Latest NewsSaudi ArabiaGulf

ദമ്മാമിലെ പ്രവാസി സംഘടനാനേതാക്കൾ, ഇന്ത്യൻ സ്ഥാനപതിയുമായി കൂടിക്കാഴ്ച നടത്തി

അൽ ഖോബാർ: ചുമതല ഏറ്റെടുത്ത ശേഷം, കിഴക്കൻ പ്രവിശ്യയിൽ ആദ്യമായി സന്ദർശനത്തിന് എത്തിയ സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസ്സിഡർ ഡോ: യൂസഫ് സയ്യിദിനെ, കിഴക്കൻ പ്രവിശ്യയിലെ മലയാളി പ്രവാസി സംഘടനകളുടെ ഭാരവാഹികൾ സന്ദർശിച്ചു. ഇന്ത്യൻ പ്രവാസികൾ നേരിടുന്ന പ്രധാനപ്രശ്നങ്ങളും ആവശ്യങ്ങളും ഉൾപ്പെടുത്തിയ നിവേദനം നൽകുകയും, വിവിധ വിഷയങ്ങളെക്കുറിച്ച് അദ്ദേഹവുമായി വിശദമായ ചർച്ച നടത്തുകയും ചെയ്തു.

ദമ്മാമിലെ പ്രധാനപ്പെട്ട പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ ‘എക്സ്പാട്രിയേറ്റ് ജോയിന്റ് ഫോറം”ത്തിന്റെ തീരുമാനമാനമനുസരിച്ചാണ് സന്ദർശനം നടത്തിയത്.
നവോദയ കേന്ദ്രകമ്മിറ്റി പ്രസിഡന്റ് പവനൻ മൂലക്കീൽ, നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസിമോഹൻ.ജി, ഒ.ഐ.സി.സി റീജണൽ പ്രസിഡന്റ് ബിജു കല്ലുമല, കെ.എം.സി.സി കിഴക്കൻ പ്രവിശ്യ ജനറൽ സെക്രട്ടറി അലിക്കുട്ടി ഒളവട്ടൂർ എന്നിവരാണ് പ്രതിനിധിസംഘത്തിൽ ഉണ്ടായിരുന്നത്.

കോബാർ ഇന്റർകോണ്ടിനെന്റൽ ഹോട്ടലിൽ വെച്ചു നടന്ന ചർച്ച, ഒരു മണിക്കൂറോളം നീണ്ടു. ഇന്ത്യൻ എംബസ്സി കമ്മ്യുണിറ്റി വെൽഫെയർ കൗൺസിലർ ദേശ്ബന്ധു ഭാട്ടിയയും ചർച്ചയിൽ പങ്കെടുത്തു.കിഴക്കൻ പ്രവിശ്യയിലെ ഇന്ത്യൻ പ്രവാസികൾ നേരിടുന്ന പ്രശ്‍നങ്ങൾ പരിഹരിയ്ക്കുന്നതിനായി പതിനാല് ആവശ്യങ്ങളാണ് പ്രതിനിധിസംഘം ഇന്ത്യൻ സ്ഥാനപതിയുടെ മുന്നിൽ വെച്ചത്.

റിയാദിലും, ജിദ്ദയിലും ഉള്ളത് പോലെ ദമ്മാമിലും ഇന്ത്യൻ എംബസ്സിയുടെ ഓഫിസ് തുടങ്ങണമെന്ന ആവശ്യം നടപ്പാക്കാനായി പരിശ്രമിയ്ക്കുമെന്നും,അതിനായി സൗദി സർക്കാരിന്റെ അനുമതി തേടുമെന്നും സ്ഥാനപതി പറഞ്ഞു. ജയിലിൽ കഴിയുന്ന ഇന്ത്യക്കാരുടെ കേസുകൾ പരിഹരിയ്ക്കുന്നതിനായി, നിലവിൽ മൂന്ന് മാസത്തിൽ ഒരിയ്ക്കൽ മാത്രം ജയിൽ സന്ദർശനം നടത്തുന്ന ഇന്ത്യൻ എംബസ്സി സംഘം, ഇനി മുതൽ എല്ലാ മാസവും സന്ദർശനം നടത്തുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.

സൗദിയിൽ ഒരു പ്രവാസിയ്ക്ക് സ്വാഭാവിക മരണം സംഭവിച്ചാൽ, മൃതദേഹം നാട്ടിലേയ്ക്ക് കയറ്റി അയയ്ക്കുന്നതിന് ഒന്പതോളം സർക്കാർ വകുപ്പുകളിലായി ഒരുപാടു അനുമതികൾ നേടേണ്ട അവസ്ഥ കാരണം, വലിയ കാലതാമസം ഉണ്ടാകാറുണ്ട്. അസ്വാഭാവിക മരണമാണെങ്കിൽ ഇത് മാസങ്ങൾ നീളുന്ന കാലതാമസം ഉണ്ടാക്കുന്നു. സൗദിയിൽ എല്ലാ സർക്കാർ കാര്യങ്ങളും ഓൺലൈനിലായി മാറിക്കൊണ്ടിരിയ്ക്കുന്ന ഈ കാലത്ത്, മൃതദേഹം നാട്ടിൽ അയയ്ക്കാനുള്ള അനുമതിയ്ക്കായി ഒരു ഏകജാലക സമ്പ്രദായം കൊണ്ടുവരണമെന്നും, അസ്വാഭാവിക മരണമാണെങ്കിൽ പോസ്റ്റ്മോർട്ടം കഴിഞ്ഞ റിസൾട്ട് കിട്ടിയ ഉടനെത്തന്നെ മറ്റു നടപടികൾക്ക് കാത്തിരിയ്ക്കാതെ മൃതദേഹം നാട്ടിലയയ്ക്കാൻ അനുമതി നൽകണമെന്നും ഉള്ള ആവശ്യങ്ങൾ പ്രതിനിധിസംഘം ഉന്നയിച്ചു. ഇക്കാര്യങ്ങൾ സൗദി സർക്കാരുമായി ചർച്ച നടത്തി, നടപ്പാക്കാൻ സമ്മർദ്ദം ചെലുത്തുമെന്ന് സ്ഥാനപതി പറഞ്ഞു.

ദമ്മാമിൽ നിന്നും കേരളത്തിലേയ്ക്ക് നേരിട്ട് വിമാന സർവ്വീസ് ഇല്ലാത്ത അവസ്ഥ, പ്രവാസികളുടെ ഏറ്റവും വലിയ തലവേദനയായ നാട്ടിലേയ്ക്കും തിരിച്ചുമുള്ള വിമാനടിക്കറ്റിന്റെ വൻവിലവർദ്ധന, എന്നിവ പരിഹരിയ്ക്കുന്നതിന് ഇന്ത്യൻ എംബസ്സി കേന്ദ്രവ്യോമയാന മന്ത്രാലയവുമായും, വിവിധ വിമാനകമ്പനികളുമായി ബന്ധപ്പെട്ട് നയപരമായി ഇടപെടണമെന്ന് പ്രതിനിധികൾ അഭ്യർത്ഥിച്ചു. അതിനായി പരിശ്രമിയ്ക്കുമെന്നും, കേരളത്തിലേയ്ക്ക് നേരിട്ട് സർവ്വീസ് തുടങ്ങാൻ, സൗദി എയർലൈൻസ് അധികൃതരോട് അഭ്യർത്ഥിയ്ക്കുമെന്നും അംബാസിഡർ ഉറപ്പ് നൽകി.

ഹുറൂബിൽ ആയ വ്യക്തിയുടെ ആശ്രിതർ പാസ്സ്‌പോർട്ട് പുതുക്കുന്നതിന് അപേക്ഷിച്ചാൽ, മറ്റു രേഖകൾക്ക് ഒപ്പം സ്‌പോൺസറുടെ ശുപാർശകത്തും നൽകണമെന്ന വിചിത്രമായ ആവശ്യം, ഇന്ത്യൻ പാസ്സ്‌പോർട്ട് ഓഫിസ് അധികൃതർ ഇപ്പോൾ മുന്നോട്ട് വയ്ക്കുന്നത്, സംഘടനപ്രതിനിധികൾ അംബാസിഡറുടെ ശ്രദ്ധയിൽ പെടുത്തി. ഇതുമൂലം പല കുട്ടികൾക്കും, വനിതകൾക്കും പാസ്സ്‌പോർട്ട് പുതുക്കാനാകാത്ത അവസ്ഥയാണ്. ഒരു ഇന്ത്യൻ പൗരന് പാസ്സ്‌പോർട്ട് പുതുക്കാൻ സൗദി പൗരന്റെ ശുപാർശകത്ത് വേണമെന്നത് തെറ്റായ കീഴ്വഴക്കമാണെന്ന വാദത്തെ അംഗീകരിച്ച അദ്ദേഹം, ആ സമ്പ്രദായം നിർത്തലാക്കാമെന്ന് ഉറപ്പ് നൽകി.

പൂട്ടിപ്പോകുന്ന കമ്പനികളിലെ തൊഴിലാളികൾ നേരിടുന്ന മനുഷ്യാവകാശവിരുദ്ധമായ പ്രശ്‍നങ്ങൾ, നിതാഖാത്ത് മൂലം ഉണ്ടാകുന്ന തൊഴിലാളി പ്രശ്നങ്ങൾ, പ്രവാസി പുനഃരധിവാസം, ദമ്മാം ഇന്റർനാഷണൽ ഇന്ത്യൻ സ്ക്കൂളിലെ മാനേജ്‌മെന്റ് പ്രശ്നങ്ങൾ, അക്കാദമിക സൗകര്യങ്ങളുടെ അപര്യാപ്തത, സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അജീർ സിസ്റ്റവുമായി ബന്ധപ്പെട്ട് ടീച്ചർമാരുടെ മേൽ സ്ക്കൂൾ അടിച്ചേൽപ്പിയ്ക്കാൻ പോകുന്ന സാമ്പത്തിക ബാധ്യത, സ്ക്കൂൾ ഓഡിറ്റോറിയം ഇന്ത്യൻ സമൂഹത്തിന്റെ വിദ്യാഭ്യാസപരമായ പൊതുപരിപാടികൾക്കും വിട്ടു നൽകുക എന്ന ആവശ്യം, ഇന്ത്യൻ സമൂഹത്തിന്റെ ഉന്നമനത്തിനായുള്ള നിർദ്ദേശങ്ങൾ തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ച് വിശദമായ ചർച്ച നടന്നു.

വളരെ സൗഹാർദ്ദപരമായി നടന്ന ചർച്ചയ്ക്ക് ഒടുവിൽ, എല്ലാ വിഷയങ്ങളിലും പരിഹാരം ഉണ്ടാക്കാൻ, അംബാസിഡർ എന്ന പദവിയ്ക്കും അപ്പുറം, വ്യക്തിപരമായിത്തന്നെ താൻ മുൻകൈ എടുക്കുമെന്ന് ഡോ: യൂസഫ് സയ്യിദ് സംഘടനാപ്രതിനിധികൾക്ക് ഉറപ്പ് നൽകി. പുതിയ പല വിഷയങ്ങളും തന്റെ ശ്രദ്ധയിൽപെടുത്തിയതിനും, ഇന്ത്യൻ സമൂഹത്തിനായുള്ള നല്ല നിർദ്ദേശങ്ങൾക്കും അദ്ദേഹം നന്ദി പറഞ്ഞു.

അംബാസിഡറുമായി നടത്തിയ ചർച്ചയിൽ പൂർണ്ണതൃപ്തി ഉണ്ടെന്നും, ഈ വിഷയങ്ങളിൽ ഇനിയും അദ്ദേഹവുമായും, റിയാദ് എംബസ്സിയുമായും ബന്ധപ്പെട്ട് തുടരന്വേഷണം നടത്തുമെന്നും എക്സ്പാട്രിയേറ്റ് ജോയിന്റ് ഫോറം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button