Latest NewsKerala

ബാലഭാസ്‌കറിന്റെ മരണം; വാഹനം ഓടിച്ചതാരെന്നു കണ്ടെത്താന്‍ പുതുവഴി തേടി ക്രൈം ബ്രാഞ്ച്

തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തില്‍ പെടുന്ന സമയത്ത് കാറോടിച്ചത് ആരാണെന്നതിനെ സംബന്ധിച്ച് വ്യക്തതവരുത്തുന്നതിനായി കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഡിഎന്‍എ പരിശോധന നടത്താനൊരുങ്ങുന്നു. പള്ളിപ്പുറത്തെ അപകട സമയത്തു വാഹനം ഓടിച്ചതാരാണെന്നു കണ്ടെത്താന്‍ ഡ്രൈവിങ് സീറ്റില്‍ നിന്നു ശേഖരിച്ച രക്തസാംപിളുകളും മുടിയും ഡിഎന്‍എ പരിശോധനയ്ക്കു വിധേയമാക്കും. ഫൊറന്‍സിക് സംഘം വാഹനത്തില്‍ നിന്നു നേരത്തെ ഇതു ശേഖരിച്ചിരുന്നു.

ബാലഭാസ്‌കറിന്റെ മരണത്തെത്തുടര്‍ന്നു മൊഴിമാറ്റിയ ഡ്രൈവര്‍ അര്‍ജുനന്റെ ഡിഎന്‍എ പരിശോധനയും പുരോഗമിക്കുകയാണ്. ഇതിന്റെ ഫലം ഉടന്‍ ലഭിക്കുമെന്നു ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി.ഹരികൃഷ്ണന്‍ അറിയിച്ചു. ഇതു ലഭിക്കുന്നതോടെ അപകട സമയത്തു വാഹനമോടിച്ചത് ആരെന്നു വ്യക്തമാകും.

2 മാസം മുന്‍പാണു ഡിഎന്‍എ പരിശോധനയ്ക്കായി സാംപിളുകള്‍ ശേഖരിച്ചത്. അപകടം നടന്ന പള്ളിപ്പുറത്തു കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് സംഭവം പുനരാവിഷ്‌കരിച്ചിരുന്നു. എല്ലാ വഴികളിലൂടെയും അന്വേഷണം നടത്തിയ ശേഷം അന്തിമ നിഗമനത്തില്‍ എത്തിയാല്‍ മതിയെന്ന തീരുമാനത്തിലാണ് അന്വേഷണ സംഘം.

കാറോടിച്ചത് അര്‍ജുനാണെന്നാണ് ബാലഭാസ്‌കറിന്റെ ഭാര്യയുടെ മൊഴി. കാറോടിച്ചത് താനാണെന്ന് പറഞ്ഞ അര്‍ജുന്‍ പിന്നീട് മൊഴി മാറ്റുകയായിരുന്നു. ദൃക്‌സാക്ഷി മൊഴികളിലും പൊരുത്തക്കേടുകളുണ്ട്. ഫൊറന്‍സിക് പരിശോധനാഫലം പുറത്തുവരാന്‍ കാത്തിരിക്കുകയാണ് ക്രൈംബ്രാഞ്ച്. കഴിഞ്ഞയാഴ്ച ഫൊറന്‍സിക് സംഘം അപകടം നടന്ന സ്ഥലവും കാറും പരിശോധിച്ചിരുന്നു.

shortlink

Post Your Comments


Back to top button