ചെന്നൈ: കടുത്ത വരള്ച്ചയെത്തിയതോടെ തമിഴ്നാട്ടില്‍ കുടിവെള്ളം കിട്ടാക്കനിയായി. ജലക്ഷാമം രൂക്ഷമായതോടെ ജയലളിത നടപ്പിലാക്കിയ പല സ്വപ്ന പദ്ധതികളും പാതിവഴിയില്‍ നിലച്ചു. അമ്മ ഉണവകവും അമ്മ കുടിനീരും പ്രതിസന്ധിയിലാണ്. ആളുകള്‍ക്ക് സൗജന്യമായി വെള്ളം ലഭിച്ചിരുന്ന അമ്മ കുടിനീര് പ്ലാന്റുകള്‍ ഭൂരിഭാഗവും തല്‍ക്കാലത്തേക്ക് അടച്ചുപൂട്ടി. മൂന്ന് നേരവും ഭക്ഷണം വിളമ്പിയിരുന്ന അമ്മ ക്യാന്റീനുകള്‍ പ്രവര്‍ത്തന സമയം വെട്ടിച്ചുരുക്കി.
നിസാര വിലയ്ക്ക് മൂന്ന് നേരവും ഭക്ഷണം വിളമ്പിയിരുന്ന അമ്മ ഉണവകങ്ങളില്‍ ഭൂരിഭാഗവും ഇപ്പോള്‍ തുറക്കുന്നത് ഉച്ചയ്ക്ക് ശേഷം മാത്രമാണ്. കരാര്‍ അടിസ്ഥാനത്തില്‍ സത്രീകളുടെ കൂട്ടായ്മയാണ് ഭൂരിഭാഗം ഉണവകത്തിന്റെയും നടത്തിപ്പുകാര്‍. കാന്റീനുകളുടെ നടത്തിപ്പിന് ആവശ്യമായ വെള്ളം ലഭിക്കാത്തതിനാലാണ് പ്രവര്‍ത്തന സമയം വെട്ടിച്ചുരുക്കിയിരിക്കുന്നത്. പാചകത്തിനും പാത്രം കഴുകുന്നതിനും പോലും വെള്ളമില്ലാത്ത അവസ്ഥയാണിവിടെ. ഭക്ഷണ വിഭവങ്ങളും പരിമിതപ്പെടുത്തി.
ചെന്നൈ നഗരത്തിന്റെ ദാഹം അകറ്റിയിരുന്ന അമ്മ കുടിനീര് പദ്ധതിയും പ്രതിസന്ധിയിലാണ്. ചെന്നൈയുടെ വിവിധ ഇടങ്ങളില്‍ നൂറോളം അമ്മ കുടിനീര് ഔട്ട്ലറ്റുകളാണുള്ളത്. സൗജന്യമായി വെള്ളം നല്‍കിയിരുന്ന അമ്മ കുടിനീര് പ്ലാന്റുകള്‍ നഗരത്തില്‍ പലയിടങ്ങളിലും ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്. ആര്‍ക്കും ശുദ്ധമായ കുടിവെള്ളം സൗജന്യമായി ലഭിച്ചുരുന്നു ഇവിടെ. ഒപ്പം ഒരു കുടുംബത്തിന് ഇരുപത് ലിറ്റര്‍ വെള്ളം വരെ നല്‍കിയിരുന്ന കുടിനീര് പ്ലാന്റുകള്‍ പലതും പൂട്ടുകയും ചെയ്തു.
Post Your Comments