കാബൂള്‍ : മലയാളികളെ ഭീകര സംഘടനയായ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യുന്നതിന് നേതൃത്വം നല്‍കിയിരുന്ന കാസര്‍കോട് സ്വദേശി റാഷിദ് അബ്ദുല്ല കൊല്ലപ്പെട്ടതായി വാര്‍ത്തകള്‍ വന്നതോടെ റാഷിദിനൊപ്പം ഐഎസില്‍ ചേരാന്‍ പോയ ഭാര്യയും കുഞ്ഞും എവിടെയെന്ന ചോദ്യമാണ് ബാക്കിയാവുന്നത്. ഭാര്യ ആയിഷയും (സോണിയ സെബാസ്റ്റ്യന്‍) രണ്ടര വയസ്സുള്ള മകള്‍ സാറയും റാഷിദിനൊപ്പമുണ്ടായിരുന്നു.
ആദ്യമായി ഐഎസില്‍ ചേര്‍ന്ന മലയാളികളുടെ സംഘത്തലവനാണ് റാഷിദ് എന്നാണ് വിവരം. തൃക്കരിപ്പൂര്‍, പടന്ന, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നുള്ള മലയാളികള്‍ക്കൊപ്പം 2016 മേയിലാണ് റാഷിദും കുടുംബവും ഐഎസില്‍ ചേരാന്‍ വീട് വിട്ടിറങ്ങിയത്. യുഎഇയിലെത്തി അവിടുന്ന് ഇറാനിലേക്കും പിന്നീട് അഫ്ഗാനിസ്ഥാനിലുമെത്തി.
റാഷിദ് പഠിച്ചതും വളര്‍ന്നതും ഒമാനിലാണ്. മസ്‌കറ്റിലെ സ്‌കൂള്‍ പഠനത്തിന് ശേഷം ബിടെക് പഠിക്കാന്‍ കോട്ടയം പാലായിലെത്തി. യൂണിവേഴ്‌സിറ്റി കലോത്സവങ്ങള്‍ക്കിടെയാണ് എറണാകുളത്ത് പഠിക്കുന്ന സോണിയ സെബാസ്റ്റ്യനെ റാഷിദ് പരിചയപ്പെടുന്നത്. പഠനം പൂര്‍ത്തിയായ ശേഷം റാഷിദ് ദുബായില്‍ ജോലിക്കു പോയി. സോണിയ ബെംഗളുരുവില്‍ എംബിഎ പഠനത്തിനും ചേര്‍ന്നു. ഇരുവരും തമ്മിലുള്ള പ്രണയബന്ധം ശക്തമായത് ഇക്കാലയളവിലാണ്. ഇസ്ലാമില്‍ ചേരാനുള്ള ആഗ്രഹവും താത്പര്യവും ഇക്കാലത്ത് സോണിയ പ്രകടിപ്പിച്ചിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു.
വിവാഹശേഷമാണ് റഷീദിന് കോഴിക്കോട് പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ജോലി ലഭിക്കുന്നത്. അവിടെവെച്ചാണ് ബിഹാറുകാരിയായ യാസ്മിനെ പരിചയപ്പെടുന്നത്. റഷീദിനെ ഐസ്എസിലേക്ക് അടുപ്പിക്കുന്നത് യാസ്മിനാണ്. യാസ്മിനെ ഇയാള്‍ രണ്ടാം ഭാര്യയാക്കി. വീടും നാടും എല്ലാം ഉപേക്ഷിച്ച ആയിഷയക്ക് റഷീദിനെ എതിര്‍ക്കാനായില്ല. 2016 മെയ് 31നാണ് മൂവരും മുംബൈയില്‍ നിന്നും മസ്‌ക്കറ്റിലേക്ക് വിമാനം കയറി.
അന്ന് ആയിഷ ഗര്‍ഭിണിയായിരുന്നു. അതിനുശേഷം ഇവര്‍ അഫ്ഗാനിസ്ഥാനിലെ ഐഎസ് ക്യാംപിലേക്ക് പോയി. അവിടെവെച്ചാണ് സാറ എന്ന പെണ്‍കുഞ്ഞിന് ആയിഷ ജന്മം നല്‍കുന്നത്. ബോംബാക്രമണത്തില്‍ റഷീദ് മരിച്ചെന്ന വിവരം വന്നെങ്കിലും ആയിഷയും കുഞ്ഞും എവിടെയെന്നുള്ളത് ചോദ്യചിഹ്നമായി തുടരുകയാണ്.
Post Your Comments