ന്യൂഡല്‍ഹി : ഇറാനും യുഎസും തമ്മിലുള്ള സംഘര്‍ഷം കാരണം യുദ്ധഭീഷണി നിലനില്‍ക്കുന്ന പേര്‍ഷ്യന്‍ ഗള്‍ഫ്, ഗള്‍ഫ് ഓഫ് ഒമാന്‍ ഭാഗത്തും ഇറാനു മുകളിലുമുള്ള വ്യോമപ്രദേശം വഴിയുള്ള എല്ലാ വിമാന സര്‍വീസുകളും വഴിമാറിപ്പോകാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നിര്‍ദേശം നല്‍കി. ഇന്ത്യയില്‍നിന്ന് യൂറോപ്പിലേക്കും യുഎസിലേക്കുള്ള എല്ലാ വിമാനങ്ങളും റൂട്ട് മാറ്റിയാണു പോകുന്നത്.
പാക്കിസ്ഥാനു മുകളിലൂടെ പറക്കാന്‍ അനുമതി ഇല്ലാത്തതിനാല്‍ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ ഫെബ്രുവരി മുതല്‍ റൂട്ട് മാറി പറക്കുന്നതിന് പുറമേയാണ് പുതിയ നടപടി. ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ ഇനി ഇറാനെ കൂടി ഒഴിവാക്കാനായി സൗദി അറേബ്യയ്ക്കും തുര്‍ക്കിക്കും മുകളിലൂടെ പറക്കേണ്ടി വരും.
ഹോര്‍മുസ്, പേര്‍ഷ്യന്‍ കടലിടുക്കുകളിലൂടെ ഇന്ത്യയിലേക്ക് ധാരാളം കപ്പലുകള്‍ ചരക്കുകളും ക്രൂഡോയിലുമായി വരുന്നുണ്ട്. ഇവയ്‌ക്കെല്ലാം നാവികസേന സുരക്ഷ ഏര്‍പ്പെടുത്തി. ഇറാന്‍ യുഎസ് സംഘര്‍ഷം തുടങ്ങിയതോടെ ക്രൂഡോയില്‍ വിലയും ഉയരുകയാണ്.
ഇതോടൊപ്പം ഇറാന്‍ ഭാഗത്തു കൂടി കടന്നു പോകുന്ന ഇന്ത്യന്‍ കപ്പലുകള്‍ക്ക് സുരക്ഷ നല്‍കാന്‍ നാവികസേന നടപടി തുടങ്ങി. ”ഓപ്പറേഷന്‍ സങ്കല്‍പ് ‘എന്നാണ് ഇത് അറിയപ്പെടുക. ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് സുകന്യ എന്നീ രണ്ടു കപ്പലുകളെയും ഈ ഭാഗത്തേക്കു നിയോഗിച്ചു. ഗള്‍ഫ് മേഖലയിലൂടെ കടന്നു പോകുന്ന എല്ലാ കപ്പലുകളെയും ഗുരുഗ്രാമിലെ ദി ഇന്‍ഫര്‍മേഷന്‍ ഫ്യൂഷന്‍ സെന്റര്‍ നിരീക്ഷിക്കാനും തുടങ്ങി.
Post Your Comments