KeralaLatest News

കേരളത്തിലെ ചരിത്രപരാജയത്തിനു കാരണമെന്തെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി വിലയിരുത്തല്‍; വിഷയം പരിഹരിക്കാന്‍ ബദല്‍മാര്‍ഗം കണ്ടെത്തണമെന്നും നിര്‍ദ്ദേശം

കേരളത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് മുന്‍പില്‍ കൃത്യമായ ബദല്‍ വെക്കാനാവാത്തത് തിരിച്ചടിയായെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയുടെ വിലയിരുത്തല്‍. തെരഞ്ഞെടുപ്പിലെ പരാജയത്തില്‍ നിന്നും തിരിച്ചുവരവിന് കര്‍മ്മപരിപാടികള്‍ തയ്യാറാക്കി പ്രവര്‍ത്തിക്കാനും കേന്ദ്ര കമ്മിറ്റിയുടെ തീരുമാനം. തെരഞ്ഞെടുപ്പിലെ പാര്‍ട്ടി പ്രകടനം വിലയിരുത്തിയാണ് കേന്ദ്രകമ്മിറ്റി സി.പി.എമ്മിന്റെ തിരിച്ച് വരവിന് കര്‍മ്മ പരിപാടി തയ്യാറാക്കി പ്രവര്‍ത്തിക്കാന്‍ തീരുമാനമെടുത്തത്. സംഘടനാ ദൗര്‍ബല്യം മറികടക്കാന്‍ തിരുത്തല്‍ നടപടികള്‍ക്ക് വഴി തുറന്നിട്ടാകും കര്‍മ്മപരിപാടികള്‍.

കേരളത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് മുന്‍പില്‍ കൃത്യമായ ബദല്‍ വെക്കാനാവാത്തത് തിരിച്ചടിയായെന്ന് യോഗത്തില്‍ കേരള ഘടകവും ചൂണ്ടിക്കാട്ടി. എന്നാല്‍ സാമ്പത്തിക പരാധീനത അടക്കമുള്ള വിഷയങ്ങള്‍ തിരിച്ചടിക്ക് ആക്കംകൂട്ടിയെന്ന് ബംഗാള്‍ ഘടകം പറഞ്ഞു. എതിരാളികളെ നേരിടാനുള്ള സാമ്പത്തിക ശേഷി ഇല്ലാത്തത് പ്രചാരണത്തെ പ്രതികൂലമായി ബാധിച്ചുവെന്നും സി.സിയില്‍ ബംഗാള്‍ ഘടകം അറിയിച്ചു. നേരത്തെ ബംഗാളില്‍ കനത്ത തിരിച്ചടിക്ക് കാരണം കോണ്‍ഗ്രസ് സഖ്യം ഇല്ലാത്തതാണെന്ന സി.പി.എം ബംഗാള്‍ ഘടകത്തിന്റെ റിപ്പോര്‍ട്ട് പി.ബി തളളിയിരുന്നു.

അതേ സമയം സംസ്ഥാന ഘടകത്തിന് നേരെ വിമര്‍ശനമുന്നയിച്ച് കേന്ദ്രകമ്മിറ്റിക്ക് വി.എസ് അച്യുതാനന്ദന്‍ കത്തയച്ചു.  തെരഞ്ഞെടുപ്പ് തോല്‍വിക്ക് ഇടതുപക്ഷം ശരിയായ ഉത്തരം കണ്ടെത്തേണ്ടതുണെന്ന് വി.എസ് പറഞ്ഞു. ഇന്നത്തെക്കാള്‍ മതവിശ്വാസവും യഥാസ്ഥിതികത്വവും ദുരാചാരങ്ങളും ശക്തമായിരുന്നു പഴയ കാലത്ത്. എന്നിട്ടും അന്ന് ഇടതുപക്ഷം മുന്നേറി. യാഥാസ്ഥിതികത്വം നിഷ്പ്രഭമാക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കഴിയുന്നില്ലെന്നും അദ്ദേഹം വിമര്‍ശിക്കുകയായിരുന്നു. ഇതോടൊപ്പം വരള്‍ച്ചാ ഭീഷണിയില്‍ സഹായം നേടിയെടുക്കാനുള്ള പ്രക്ഷോഭം നയിക്കാനുള്ള പ്രമേയവും സി.പി.എം കേന്ദ്രകമ്മിറ്റിയില്‍ പാസാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button