കെയ്‌റോ: ഈജിപ്ത് മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ മരണം കൊലപാതകമാണെന്ന് മുസ് ലിം ബ്രദര്‍ഹുഡ്. സംഭവത്തില്‍ അന്താരാഷ്ട്ര അന്വേഷണം വേണമെന്ന് ബ്രദര്‍ഹുഡ് ആവശ്യപ്പെട്ടു. കഠിനമായ തടവു ജീവിതത്തിനിടെ മുര്‍സിക്ക് അര്‍ഹമായ ചികിത്സ ഭരണകൂടം നല്‍കിയിട്ടില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി. പ്രമേഹമുണ്ടായിരുന്ന അദ്ദേഹത്തിന് കരള്‍, കിഡ്‌നി രോഗങ്ങളുമുണ്ടായിരുന്നു.
ഒരു സാധാരണ തടവുകാരന് അവകാശപ്പെട്ട ചികിത്സ പോലും മുര്‍സിക്ക് ഭരണ കൂടം നിഷേധിച്ചുവെന്ന് സംഘടനാ പ്രതിനിധികള്‍ കുറ്റപ്പെടുത്തി. മുര്‍സിയുടെ മരണത്തിന് ഉത്തരവാദി ഈജിപ്ഷ്യന്‍ സര്‍ക്കാറാണെന്ന് മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ് വാച്ച് ആരോപിച്ചു. അതിനിടെ, മൃതദേഹം വിട്ടുനല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന ആരോപണവുമായി മുര്‍സിയുടെ മകനും രംഗത്തെത്തി.ഇന്നലെ വൈകിട്ട് കോടതി മുറിയിലായിരുന്നു മുര്‍സിയുടെ അന്ത്യം.
കോടതിയുടെ പതിവ് നടപടികള്‍ക്കിടെ മുര്‍സിയെ ക്ഷീണിതനായി കാണപ്പെട്ടിരുന്നു. വിചാരണ നടപടി പൂര്‍ത്തിയായ ഉടന്‍ മുര്‍സി തളര്‍ന്നുവീണ് മരിക്കുകയായിരുന്നുവെന്നാണ് വിവരം.2012 ജൂണില്‍ ഈജിപ്ത് പ്രസിഡന്റായി അധികാരമേറ്റ മുര്‍സിയെ 2013 ജൂലൈയിലാണ്
പട്ടാള അട്ടിമറിയിലൂടെ പുറത്താക്കുന്നതും ജയിലില്‍ അടക്കുന്നതും. ഈജിപ്തില്‍ ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പ്രസിഡന്റായിരുന്നു മുഹമ്മദ് മുര്‍സി.
Post Your Comments