KeralaLatest News

ശാന്തിവനം ടവര്‍; നിരവധി കുടുംബങ്ങള്‍ക്ക് ഗുണം ചെയ്യുന്ന പ്രവര്‍ത്തനം നിര്‍ത്തി വെക്കില്ല, ലൈനില്‍ കണക്ഷന്‍ നല്‍കുന്ന കാര്യത്തില്‍ തീരുമാനവുമായി വൈദ്യുതമന്ത്രി

എറണാകുളം പറവൂരിലെ ശാന്തിവനത്തിലൂടെ വലിച്ച ലൈനില്‍ ഇന്ന് കണക്ഷന്‍ നല്‍കുമെന്ന് വൈദ്യുതമന്ത്രി എം.എം മണി. നാല്‍പതിനായിരം കുടുംബങ്ങള്‍ക്ക് ഗുണം ചെയ്യുന്ന ഒരു പദ്ധതി ഒരാള്‍ക്കായി നിര്‍ത്തിവയ്ക്കാനാകില്ല. പ്രതിഷേധക്കാര്‍ വസ്തുത മനസ്സിലാക്കി പെരുമാറണമെന്നും മന്ത്രി പറഞ്ഞു. ശാന്തിവനത്തിലെ മരങ്ങളുടെ ശിഖരങ്ങള്‍ മുറിക്കുന്നത് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ ഇന്നും തുടരും.

ശാന്തിവനത്തിലൂടെ ലൈന്‍ വലിക്കാന്‍ ഇന്നലെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ എത്തിയിരുന്നു. മരത്തിന്റെ ചില്ലകള്‍ മുറിക്കാന്‍ പ്രതിഷേധക്കാര്‍ അനുവദിച്ചില്ല. മടങ്ങിപ്പോയ ഉദ്യോഗസ്ഥര്‍ പിന്നീട് പൊലീസ് സംരക്ഷണയില്‍ തിരിച്ചെത്തി പണികള്‍ പൂര്‍ത്തിയാക്കി. ഇതിനെതിരെ ശാന്തി വനം ഉടമ മീനാ മേനോന്‍ മുടി മുറിച്ച് പ്രതിഷേധിച്ചിരുന്നു. പ്രതിഷേധക്കാര്‍ക്കെതിരെ മന്ത്രി എം.എം. മണി വീണ്ടും രംഗത്തെത്തി. ചെറായിയില്‍ നിന്ന് മന്നം വരെ 110 കെ.വി. ലൈന്‍ വലിക്കാനുള്ള പദ്ധതി 20 വര്‍ഷം മുമ്പുള്ളതാണ്. 7.8 കോടി എസ്റ്റിമേറ്റ് ഇട്ടിരുന്ന പദ്ധതിക്കായി ഇന്ന് 40 കോടി രൂപയാണ് ചെലവഴിക്കേണ്ടി വന്നത്.

ടവര്‍ നിര്‍മ്മാണം പൂര്‍ത്തിയായതിനെ തുടര്‍ന്നുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് വൈദ്യുത ടവറിനു സമീപമുള്ള എട്ടു മരങ്ങളുടെ ശിഖരങ്ങള്‍ മുറിച്ചു മാറ്റാന്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ എത്തിയത്. 13.5 മീറ്ററില്‍ കൂടുതല്‍ ഉയരത്തില്‍ ഉള്ള മരച്ചില്ലകളാണ് മുറിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സ്ഥലമുടമ മീന മേനോന് കെ.എസ്.ഇ.ബി നോട്ടീസും നല്‍കിയിരുന്നു. ഇതനുസരിച്ച് മരച്ചില്ലകള്‍ മുറിക്കാനെത്തിയ ഉദ്യോഗസ്ഥരെ ശാന്തി വനം സംരക്ഷണ സമിതി രാവിലെ തടയുകയായിരുന്നു.

തുടര്‍ന്ന് ഉച്ചയോടെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ താല്‍കാലികമായി പിന്മാറി. പിന്നീട് ഉച്ചക്കു ശേഷം മൂന്നു മണിയോടെ കൂടുതല്‍ ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി മരച്ചില്ലകള്‍ മുറിക്കാന്‍ ആരംഭിച്ചു. ഇതോടെയാണ് സ്ഥലമുടമ സ്വന്തം മുടി മുറിച്ചു കൊണ്ട് പ്രതിഷേധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button