തിരുവനന്തപുരം : ഇടതു പക്ഷത്തെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ് ബിനോയ് കോടിയേരി, ആന്തൂര്‍ വിവാദങ്ങള്‍. ഇതിനിടയില്‍ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് അന്തിമമാക്കുന്നതിനുള്ള സെക്രട്ടറിയേറ്റ് യോഗം നാളെ തുടങ്ങും. തുടര്‍ന്ന് രണ്ട് ദിവസത്തേക്ക് സംസ്ഥാന കമ്മിറ്റി യോഗവും ചേരുന്നുണ്ട്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പാര്‍ട്ടി നേതൃത്വം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും നാളെ ആരംഭിക്കുന്ന നേതൃയോഗങ്ങളില്‍ ഈ വിഷയം ഉയര്‍ന്ന് വരാനാണ് സാധ്യത.
വ്യക്തിപരമായ വിഷയമായി കണ്ടാല്‍ മതിയെന്നും പാര്‍ട്ടി അതിന് മറുപടി പറയേണ്ടതില്ലെന്നുമാണ് ആദ്യം നേതൃതലത്തിലുണ്ടായ ധാരണ. നിയമപരമായ നടപടികള്‍ പുരോഗമിക്കുന്നത് കൊണ്ട് വിവാദവുമായി ബന്ധപ്പെട്ട് മറ്റ് പ്രതികരണങ്ങള്‍ നടത്തേണ്ടെന്ന ധാരണയുണ്ടായേക്കും. ലോക്‌സഭ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി ബൂത്ത് തലം വരെ പരിശോധിക്കാന്‍ ഈ മാസം ആദ്യം ചേര്‍ന്ന സംസ്ഥാന നേതൃയോഗങ്ങള്‍ തീരുമാനിച്ചിരിന്നു. ബുത്ത് തലം വരെയുള്ള റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച ശേഷമായിരിക്കും തോല്‍വിയുടെ കാരണങ്ങളും, നിലവിലെ തിരിച്ചടി മറികടക്കാനുള്ള തിരുത്തല്‍ നടപടികളും പാര്‍ട്ടി തീരുമാനിക്കുന്നത്.
ഏതെങ്കിലും മണ്ഡലത്തിലെ തോല്‍വി പരിശോധിക്കാന്‍ കമ്മീഷനെ നിയോഗിക്കണമെങ്കില്‍ അക്കാര്യത്തിലും മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന നേതൃയോഗങ്ങളില്‍ തീരുമാനമുണ്ടാകും. അതോടൊപ്പം ആന്തൂരിലെ പ്രവാസിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദവും യോഗത്തിന്റെ പരിഗണനക്ക് വരും. സിപിഎം ഭരിക്കുന്ന സ്ഥലത്ത് വ്യവസായത്തിന് അനുമതി നല്‍കാന്‍ വൈകിയതിന്റെ പേരില്‍ ഒരാള്‍ ആത്മഹത്യ ചെയ്തത് സര്‍ക്കാരിന് തിരിച്ചടിയുണ്ടാക്കിയെന്ന വിലയിരുത്തല്‍ പാര്‍ട്ടിക്കുണ്ട്. ഉദ്യോഗസ്ഥര്‍ക്കെതിരെ വേണ്ടവിധത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
Post Your Comments