തിരുവനന്തപുരം: എഎസ്‌ഐ ബാബുകുമാറിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ സാക്ഷി കൂറുമാറി. ബാബുകുമാറിന്റെ അയല്‍വാസി ബിജോണിദാസാണ് കൂറുമാറിയത്. കുത്തേറ്റ് വീണ ബാബുകുമാറിനെ ആശുപത്രിലെത്തിച്ചത് ഇയാളായിരുന്നു.
കേസ് വിളിച്ച് ഏകദേശം 15 മിനിറ്റ് പിന്നിട്ടപ്പോഴാണ് ബിജോണിദാസ് കോടതിയിലെത്തുന്നത്. കോടതിയിലേക്ക് വന്ന ബിജോണിദാസിനെ കോടതി വളപ്പില്‍ നിന്നും സിബിഐ ഉദ്യോഗസ്ഥര്‍ തട്ടിക്കൊണ്ട് പോയെന്നാണ് പ്രതികളില്‍ ഒരാളായ കണ്ടെയ്‌നര്‍ സന്തോഷിന്റെ അഭിഭാഷകന്‍ കോടതിയില്‍ പരാതിപ്പെട്ടത്. എന്നാല്‍ കോടതിയിലെത്തിയ സാക്ഷി വാഹനം കിട്ടാത്തതിനാലാണ് വൈകിയതെന്ന് അറിയിച്ചു. ഇതോടെ ഏറെ നാടകീയ രംഗങ്ങള്‍ക്കാണ് കോടതി സാക്ഷ്യം വഹിച്ചത്. മറ്റ് കേസുകള്‍ ഇല്ലാതിരുന്നതിനാല്‍ ജഡ്ജിയും അഭിഭാഷകരും സാക്ഷിക്കായി കാത്തിരിക്കുകയായിരുന്നു.
സാക്ഷി വിസ്താരം ആരംഭിച്ചപ്പോഴാണ് ഇയാള്‍ സിബിഐയ്ക്കു നല്‍കിയതില്‍ നിന്നും വ്യത്യസ്തമായി കോടതിയില്‍ മൊഴി നല്‍കിയത്. ബാബുകുമാറിന് കുത്തേറ്റ സ്ഥലത്തിന് സമീപം പെന്റി, ഹാപ്പി രാജേഷ്, പുഞ്ചിരി മഹേഷ് എന്നിവര്‍ ഉണ്ടായിരുന്നതായാണ് ബിജോയ്ദാസ് സിബിഐക്ക് നല്‍കിയിരുന്ന മൊഴി. പെന്റിയോടൊപ്പം ഭാര്യയും ഡ്രൈവറും ഉണ്ടായിരുന്നെന്നും കാര്‍ നന്നാക്കാനാണ് പെന്റി വന്നതെന്നുമാണ് ഇയാള്‍ കോടതിയില്‍ മൊഴി നല്‍കിയിരിക്കുന്നത്. സംഭവസ്ഥലത്ത് ബാബുകുമാറിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി ജിണ്ട അനിയെ കണ്ടുവെന്നാണ് ഇയാള്‍ സിബിഐക്ക് നേരത്തേ മൊഴി നല്‍കിയിരുന്നതെങ്കിലും ഇത് മാറ്റിപ്പറഞ്ഞു. സംഭവ സ്ഥലത്ത് ജിണ്ട അനിയെ കട്ടിട്ടില്ലെന്നായിരുന്നു ഇയാള്‍ കോടതിയോട് പറഞ്ഞത്.
2011 ജനുവരി 11നാണ് എഎസ്‌ഐ ബാബുകുമാറിന് കുത്തേല്‍ക്കുന്നത്. ആശ്രാമം ഗസ്റ്റ് ഹൗസില്‍ നടന്ന മദ്യസല്‍ക്കാര വാര്‍ത്ത മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് ബാബുകുമാറാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു ആക്രമണം.
Post Your Comments