Latest NewsIndia

തമിഴ്‌നാട്ടിൽ  കടുത്ത ജലക്ഷാമം, കുഴൽക്കിണറുകളടക്കം വറ്റിവരണ്ടു; പളനിസ്വാമി പ്രധാനമന്ത്രിയെ കണ്ടു

ചെന്നൈ: കുഴൽക്കിണറുകളടക്കം വറ്റി തമിഴ്നാട്ടില്‍ കടുത്ത ജലക്ഷാമം തുടരുകയാണ്. പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനും, കുടിക്കാനും വെള്ളമില്ല. അടുത്തെങ്ങും ഇത്ര രൂക്ഷമായ വരൾച്ച ഉണ്ടായിട്ടില്ലെന്നാണ് ജനപ്രധിനിധികൾ പറയുന്നത്. തമിഴ്നാട്ടിലെ ജലാശയങ്ങൾ നവീകരിക്കുന്നതിനുള്ള സഹായം തേടി  മുഖ്യമന്ത്രി പളനിസ്വാമി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു. ആന്ധ്രയിലെ ഗോദാവരി നദിയും തമിഴ്നാട്ടിലെ കാവേരി നദിയും തമ്മില്‍ ബന്ധിപ്പിക്കണമെന്ന ആവശ്യവും അദ്ദേഹം മുമ്പോട്ടു വച്ചു.

ചെന്നൈ അടക്കമുള്ള പ്രദേശങ്ങളിൽ ജലക്ഷാമം രൂക്ഷമായി തുടരുന്നു. നഗരത്തിലെ ഹോട്ടലുകൾ നിരവധി ഇതിനകം പൂട്ടിക്കഴിഞ്ഞു. ചില ഹോട്ടലുകൾ ഉച്ചഭക്ഷണം ഒഴിവാക്കിയിരിക്കുകയാണ്. ഉച്ചഭക്ഷണസമയത്ത് കൂടുതൽ വെള്ളം ആവശ്യമാണെന്നതിനാലാണിത്. പണം കൊടുത്താൽ വരുന്ന വാട്ടർ ടാങ്കറുകളുടെ സർവ്വീസും ശരിയായ രീതിയിൽ ലഭ്യമല്ല. സംസ്ഥാനത്ത് വേണ്ടത്ര മഴ ലഭിക്കാത്തതിനാൽ വിള മോശമായത് പച്ചക്കറി ലഭ്യതയെ ബാധിച്ചിട്ടുണ്ട്. ഇതും ഹോട്ടലുകൾ പൂട്ടിയതിന് ഒരു കാരണമാണ്.

വിള മോശമായതിനാൽ വാഴയില ലഭ്യതയും കുറഞ്ഞിട്ടുണ്ട്. ഭക്ഷണം വിളമ്പാൻ ഇലയുപയോഗിച്ചാൽ ജല ഉപയോഗം വലിയ തോതിൽ കുറയ്ക്കാമെങ്കിലും ലഭ്യത കുറവാണ്. ഫുഡ് ഗ്രേഡ് പ്ലാസ്റ്റിക് ഇലകൾ ഉപയോഗിച്ചാൽ വില വലിയ തോതിൽ കൂടുമെന്ന പ്രശ്നവുമുണ്ട്.

ചില ഐടി സ്ഥാപനങ്ങൾ തങ്ങളുടെ ജീവനക്കാരോട് വീട്ടിലിരുന്ന ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ചില കമ്പനികള്‍ ഓഫീസിലെ ശുചിമുറികളിൽ ചിലത് പൂട്ടിയിട്ടാണ് പ്രശ്നത്തെ നേരിടുന്നത്. കഴിഞ്ഞദിവസം ജലം ശേഖരിച്ചു വെക്കുന്നതുമായി ബന്ധപ്പെട്ട് അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിനിടെ ഒരാൾ കൊല്ലപ്പെട്ടിരുന്നു. പലയിടങ്ങളിൽ സംഘര്‍ഷം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

ദിവസവും 2400 ദശലക്ഷം ലിറ്റർ കുടിവെള്ളം നഗരത്തിൽ അധികമായി വിതരണം ചെയ്യുന്നുണ്ടെന്ന് തമിഴ്നാട് സർക്കാർ പറയുന്നു. മുൻ വർഷങ്ങളിലേതിനെക്കാൾ കൂടുതൽ വെള്ളം വിതരണം ചെയ്യുന്നുണ്ട്.അതെസമയം സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കാൻ സർക്കാർ ഒരു നിരീക്ഷണസമിതിയെ നിയോഗിച്ചിട്ടുണ്ട്. മുതിർന്ന ഉദ്യോഗസ്ഥരെ വിളിച്ചുകൂട്ടി മുനിസിപ്പൽ ഭരണകാര്യ മന്ത്രി എസ്പി വേലുമണി അവലോകനം നടത്തി. പ്രശ്നം പരിഹരിക്കാനുള്ള മാർഗ്ഗങ്ങൾ പഠിക്കാൻ‌ ഉദ്യോഗസ്ഥരോട് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button