തിരുവനന്തപുരം: ആവശ്യസാധന നിയമത്തില്‍ ഭേദഗതി വരുത്തി കേരളത്തില്‍ കുപ്പിവെള്ളം 11 രൂപ നിരക്കില്‍ വില്‍ക്കാന്‍ നടപടിയെടുക്കുമെന്ന് പി. തിലോത്തമന്‍. പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. കടുത്ത വിലക്കയറ്റം ആരോപിച്ചായിരുന്നു പ്രതിപക്ഷം അടിയന്തര പ്രമേയം അവതരിപ്പിച്ചത്.
സപ്ലൈകോ വഴി ഇപ്പോള്‍ തന്നെ 11 രൂപയ്ക്കു കുപ്പിവെള്ളം വില്‍ക്കുന്നുണ്ട്. ഇതു റേഷന്‍ കടകളിലേക്കും വ്യാപിപ്പിക്കുമെന്നു മന്ത്രി പറഞ്ഞു. എന്നാല്‍ പുറത്തെ കടകളിലെല്ലാം കുപ്പിവെള്ളത്തിന് 20 രൂപയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. അപ്പോഴാണു പൊതുവിപണിയിലും വില കുറച്ചുവില്‍ക്കാനുള്ള നിര്‍ദേശം ഉപഭോക്തൃകാര്യ വകുപ്പ് തയാറാക്കി നിയമവകുപ്പിനു കൈമാറിയെന്നു മന്ത്രി വിശദീകരിച്ചത്. 14,430 റേഷന്‍കടകള്‍ വഴി ശബരി ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില കുറയ്ക്കുന്നത് സംബന്ധിച്ച് പല തവണ ചര്‍ച്ചകള്‍ നടന്നിരുന്നു. ഒരു ലീറ്റര്‍ കുപ്പിവെള്ളത്തിന്റെ വില ഇരുപതില്‍ നിന്ന് പത്തുരൂപയാക്കാന്‍ കേരള ബോട്ടില്‍ഡ് വാട്ടര്‍ മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ തത്വത്തില്‍ ധാരണയിലെത്തിയിരുന്നെങ്കിലും ഇത് പ്രാബല്യത്തില്‍ വന്നിരുന്നില്ല.
അതേസമയം, പച്ചക്കറി ഉള്‍പ്പെടെ എല്ലാ സാധനങ്ങളുടെയും വില കുതിച്ചുയര്‍ന്നെന്ന് അടിയന്തരപ്രമേയ നോട്ടിസ് അവതരിപ്പിച്ച എം.വിന്‍സന്റ് ആരോപിച്ചു. കൊല്ലത്തും ചേര്‍ത്തലയിലും മുഖ്യമന്ത്രിയുടെ മണ്ഡലത്തിലുമടക്കം സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ 14 ഇനം അവശ്യസാധനങ്ങളില്‍ പലതും കിട്ടാനില്ല. വിപണിയില്‍ ഇടപെട്ടു വില കുറയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നും വിന്‍സന്റ് ആരോപിച്ചു.
Post Your Comments