ജോര്‍ജ്ജിയ: റഷ്യയില്‍ നിന്നും ജോര്‍ജ്ജിയയിലേക്കുള്ള വിനോദ സര്‍വ്വീസുകള്‍ ഉൾപ്പെടെ എല്ലാ സർവീസുകളും നിർത്തിവെയ്ക്കാനൊരുങ്ങുന്നു. റഷ്യന്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമാകുന്ന സാഹചര്യത്തിലാണിത്. ജൂലൈ 8 മുതലാണ് റഷ്യന്‍ എയര്‍ലൈന്‍സിന്റെ വിമാന സര്‍വ്വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തലാക്കുക. ഇത് സംബന്ധിച്ച ഉത്തരവില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ ഇന്ന് ഒപ്പുവെച്ചു.
പ്രതിഷേധം നടക്കുന്നതിനാല്‍ സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനം എന്നാണ് പ്രസിഡന്റിന്റെ ഓഫീസില്‍ നിന്നും ലഭിക്കുന്ന വിശദീകരണം. എന്നാല്‍ റഷ്യന്‍ വിരുദ്ധ പ്രതിഷേധത്തിനെതിരായ പുടിന്റെ പ്രതികാര നടപടിയായാണ് ഇതിനെ വിലയിരുത്തുന്നത്. റഷ്യന്‍ ട്രാവല്‍ ഏജന്‍സികള്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് വിവരം.
റഷ്യന്‍ പാര്‍ലമെന്റംഗം വ്യാഴാഴ്ച്ച നടന്ന പാര്‍ലമെന്റ് സമ്മേളനത്തിലെ ഒരു സെഷനില്‍ സെര്‍ജി ഗാവ്റിലോവിനെ അധ്യക്ഷനാക്കിയതോടെയാണ് ജോര്‍ജ്ജിയയില്‍ റഷ്യന്‍ വിരുദ്ധ പ്രക്ഷോഭം ആരംഭിച്ചത്. പ്രതിഷേധത്തില്‍ പൊലീസുകാരുള്‍പ്പെടെ ഇരുനൂറിലധികം പേര്‍ക്ക് ഇതിനോടകം പരുക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രിയും ജോര്‍ജ്ജിയന്‍ പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധം നടന്നു.
Post Your Comments