2022ല്‍ ഇന്ത്യ സ്വതന്ത്രയായി 75 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ കയ്യില്‍ ത്രിവര്‍ണ്ണ പതാകയുമേന്തി ഇന്ത്യയുടെ ഒരു മകനോ മകളോ ബഹിരാകാശത്തേക്ക് പോകുമെന്ന് 2018 ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ആ വാക്കു പാലിച്ചു കൊണ്ട് ബഹിരാകാശത്തേക്ക് മനുഷ്യരെ അയക്കാനുള്ള ഇന്ത്യയുടെ ഗഗൻയാൻ പദ്ധതിക്ക് അന്തിമരൂപമായി . ഗഗന്‍യാന്‍ എന്ന് പേരിട്ടിരിക്കുന്ന പ്രത്യേക പദ്ധതിയിലാണ് ഇന്ത്യ മനുഷരെ ബഹിരാകാശത്ത് എത്തിക്കുന്നത്.
മൂന്ന് യാത്രികരായിരിക്കും ഗഗന്‍യാനില്‍ ബഹിരാകാശത്തേക്ക് അയക്കുക. 2022ലെ സ്വാതന്ത്ര്യ ദിനത്തില്‍ പദ്ധതി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്, ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ എന്നിവർ സംയുക്തമായി നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.ബഹിരാകാശ യാത്രികർക്കുള്ള പരിശീലനം പൂർണ്ണമായും ഇന്ത്യയിൽ തന്നെയാകും നടത്തുക. പദ്ധതിക്കായി പ്രത്യേക സെല്‍ ഉടൻ രൂപവത്കരിക്കും. ഗഗന്‍യാന്‍ ദേശീയ ഉപദേശക കൗണ്‍സിലായിരിക്കും പദ്ധതിയുടെ മേല്‍നോട്ടം നിര്‍വഹിക്കുക.
ആറ് മാസത്തിനുള്ളിൽ ബഹിരാകാശ യാത്രികരെ തെരഞ്ഞെടുക്കുമെന്നും വാർത്താസമ്മേളനത്തിൽ അറിയിച്ചു. പതിനായിരം കോടി രൂപ ചെലവ് കണക്കാക്കുന്ന പദ്ധതിയ്ക്ക് കഴിഞ്ഞ ഡിസംബറില്‍ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ഐഎസ്ആര്‍ഒ വികസിപ്പിച്ചെടുക്കുന്ന റോക്കറ്റില്‍ തന്നെയാകും യാത്രയെന്നും ബഹിരാകാശ രംഗത്ത് ഇന്ത്യ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വന്‍ മുന്നേറ്റം നടത്തുമെന്നും ഇതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടതായും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
ഇതാദ്യമായാണ് മനുഷ്യരെ വഹിക്കാന്‍ ശേഷിയുള്ള ബഹിരാകാശ പേടകം ഇന്ത്യ വിക്ഷേപിക്കാന്‍ ഒരുങ്ങുന്നത്. പദ്ധതി നടപ്പിലാകുന്നതോടെ സോവിയേറ്റ് യൂണിയനും, അമേരിക്കകും, ചൈനക്കും ശേഷം ബഹിരാകാശത്തേക്ക് ആളെ അയക്കുന്ന രാജ്യമെന്ന നേട്ടം ഇന്ത്യ കൈവരിക്കും. നേരത്തെ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷിച്ച് സ്പേസ് ഡിഫന്‍സ് രംഗത്ത് ഇന്ത്യ വന്‍ നേട്ടം കുറിച്ചിരുന്നു. ഇത് വിവാദമായി എങ്കിലും അമേരിക്കക്കും റഷ്യക്കും ചൈനക്കും ശേഷം ഇത്തരം ഒരു സങ്കേതികവിദ്യയുള്ള രാജ്യമായി ഇന്ത്യ മാറിയിരുന്നു.
Post Your Comments