍ക്കും വേണ്ടി പടുത്തുയര്‍ത്തപ്പെട്ട ‘പാവ ‘പ്പെട്ടവന്റെ പാര്‍ട്ടി ഭരിക്കുന്ന നാട്ടില്‍, ഇരട്ട ചങ്കുളള സഖാവ് ആഭ്യന്തരം കയ്യാളി ഭരിക്കുന്ന സാക്ഷര കേരളത്തില്‍, ഉത്തരേന്ത്യയിലെ ദളിത് പീഡനങ്ങള്‍ക്കെതിരെ തൂലിക പടവാളാക്കുന്ന സാംസ്കാരിക നായകന്മാരുടെ നാട്ടില്‍, ഫാസിസത്തിനെതിരെ ഉണ്ണാതുറങ്ങാതെ പട നയിക്കുന്ന യോദ്ധാക്കളുടെ നാട്ടില്‍, ഉയര്‍ന്ന ചിന്താഗതിയും ജീവിത നിലവാരവും പ്രബുദ്ധതയും അക്ഷരത്താളുകളില്‍ അലങ്കാരമാക്കിയ നാട്ടിലായിരുന്നു
ഒരു കാടിന്റെ മകനെ ഒരു നേരത്തെ വിശപ്പടക്കാന്‍ അതും അരകിലോയില്‍ താഴെ മാത്രം അരി മോഷ്ടിച്ചുവെന്ന കുറ്റത്തിനു ജനകീയ വിചാരണ ചെയ്ത് തല്ലിക്കൊന്നത്.
മാന്യതയുടെ പുറംതോടിനുളളില്‍ വൈകൃതങ്ങളൊളിപ്പിച്ച ഒരു ജനതയായി നമ്മള് എന്നേ മാറി കഴിഞ്ഞുവെന്നതിന്റെ തെളിവായിരുന്നു അന്നത്തെ ആ കൊലസെല്‍ഫി.
കൈലാസ് ജ്യോതി ബോറയെന്ന ആസാമി ചെറുപ്പക്കാരന്റെ ദാരുണ മരണവും ഒരു ആള്‍ക്കൂട്ടകൊലപാതകമായിരുന്നു.അത് അരങ്ങേറിയതും വാക്കിലും നോക്കിലും കെട്ടിലും മട്ടിലും പ്രബുദ്ധത അവകാശപ്പെടുന്ന നമ്മള് മലയാളികള്‍ക്കിടയിലായിരുന്നു.വെറുമൊരു സംശയത്തിന്റെ ആനുകൂല്യത്തില്‍,ഭാഷയും ദേശവും വേറെയായത് കൊണ്ട് മാത്രം,നമ്മളയാളെ കൈകാലുകള്‍ കെട്ടിയിട്ടു പൊരിവെയിലത്ത് കിടത്തി.പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ട 53 ക്ഷതങ്ങള്‍ കൊണ്ട് സ്വീകരിച്ചു..ഒന്നരദിവസമായി ഭക്ഷണം കഴിക്കാതിരുന്ന ഒരു സാധുമനുഷ്യന്റെ കത്തുന്ന വയറിനു ഭക്ഷണമായി നല്കിയതോ കനല്‍ക്കട്ടകള്‍ തിളങ്ങുന്ന പൊരിവെയിലും.എത്രമാത്രം സ്വപ്നങ്ങളും ചുമന്നുക്കൊണ്ടായിരിക്കാം ആസാമില്‍ നിന്നുള്ള വിവേകാ എക്സ്പ്രസ്സില്‍ ആ ചെറുപ്പക്കാരന് ഇവിടെയ്ക്ക് വന്നിട്ടുണ്ടാകുക??.ദൈവത്തിന്റെ സ്വന്തം നാടിന്റെ നന്മകളില് വിശ്വാസം തോന്നിയത് കൊണ്ടാവാം അവന് ഇവിടെയ്ക്ക് വണ്ടികയറിയത്..എന്നാല്‍ മരണത്തിലേക്കുള്ള യാത്രയാണ് അതെന്നു അവനൊരിക്കലും ഓര്‍ത്തിട്ടുണ്ടാവില്ല..അക്ഷരനഗരിയില്‍ കാലുകുത്തുമ്പോള്‍,അവനൊരിക്കലും മനസ്സില്‍ പോലും ഓര്‍ത്തുകാണില്ല അക്ഷരങ്ങള്‍ ജ്വലിപ്പിച്ച മനസ്സുകളില്‍ പക്ഷേ കരുണയുടെ കണികകള്‍ കുറവായിരുന്നുവെന്ന്.ആ പൊരിവെയിലത്ത് ഒരു പാവം മനുഷ്യനെ കൈയും കാലും കെട്ടിയിട്ടു തല്ലിയ ആ ആള്‍ക്കൂട്ടത്തോളം കൊടിയപാപികള്‍ വേറെ ആരും ഉണ്ടാവില്ല തന്നെ.
ബംഗാള്‍ സ്വദേശിയായ മണിയെന്ന യുവാവിനു കൊല്ലം ജില്ലയിലെ അഞ്ചലില്‍ വച്ച് ആള്‍ക്കൂട്ടവിചാരണ നേരിടേണ്ടി വന്നത് വിലയ്ക്കു വാങ്ങിയ ഒരു കോഴിയെ കൈവശംവച്ചതിനാണ്.ജോലി കഴിഞ്ഞ് വരുന്ന സമയത്ത് സമീപത്തെ വീട്ടില്‍ നിന്നും കോഴികളെ വാങ്ങി വീട്ടിലേക്ക് പോകുകയായിരുന്ന മണിയെ ചിലര്‍ വഴിയില്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് മണി കോഴിയെ മോഷ്ടിച്ച് വരികയാണെന്ന് ആരോപിച്ച് മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ മണിയുടെ നിലവിളികേട്ട് നാട്ടുകാരും മണിക്ക് കോഴിയെ നല്കിയ വീട്ടുകാരും ഓടിയെത്തിയപ്പോഴേക്കും മണി ദേഹമാസകലം ചോരയില്‍ കുളിച്ച് റോഡില്‍ വീണ് കിടക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മണി മരണത്തിനു കീഴടങ്ങുകയായിരുന്നു.ആ മണിയെ തച്ചുടച്ചുക്കൊല്ലാന്‍ കൂട്ടുനിന്ന ഒരാളുടെ സഹോദരി ഇന്ന് തബ്രീസിനുവേണ്ടി കരയുന്നത് കാണുമ്പോള്‍ ആ മനസ്സിന്റെ നന്മയോര്ത്ത് സന്തോഷിക്കേണ്ടതാണ്.പക്ഷേ പോസ്റ്റിനുള്ളിലെ രാഷ്ട്രീയപാപ്പരത്തം കാണുമ്പോള്‍ സഹതപിക്കാനേ കഴിയുന്നുള്ളൂ.
ലോകത്തില്‍ സഹജീവിയെ തച്ചുകൊല്ലുന്ന ആള്‍ക്കൂട്ടം രണ്ടുതരമുണ്ട്. ഒന്നാമത്തേത് ‘സാമൂഹ്യപരമായി വികലമായി വളര്‍ത്തപ്പെട്ട ആള്‍ക്കൂട്ടമാണ്.അവരാണ് മോഷ്ടിക്കുന്നവരെയും യാചകരെയും തങ്ങളുടെ സംശയദൃഷ്ടിക്കുള്ളില്‍ എത്തുന്നവരെയും വിചാരണചെയ്ത് തച്ചുടയ്ക്കുന്ന ആള്‍ക്കൂട്ടം.അതിനവരെ പ്രാപ്തരാക്കുന്നത് അവര്‍ വളര്‍ന്നുവന്ന സാമൂഹികപരിസരങ്ങളും.മോഷ്ടാക്കളെയും ദുര്‍ബ്ബലവിഭാഗത്തില്‍പ്പെട്ടവരെയും യാചകരെയുമൊക്കെ സംശയദൃഷ്ടിയോടെ നോക്കിക്കാണുന്ന വിശപ്പിനായോ അതിജീവനത്തിനായോ നടത്തുന്ന ചെറിയ മോഷണങ്ങളെ തിരിച്ചറിയാന്‍ കഴിയാത്തതും തിരിച്ചറിഞ്ഞാല്‍ തന്നെ ക്ഷമിക്കാന്‍ കഴിയാത്ത സാമൂഹ്യപരമായി വളര്‍ന്നിട്ടില്ലാത്ത പ്രാകൃതമനസ്സുള്ള ആള്‍ക്കൂട്ടം.ഇത്തരക്കാര്‍ക്ക് തങ്ങളേക്കാള്‍ ഉയര്‍ന്ന വിഭാഗത്തിലുള്ളവര്‍ നടത്തുന്ന വന്‍ അഴിമതികളെ കണ്ടില്ലെന്നു നടിക്കാനും പ്രതികരിക്കാതിരിക്കാനുമുള്ള കെല്പുണ്ട് താനും.ഇക്കൂട്ടരില്‍പ്പെട്ടവരാണ് സദാചാരത്തിന്റെ പേരിലും കൊലപാതകം നടത്തുന്നത്.മധുവിനെയും കൈലാസിനെയും മണിയെയും കൊന്ന ആള്‍ക്കൂട്ടത്തില്‍ വിവിധരാഷ്ട്രീയത്തില്‍പ്പെട്ടവരുണ്ടായിരുന്നു.വ്യത്യസ്ത മതത്തില്‍പ്പെട്ടവരുണ്ടായിരുന്നു.വിദ്യാസമ്പന്നരും പ്രബുദ്ധരുമുണ്ടായിരുന്നു.എന്നിട്ടും നമ്മളവരെ തച്ചുടച്ചുക്കൊന്നുകളഞ്ഞു.
രണ്ടാമത്തെ തരം ആള്‍ക്കൂട്ടം രാഷ്ട്രീയവും മതവും തലയ്ക്കുപ്പിടിച്ച മനോവൈകൃതമുള്ള ആള്‍ക്കൂട്ടമാണ്.അവരാണ് അഷ്കലിനെയും തബ്രീസ് അന്‍സാരിയെയും കൊന്ന ആള്‍ക്കൂട്ടം.ഇത്തരക്കാരാണ് ഗോസംരക്ഷകരെന്ന പേരില്‍ ഇതരമതസ്ഥരെ ജയ് ശ്രീരാം വിളികളോടെ കൊല്ലുന്ന മനസാക്ഷി പണയം വച്ച ആള്‍ക്കൂട്ടം.വിവേകവും എമ്പതിയുമില്ലാത്ത അന്ധമായ സോഷ്യല്‍ കണ്ടീഷനിംഗാണ് ഇവിടെ വില്ലനാവുന്നത്.മതത്തിലെ അന്ധമായ വിശ്വാസം ഓരോ വ്യക്തിയിലേയ്ക്കും വര്‍ഷങ്ങളിലൂടെ പകരുന്ന ആശയങ്ങളാണ് അവരെ പിന്നീട് ഒരാള്‍ക്കൂട്ടമായി വളര്‍ത്തുന്നത്. ഇതിനു പിന്നില്‍ ഒരു രാഷ്ട്രീയപ്രസ്ഥാനത്തെ മാത്രം പ്രതിക്കൂട്ടിലാക്കാന്‍ കഴിയില്ല.കാരണം മതമെന്ന മദയാന കാലങ്ങളായി ഇവരില്‍ വളര്‍ത്തിയെടുത്ത നെഗറ്റീവ് അപ്രോച്ചാണത്.അതില്‍ മതപരവും ജാതീയവും സാമൂഹ്യപരവുമായ ഘടകങ്ങളുണ്ട്.ദൈവമെന്ന സങ്കല്പത്തെ പ്പോലും വികലമാക്കുന്നതാണ് ഇത്തരക്കാരുടെ ആക്രോശവും ക്രൂരതയും.മനസാക്ഷിപ്പണയം വച്ച ഇത്തരക്കാരെ ന്യായീകരിക്കുന്നവരും അതേ മനോവ്യാപാരത്തിലൂടെ സഞ്ചരിക്കുന്നവരാണ്.
തബ്രീസെന്ന ഝാര്‍ഖണ്ഡുകാരനുവേണ്ടി കരയുന്ന നമ്മള് തച്ചുടച്ചുകൊന്ന കൈലാസും മണിയുമൊക്കെ ദൈവത്തിന്റെ നാട്ടില്‍ വന്നത് ജീവിക്കാനുളള സ്വപ്നവും പേറിയാണ്.ആടുജീവിതത്തിലെ നജീമിനെയോര്‍ത്തു കരഞ്ഞവരായിരുന്നു നമ്മള്..ഗദ്ദാമയിലെ അശ്വതിയെ ഓര്‍ത്തും പത്തേമാരിയിലെ നാരായണനെ കണ്ടും മനസ്സ് വിലപിച്ചവരായിരുന്നു നമ്മള്..പക്ഷേ കടലാസ്സില്‍ കോറിയിട്ട അക്ഷരങ്ങളിലെ നജീമിനെയും വെള്ളിത്തിരയില്‍ മിന്നിയ അശ്വതിയെയും നാരായണനെയും മാത്രമായിരുന്നു നമ്മള് കണ്ടത്..വെറും നിഴലിനെ നോക്കി മാത്രമായിരുന്നു കണ്ണുനീര് വാര്‍ത്തത്.അല്ലായിരുന്നുവെങ്കില്‍ പ്രാരാബ്ദത്തിന്റെ മാറാപ്പും ചുമന്നുകൊണ്ടു ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനായി ഇവിടെ വന്നവരെ നമ്മള് കൊല്ലില്ലായിരുന്നു.
അഷ്കലും തബ്രീസും മധുവും കൈലാസും മണിയുമൊക്കെ ഒന്നാണ്.അവരെ തച്ചുടച്ചത്,ജീവിക്കാനുള്ള അവരുടെ അവകാശത്തെ നിഷേധിച്ചവരെല്ലാം കൊലപാതകികളാണ്.ജയ്ശ്രീരാം വിളികളോടെ ഒരാളെ അടിച്ചുകൊല്ലുന്നതും മോഷണം ആരോപിച്ചുകൊല്ലുന്നതും വിശപ്പിനു നാഴി അരി മോഷ്ടിച്ചവനെ തല്ലികൊല്ലുന്നതും ഒരേ തരത്തിലുള്ള കൊലപാതകമാണ്.ഇവിടെ കൊല്ലുന്നവര്‍ മറന്നുപോകുന്ന ഒരു സത്യമുണ്ട്.കൊല്ലപ്പെടുന്നവരും തങ്ങളെപ്പോലെ മാംസവും മജ്ജയും ഉള്ളവരാണെന്നും അവരുടെ പേരും മനുഷ്യരാണെന്നും അവര്ക്കുംകൂടിയുള്ളതാണ് ഈ ഭൂമിയെന്നുമുള്ള സത്യം.
Post Your Comments