കോട്ടയം: സ്വകാര്യലാബുകളില്‍ നിന്നുള്ള തെറ്റായ റിപ്പോര്‍ട്ടുകള്‍ തങ്ങളുടെ ജോലിക്ക‌് തന്നെ പ്രതിസന്ധി തീര്‍ക്കുന്ന സാഹചര്യത്തില്‍ പുറത്തെ റിപ്പോര്‍ട്ടുകള്‍ ആശ്രയിച്ച‌് ചികിത്സിക്കേണ്ടെന്ന‌് കോട്ടയം മെഡിക്കല്‍ കോളേജ‌് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ തീരുമാനം. ഇത‌് ഡോക്ടര്‍മാര്‍ പൊതുവായെടുത്ത തീരുമാനമാണെന്ന‌് ആര്‍എംഒ ഡോ. ആര്‍ പി രഞ‌്ജിന്‍ പറഞ്ഞു. പകരം മെഡിക്കല്‍ കോളേജിലെ ലാബിലെയും സ‌്കാനിങ‌് സെന്ററിലെയും ഫലങ്ങളെ ആശ്രയിച്ചായിരിക്കും ചികിത്സ.
പുറമെനിന്നുള്ള പരിശോധനാഫലങ്ങളുമായി എത്തിയ രോഗികളോട‌് ആശുപത്രിയിലെ ലാബ‌് പരിശോധനയ‌്ക്ക‌് നിര്‍ദേശിക്കുന്നുണ്ട‌്. രോഗികളെല്ലാം പതോളജി ലാബിനെ ആശ്രയിച്ചാല്‍ ചികിത്സയ‌്ക്ക‌് കാലതാമസമുണ്ടാകാനിടയുണ്ട‌്. വലിയ തോതില്‍ രോഗികളെത്തിയാല്‍ അതിന‌് തക്കതായി പരിശോധനാഫലം നല്‍കാനുള്ള ശേഷി മെഡിക്കല്‍ കോളേജ‌് ലാബില്‍ ഇല്ല. ബയോപ‌്സി, എംആര്‍ഐ സ‌്കാനിങ‌്, സിടി സ‌്കാനിങ‌്, വിവിധതരം രക്തപരിശോധനകള്‍ എന്നിവയ‌്ക്കാണ‌് സ്വകാര്യലാബുകളിലേക്ക‌് കുറിച്ചുകൊടുക്കുന്നത‌്.
ചികിത്സ വൈകാതിരിക്കാനും വേഗം ഫലമറിയാനും വേണ്ടിയാണിത‌്. മെഡിക്കല്‍ കോളേജിലെ ലാബ‌് ഫലത്തിന‌് ചിലപ്പോള്‍ മാസങ്ങളോ ആഴ‌്ചകളോ കാത്തിരിക്കേണ്ടി വരും. ഇതാണ് സ്വകാര്യ ലാബുകളെ ആശ്രയിക്കാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. പതോളജി ലാബിലും മറ്റ‌് ലാബുകളിലും ആധുനിക ഉപകരണങ്ങള്‍ ഉള്ളതിനാല്‍ കൂടുതല്‍ ഡോക്ടര്‍മാരെയും ടെക‌്നീഷ്യന്മാരെയും നിയോഗിച്ചാല്‍ കാലതാമസം ഒഴിവാക്കാനാകുമെന്നാണ് പൊതുവെയുള്ള അഭിപ്രായം.
Post Your Comments