കോഴിക്കോട്: ഓണ്‍ലൈന്‍ ടാക്‌സി സേവനത്തിന് പിന്നാലെ ഇനി ഓട്ടോ റിക്ഷകളും ലഭിക്കും. ഓണ്‍ലൈന്‍ ആയി ഓട്ടോ ബുക്ക് ചെയ്ത് യാത്ര ചെയ്യാനാവുന്ന കോള്‍ ഓട്ടോ എന്ന അപ്ലിക്കേഷന്‍ കോഴിക്കോട് പുറത്തിറക്കി. കേരളത്തിലെ നഗരങ്ങളില്‍ മാത്രമല്ല, ഗ്രാമങ്ങളിലും ഈ സേവനം ലഭ്യമാകും എന്നതാണ് കോള്‍ ഓട്ടോയുടെ പ്രത്യേകത. ചലച്ചിത്ര നടന്‍മാരായ ടൊവിനോ തോമസ്, വിനോദ് കോവൂര്‍ എന്നിവര്‍ ചേര്‍ന്ന് ആപ്ലിക്കേഷന്‍ പുറത്തിറക്കി.
യാത്രക്കാരന് കോള്‍ ഓട്ടോ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. ഇതിലൂടെ ഏറ്റവും അടുത്തുള്ള ഓട്ടോ റിക്ഷ പെട്ടെന്ന് തന്നെ ബുക്ക് ചെയ്യാനാകും. യാത്ര പോകാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തേക്കുള്ള യാത്രാ കൂലിയും ദൂരവും ഈ ആപ്പിലൂടെ നേരത്തെ തന്നെ മനസിലാക്കി വയ്ക്കുകയും ചെയ്യാം. ഓട്ടോകള്‍ നിലവില്‍ ഈടാക്കുന്ന ഔദ്യോഗിക നിരക്ക് തന്നെയാണ് ഈ സേവനത്തിനും ഉള്ളത്. ബുക്ക് ചെയ്താല്‍ ആ ഓട്ടോയുടെ എല്ലാ വിവരങ്ങളും യാത്രക്കാരന് കിട്ടും. ഓട്ടോ ഡ്രൈവര്‍ എന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഡ്രൈവര്‍മാര്‍ക്ക് യാത്രക്കാരെയും കണ്ടെത്താം.
15 ദിവസത്തിനകം സംവിധാനം പൂര്‍ണരൂപത്തില്‍ പൊതു ജനങ്ങള്‍ക്ക് ലഭ്യമാവും. സ്ത്രീ സുരക്ഷ കണക്കിലെടുത്ത് ആപ്പില്‍ എമര്‍ജന്‍സി ബട്ടന്‍ എന്ന സംവിധാനം ഒരുക്കിയിട്ടുണ്ട്. അടിയന്തിര ഘട്ടത്തില്‍ പൊലീസിലും ബന്ധപ്പെട്ട പത്ത് നമ്പറുകളിലേക്കും അലേര്‍ട്ട് സന്ദേശം അയക്കുന്നതിനുള്ള സംവിധാനമാണ് എമര്‍ജന്‍സി ബട്ടണിലുള്ളത്.
Post Your Comments