
ദില്ലി: ഗുജറാത്തില്‍ നിന്നുള്ള ബിജെപിയുടെ രാജ്യസഭാംഗങ്ങളായിരുന്ന അമിത് ഷായും സ്മൃതി ഇറാനിയും രാജിവെച്ചത് വിവാദമാക്കാൻ കോൺഗ്രസ് . ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ടു പേരും വിജയിച്ചതോടെ രാജ്യസഭാംഗത്വം രാജിവെച്ചു. എന്നാല്‍ രണ്ടുപേരുടെയും രാജി വ്യത്യസ്ത ദിവസങ്ങളിലായിരുന്നു. ഇങ്ങനെ ചെയ്തത് ബിജെപിയുടെ ആസൂത്രണത്തിന്റെ ഭാഗമാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം മെയ് 28ന് അമിത് ഷാ രാജ്യസഭാംഗത്വം രാജിവെച്ചു. എന്നാല്‍ അന്ന് സ്മൃതി ഇറാനി രാജ്യസഭാംഗത്വം രാജിവെച്ചില്ല. തൊട്ടടുത്ത ദിവസമാണ് അവര്‍ രാജ്യസഭാംഗത്വം ഒഴിഞ്ഞത്.
രണ്ടുപേരും ഒരുമിച്ച് ഒഴിഞ്ഞാല്‍ ഗുജറാത്ത് നിയമസഭയില്‍ ഒരേ സമയം രാജ്യസഭയിലേക്ക് വോട്ടെടുപ്പ് നടത്തേണ്ടി വരുമെന്നും അത് കോണ്‍ഗ്രസിന് ഒരു സീറ്റ് കിട്ടാന്‍ ഇടയാക്കുമെന്നുമുള്ളതു കൊണ്ടാണ് ഈ പദ്ധതി എന്നാണ് കോൺഗ്രസ് ആരോപണം.കോണ്‍ഗ്രസിന് ഒരു സീറ്റ് കിട്ടുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് രാജി രണ്ടു ദിവസങ്ങളില്‍ പ്രഖ്യാപിച്ചതെന്ന് കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിങ്വി പറഞ്ഞു.’ഒരുദിവസമാണ് രണ്ട് തിരഞ്ഞെടുപ്പും നടക്കുന്നതെങ്കില്‍ ഇത് നീക്കം പാളും.’
‘ഒരുസീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയും ചെയ്യും. തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യത്തില്‍ ഇനി തീരുമാനം എടുക്കേണ്ടതെന്നും ‘സിങ്വി പറഞ്ഞു.അമിത് ഷായും സ്മൃതി ഇറാനിയും രാജിവെച്ച രാജ്യസഭാ സീറ്റുകളിലേക്ക് ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തണമെന്ന് സിങ്വി ആവശ്യപ്പെട്ടു. ഗുജറാത്ത് നിയമസഭയില്‍ ബിജെപിക്ക് 99 അംഗങ്ങളുണ്ട്. കോണ്‍ഗ്രസിന് 77ഉം. രണ്ടു ദിവസങ്ങളില്‍ തിരഞ്ഞെടുപ്പ് നടത്തിയാല്‍ ഫസ്റ്റ് പ്രിഫറന്‍സ് വോട്ട് ഫലപ്രദമായി ഉപയോഗിച്ച് ബിജെപിക്ക് ജയം ഉറപ്പാക്കാം.
Post Your Comments