Latest NewsKerala

ആണുങ്ങള്‍ ഇട്ടാല്‍ വള്ളിക്കളസവും പെണ്ണുങ്ങള്‍ ഇട്ടാല്‍ പൈങ്കിളിവല്‍ക്കരിച്ച് ബര്‍മുഡയുമാക്കേണ്ട- ഡോ. ഷിംന അസീസ്

ഫേസ്‌ബുക്കിൽ വരുന്ന കുടുംബഫോട്ടോകളിൽ തെളിയുന്ന ജീവിതചിത്രങ്ങൾ മിക്കതും വെറും തേങ്ങയാണ്‌ !

ഈ അടുത്ത് വന്ന ഒന്നിലധികം പോസ്റ്റുകളിലെ വിഷയം സമാനമായത് കൊണ്ടാവണം, സുഖകരമല്ലാത്ത വിശേഷങ്ങളുമായി ഇൻബോക്‌സിലും വാട്ട്‌സപിലും മെസഞ്ചറിലും വന്നു കൊണ്ടിരിക്കുന്നവർ കുറേയുണ്ട്‌. എല്ലായിടത്തും വില്ലൻ പുരുഷനാണെന്ന്‌ കരുതേണ്ട. അല്ലേയല്ല. ഈയിടെ കാമുകൻ വേറെ വിവാഹം കഴിച്ചതിന്‌ ആളുടെ മുഖത്ത്‌ തിളച്ച എണ്ണയൊഴിച്ചതൊരു പെണ്ണാണ്‌. അക്ഷരതെറ്റില്ലാതെ ‘ക്രിമിനൽ കുറ്റം’ എന്ന് പറയേണ്ട ഇതിനെയൊരു മലയാളം ഓൺലൈൻ ന്യൂസ്‌ പോർട്ടൽ വിളിച്ചത്‌ ‘മധുരപ്രതികാരം’ എന്നാണ്‌ !! ആണുങ്ങൾ ഇട്ടാൽ വള്ളിക്കളസവും പെണ്ണുങ്ങൾ ഇട്ടാൽ പൈങ്കിളിവൽക്കരിച്ച്‌ ബർമുഡയുമാക്കേണ്ട.

ഇത്തരം കേസുകളൊക്കെ പത്രത്തിലും ലോകത്തിന്റെ ഏതേലും മുക്കിലും മൂലയിലുമേ കാണൂ എന്നോർത്ത്‌ ആശ്വസിച്ചിരിക്കുമ്പോഴാണ്‌ മേൽപ്പറഞ്ഞ മെസേജ്‌ കുറിമാനങ്ങളുടെ അതിപ്രസരം തുടങ്ങിയത്‌. എന്തിനേറെ പറയുന്നു, വിശ്വസിച്ച്‌ കാര്യം പറയാം എന്ന്‌ ഇവരൊക്കെ കരുതുന്നത്‌ കൊണ്ടാകണം, ‘ഇജ്ജാതി എടങ്ങേറുകളൊക്കെ ഇന്നും ഭൂമിയിൽ നില നിൽക്കുന്നുണ്ടോ ദൈവമേ !’ എന്ന്‌ പോലും ചിന്തിച്ചു പോകുന്ന തരം ഇനം മനുഷ്യരെപ്പറ്റി ഈയിടെ വിശദമായി പഠിക്കാൻ സാധിച്ചു. സോഷ്യൽ മീഡിയ എന്ന ഷോ ഓഫ്‌ മാർക്കറ്റിന്റെ വ്യർത്‌ഥതയും മനസ്സിലാക്കാനായി.

അവയിൽ ഏറ്റവും മികച്ച ചില കഥാപാത്രങ്ങളെ പരിചയപ്പെടുത്തട്ടെ,

1) “നിന്നെ കെട്ടിയത്‌ വെളുത്ത കുട്ടികൾ ഉണ്ടാകാൻ മാത്രമാണ്‌” എന്ന്‌ ഉളുപ്പില്ലാതെ പ്രഖ്യാപിച്ച ഭർത്താവ്‌ – രൊക്കം മൂന്നെണ്ണം. ഒന്ന്‌ ഇപ്പോ നാട്ടിലുള്ളത്‌, രണ്ണെണ്ണം വേറെ ഭൂഖണ്‌ഡത്തിൽ. വിദ്യാഭ്യാസത്തിന്‌ യാതൊരു കുറവുമില്ല. ഇവരുടെ ഫാമിലി ഫോട്ടോ കണ്ടാൽ അസൂയ മൂത്ത്‌ കഷണ്ടിയാകും. ഇന്റിമസിയോ ഇന്റിമസി.

2) കല്യാണത്തിന്‌ മുന്നേ പെണ്ണും കുടുംബവും താമസിക്കുന്ന വീട്‌ സ്വന്തം പേരിൽ എഴുതിത്തരണം എന്ന്‌ പറഞ്ഞ്‌ സ്വൈര്യം കെടുത്താൻ തുടങ്ങിയവൻ- ഒരഞ്ചാറെണ്ണം. വിവരം, വിദ്യാഭ്യാസം ഒക്കെ സൂപ്പറാ… ഇന്നും ആ പെണ്ണുങ്ങൾ അമ്മായിഅമ്മ, നാത്തൂൻ, അപ്രത്തെ വീട്ടിലെ ചേച്ചി, വഴീക്കൂടെ പോണ അമ്മാവൻ തുടങ്ങിയവരുടെ ചീത്തവിളി യഥേഷ്‌ടം വാങ്ങുന്നു. പ്രൊഫൈൽ ഫോട്ടോ- കൈക്കുഞ്ഞും വേറൊരു കുഞ്ഞും ഒക്കെക്കൂടെ ഉമ്മയോട്‌ ഉമ്മ (ആരും ഫോട്ടോ മാറ്റേണ്ട. നിങ്ങളെയല്ല, നിങ്ങളല്ല.)

3) ഭാര്യയുടെ ഫോണും പുറംലോകവും പൂർണമായി ബന്ധിച്ച്‌ സമൂഹമോ കുടുംബമോ ഇല്ലാത്തവളാക്കി വെച്ച്‌ സംസാരിക്കാനുള്ള ഭാഷ പോലും മറന്ന്‌ തുടങ്ങിയവൾ. മലയാളവും ഹിന്ദിയും ഇംഗ്ലീഷും കൂടിക്കലർന്ന്‌ കണ്ണീർ സമം ചേർത്ത്‌ വീഡിയോ കോളിൽ അവൾ കഥ പറഞ്ഞു. തലക്ക്‌ അപ്പോ തുടങ്ങിയ തരിപ്പാണ്‌. ഈ കഥാപാത്രവും ഒന്നല്ല, ഒന്നിലേറെയുണ്ട്‌. എല്ലാവരുടേയും പ്രൊഫൈലിൽ കേറി ഫോട്ടോയൊക്കെ കണ്ടു. കുളിര്‌ കോരിപ്പോയി.

4) ഭർത്താവ് മൂത്രൊഴിക്കാൻ പോയാൽ വരെ മൂപ്പരുടെ ഫോണെടുത്ത്‌ തപ്പുന്ന ഭാര്യ. വാട്ട്സ്ആപ്പ്, ഫേസ്‌ബുക്ക്‌, കോൾ ഹിസ്‌റ്ററി, ടെക്‌സ്‌റ്റ്‌ മെസേജ്‌, ഗ്യാലറി എന്നീ പരിശോധനകൾക്ക്‌ ശേഷം ബ്രൗസർ ഹിസ്‌റ്ററിയും ഡൗൺലോഡുകളും വരെ. എന്ത് ധൈര്യത്തിലാണാവോ അയാൾ സങ്കടം പറയാൻ വിളിച്ചത്‌ ! ആ സ്‌ത്രീജന്മം അങ്ങേരറിയാതെ വല്ല റെക്കോർഡറും ഇൻസ്‌റ്റാൾ ചെയ്‌ത്‌ വെച്ചിട്ടുണ്ടേൽ ആ പാവത്തിന്റെ സഞ്ചയനം കഴിഞ്ഞു കാണണം. ഞങ്ങൾ പെണ്ണുങ്ങളെന്താ മോശമാ? ബൈ ദ വേ, അവരുടെ ഫേസ്‌ബുക്ക് ആൽബം – പെരുന്നാൾ, ഓണം, കല്യാണം, എങ്ങാണ്ടോ മരം കേറുന്നത്‌, തോളിൽ കൈയിട്ടത്‌…. !!

5) ഭാര്യയുടെ ഫിംഗർ അവളുറങ്ങുമ്പോ തൊടീച്ച്‌ ഫോൺ ലോക്ക്‌ തുറന്ന്‌ മൊത്തം അരിച്ച്‌ പെറുക്കുന്ന കണവൻ. ഇതൊക്കെയറിഞ്ഞ്‌ കണ്ണടച്ച്‌ കിടക്കുന്ന മിടുക്കി. ഫോൺ തിരിച്ച്‌ തലയിണക്കടിയിൽ വെച്ചപ്പോ ‘സമാധാനമായോ?’ എന്നവൾ ചോദിച്ചു. കരണത്ത്‌ ഒരെണ്ണം കിട്ടി. സംശയാസ്‌പദമായി ഒന്നും കണ്ടില്ലേൽ സന്തോഷിക്കുകയല്ലായിരുന്നോ വേണ്ടത്‌? നിരാശ തോന്നിയതെന്തിനാണാവോ എന്നവൾക്ക്‌ ഇന്നുമറിയില്ല. പ്രൊഫൈലിലെ ഫോട്ടോകൾ അതൊക്കെ തന്നെ.

കഴിഞ്ഞതല്ല, നിർത്തിയതാണ്….

സോഷ്യൽ മീഡിയയിൽ ഇടുന്ന ഫോട്ടോകൾ മിക്കതും മിഥ്യയാണ്‌. ഫോട്ടോ പോസ്‌റ്റ്‌ ചെയ്‌തോളൂ, എഡിറ്റ്‌ ചെയ്‌ത്‌ മൊഞ്ചാക്കിക്കോളൂ, ആസ്വദിക്കൂ, ലൈക്കൂ. അതിലുമപ്പുറം മനോഹരമായ നിമിഷങ്ങൾ സ്വന്തം ജീവിതത്തിൽ സൃഷ്‌ടിച്ച്‌ കൊണ്ടേയിരിക്കുക. ഊർദ്ധശ്വാസം വലിച്ച്‌ വിസയും പാസ്‌പോർട്ടും കിട്ടി കിടക്കുമ്പോൾ ഭാര്യയോടും മക്കളോടും ‘ഞാൻ നിങ്ങളെ 60 കൊല്ലം ജീവനേക്കാൾ സ്‌നേഹിച്ചു’ എന്ന്‌ മുഴുവൻ പറയാനാവാതെ റണ്ണൗട്ടാവുന്നതിലും നല്ലതാണ്‌ മുപ്പത്തഞ്ചിൽ ക്യാമറക്ക്‌ മുന്നിലല്ലാതെ അവരെ കെട്ടിപ്പിടിച്ച്‌ ഉമ്മ കൊടുക്കുന്നത്‌. സ്‌നേഹം പ്രകടിപ്പിക്കാനുള്ളതാണ്‌, അച്ചാറിട്ട്‌ വെക്കുന്ന അമ്പഴങ്ങയല്ല.

പക്ഷേ, ഇല്ലാത്ത ജീവിതം നാട്ടാരെ കാണിക്കാനായി അഭിനയിച്ചതിന്റെ ജഡം ഇവിടെ കൊണ്ടു വന്ന്‌ ഒട്ടിക്കരുത്‌, കുറേ കഴിയുമ്പോൾ വല്ലാത്ത ആത്മനിന്ദ തോന്നും.

https://www.facebook.com/shimnazeez/posts/10157567899227755

shortlink

Related Articles

Post Your Comments

Related Articles


Back to top button