തിരുവനന്തപുരം: “എന്റെ മകന് ആകുമെങ്കിൽ നിങ്ങളുടെ കുഞ്ഞിനും സ്വന്തം കാലിൽ നിൽക്കാനാകും. അല്പം പരിശ്രമിക്കണമെന്നു മാത്രം.” ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുടെ മാതാപിതാക്കളോട് ജയകുമാറിന് പറയാനുള്ളത് ഇതാണ്.
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ജയകുമാറിന് മകൻ ജനിച്ചത്. എന്നാൽ തന്റെ കൺമണിയെക്കണ്ട് അയാൾ നടുങ്ങി. ജീവനുള്ള ഒരു മാംസപിണ്ഡം. കൈകാലുകൾ ഉള്ളിലേക്കു വളഞ്ഞ രൂപം. ഒച്ചയില്ല, അനക്കമില്ല, കേൾവിശേഷിയില്ല. ക്രമം തെറ്റിയ ശ്വാസം മാത്രുണ്ട്. ജീവന്റെ അടയാളം. വിധിയുടെ ക്രൂരതയിൽ ജയകുമാർ എന്ന അച്ഛൻ പതറിയില്ല. സെറിബ്രൽ പാൾസി രോഗം ബാധിച്ച കുഞ്ഞിന് അഞ്ചുവർഷമാണ് ഡോക്ടർമാർ ആയുസ്സെഴുതിയത്. ആ മകൻ രാഹുൽ ഇതാ ഇരുപത്തിയൊമ്പതാം വയസ്സിൽ സ്കൂബാ ഡൈവിംഗിന് തയ്യാറെടുക്കുന്നു.
വിധിയെ വെല്ലുവിളിച്ച രാഹുൽ അച്ഛന്റെ വിരൽ പിടിച്ച് ഇപ്പോൾ പബ്ളിക് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥി. പഠിത്തം, വായന, എഴുത്ത്, ഡ്രൈവിംഗ്…. തിരക്കൊഴിഞ്ഞ നേരമില്ല രാഹുലിന്. ഒപ്പം അച്ഛൻ ജയകുമാറും തിരക്കിലാണ്.
രാഹുലിനേക്കാൾ വൈകല്യങ്ങളുള്ള 1200ഓളം കുട്ടികളെ ഉയരങ്ങളിലെത്തിക്കാൻ, ഇത്തരം കുട്ടികൾക്ക് ജീവിതമൊരുക്കാനായി ജയകുമാർ, പേരന്റ്സ് അസോസിയേഷൻ ഫോർ ഡിസേബിൾഡ് (പാഡ്) എന്ന സംഘടനയുണ്ടാക്കി അഹോരാത്രം പ്രവർത്തിക്കുകയാണ് പട്ടികജാതി വികസന വകുപ്പിൽ നിന്ന് വിരമിച്ച അറുപതുകാരനായ ജയകുമാർ.
ചികിത്സയ്‌ക്കായി സൗജന്യ ഹെൽത്ത് കാർഡ്, പഠനത്തിന് പണം, വീൽചെയർ പോലുള്ള ഉപകരണങ്ങൾ നൽകൽ, സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങി ഭിന്നശേഷിക്കാരായ കുട്ടികൾക്കു വേണ്ടി ജയകുമാർ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നു. ജയകുമാറിന്റെ സന്നദ്ധപ്രവർത്തനത്തിന് ഇൻക്രെഡിബിൾ ബുക്ക് ഒഫ് റെക്കോർഡ്സിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. മകൾ രേണു അവസാനവർഷ ബിരുദ വിദ്യാർത്ഥിനിയാണ്.
Post Your Comments