ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയില്‍ സ്ഥിതിചെയ്യുന്ന ചരിത്രവും ഐതിഹ്യവും ലയിച്ച അപൂര്‍വ്വം ക്ഷേത്രങ്ങളിലൊന്നാണ് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം. പാര്‍ത്ഥസാരഥി സങ്കല്പത്തില്‍ വലതുകൈയ്യില്‍ ചമ്മട്ടിയും ഇടതുകൈയ്യില്‍ പാഞ്ചജന്യവുമായി നില്‍ക്കുന്ന പരബ്രഹ്മസ്വരൂപനായ ശ്രീ കൃഷ്ണഭഗവാന്റെ പ്രതിഷ്ഠയാണ് ഇവിടുത്തേത് [1]. ലോകപ്രസിദ്ധമായ അമ്പലപ്പുഴ പാല്‍പ്പായസവും, അമ്പലപ്പുഴ വേലകളിയും ഈ ക്ഷേത്രത്തോട് അനുബന്ധിച്ചുള്ളവയാണ്. പഴയ നാട്ടുരാജ്യമായിരുന്ന ചെമ്പകശ്ശേരിയിലെ ഭരണാധികാരി പൂരാടം തിരുനാള്‍ ദേവനാരായണന്‍ ക്രി.വര്‍ഷം 1545-ലാണ് (കൊ.വര്‍ഷം 720) അമ്പലപ്പുഴയില്‍ ഈ ക്ഷേത്രം നിര്‍മ്മിച്ചത്. അമ്പലപ്പുഴ ക്ഷേത്രപ്രതിഷ്ഠയുമായി ബന്ധപ്പെടുത്തിയാണ് മൂലം നാളില്‍ ചമ്പക്കുളം പമ്പാനദിയില്‍ രാജപ്രമുഖന്‍ വള്ളംകളി 1545-മുതല്‍ അരങ്ങേറുന്നത് [2]. ഉപദേവതകളായി ശിവന്‍, ഗണപതി, അയ്യപ്പന്‍, ഭദ്രകാളി എന്നിവര്‍ക്കും പ്രതിഷ്ഠകളുണ്ട്. മീനമാസത്തില്‍ തിരുവോണം ആറാട്ടായി പത്തുദിവസം ഉത്സവം ക്ഷേത്രത്തിലുണ്ട്. ഇവയില്‍ ഒമ്പതാം ദിവസമാണ് ഏറ്റവും വിശേഷം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.
ഈ ക്ഷേത്രത്തെപ്പറ്റിയുള്ള ഒരു ഐതിഹ്യപ്രകാരം വില്വമംഗലത്തു സ്വാമിയാരാണ് ക്ഷേത്രത്തിനു സ്ഥാനം നിശ്ചയിച്ചത്. ചെമ്പകശ്ശേരി രാജാവ് ഒരു ദിവസം സ്വാമിയാരുമൊത്തു വള്ളത്തില്‍ യാത്ര ചെയ്യുകയായിരുന്നു. ആ സമയം കര്‍ണാനന്ദകരമായ ഓടക്കുഴല്‍ഗാനം കേട്ട് രാജാവ് ചുറ്റുപാടും നോക്കി. എന്നാല്‍ ആ പ്രദേശത്തെങ്ങും ആരും ഉണ്ടായിരുന്നില്ല. ശ്രീകൃഷ്ണന്റെ ഓടക്കുഴല്‍ ഗാനമാണു കേട്ടതെന്നും അവിടെ ഒരു ക്ഷേത്രം പണിയണമെന്നും സ്വാമിയാര്‍ രാജാവിനെ അറിയിച്ചു. അങ്ങനെയാണ് ആ ക്ഷേത്രം അവിടെ പണി ചെയ്യപ്പെട്ടതെന്ന് ഐതിഹ്യങ്ങള്‍ പറയുന്നു.
അമ്പലപ്പുഴയില്‍ പ്രസിദ്ധമായ ഐതിഹ്യമാണ് നാറാണത്തുഭ്രാന്തന്‍ നടത്തിയ പ്രതിഷ്ഠ. പ്രതിഷ്ഠാസമയത്ത് അഷ്ടബന്ധം ഉറയ്ക്കാതെ തന്ത്രിമാര്‍ (പുതുമനയും കടികക്കോലും) വിഷമിച്ചു. അപ്പോള്‍ ആ വഴി വന്ന നാറാണത്തുഭ്രാന്തനോട് അപേക്ഷിച്ചതനുസരിച്ച് അദ്ദേഹം കയ്യിലിരുന്ന മീന്‍ ശ്രീകോവിലിനു പുറത്തുവെച്ചെന്നും വായിലെ മുറുക്കാന്‍ (താംബൂലം) തുപ്പി വിഗ്രഹം ഉറപ്പിച്ചെന്നും വിശ്വസിക്കുന്നു. താംബൂലം ഒഴുക്കി വിഗ്രഹപ്രതിഷ്ഠ നടത്തിയതു കൊണ്ട് താംബൂലപ്പുഴയെന്നും പിന്നീട് അമ്പലപ്പുഴയെന്നും പേരുവന്നെന്നും പറയപ്പെടുന്നു.
Post Your Comments