ബിഹാര്‍: മുസഫര്‍പൂരില്‍ മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം 150 ആയി. ചികിത്സ തേടി എത്തിയവരാല്‍ നിറഞ്ഞിരിക്കുകയാണ് ശ്രീകൃഷ്ണ, കെജ്രിവാള് ആശുപത്രികള്‍. 16 ജില്ലകളില്‍ നിന്നായി 600ല്‍ അധികം രോഗികള്‍ ചികിത്സയിലുണ്ട്.
രോഗം ആരംഭത്തിലെ മനസിലാക്കുന്നതിന് ബോധവല്‍ക്കരണമോ ചികിത്സ സൗകര്യമോ ഇല്ലെന്ന് ആരോപിച്ചുള്ള പ്രദേശവാസികളുടെ പ്രതിഷേധം തുടരുകയാണ്. ഇതിനിടെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളജിലെ സീനിയര്‍ റെസിഡന്റ് ഡോക്ടര്‍ ഭീംസെന്കുമാറിനെ സസ്പെന്ഷന്റ് ചെയ്തു. ജോലിയില്‍ വീഴ്ച വരുത്തി എന്ന് കാണിച്ചാണ് സസ്പെന്ഷന്. കഴിഞ്ഞ 19 നാണ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് ഭീംസെന്നിനെ ആരോഗ്യ വകുപ്പ് ശ്രീ ക്യഷ്ണ ആശുപത്രിയിലേക്ക് അയച്ചത്.
അതേസമയം സംഭവത്തില്‍ വ്യാപകമായ പ്രതിഷേധമാണ് സര്‍ക്കാരിനെതിരെ ഉയരുന്നത്. ഈ മാസം 24ന് ആര്.ജെ.ഡിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് പ്രതിഷേധസമരം നടത്തും. ബീഹാര്‍ ആരോഗ്യമന്ത്രി മംഗള്‍ പാഢ്യക്കെതിരെ കഴിഞ്ഞ ദിവസം ഹിന്ദുസ്ഥാനി ആവ മോര്‍ച്ചയും ജന്‍ അധികാര്‍ പാര്‍ട്ടി ലോക താന്ത്രികും കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു.
കൂടാതെ ശ്രീകൃഷ്ണ ആശുപത്രി പരിസരത്ത് അസ്ഥിക്കൂടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ ആശുപത്രി അധികൃതര്‍ ആരോഗ്യ മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്കി. മറവ് ചെയ്ത അജ്ഞാത മൃതദേഹങ്ങളുടെ അസ്ഥികള്‍ പുറത്ത് വന്നതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചുമതലപ്പെട്ട വകുപ്പുകളോട് ജില്ലാ മജിസ്ട്രേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments