
ന്യൂദല്‍ഹി: രാജ്യത്തിനുറപ്പു നല്‍കിയ രണ്ടു മന്ത്രാലയങ്ങള്‍ രൂപീകരിച്ച് മന്ത്രിമാരെ നിശ്ചയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്കു പാലിച്ചു. കേരളത്തിന് കൂടി വളരെ ഉപകാരമാവുന്ന തരത്തില്‍ സ്വതന്ത്ര്യ ഫിഷറീസ് വകുപ്പു രൂപീകരിക്കുമെന്ന് ഈ വര്‍ഷം ഫെബ്രുവരിയില്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റിലാണ് പ്രഖ്യാപിച്ചത്. കേരളത്തിലെ മത്സ്യത്തൊഴിലാളികളും അവരുടെ സംഘടനകളും ഏറെക്കാലമായി മുന്നോട്ടു വയ്ക്കുന്ന പ്രധാന ആവശ്യമായിരുന്നു കേന്ദ്രത്തില്‍ ഫീഷറീസ് വകുപ്പ്.
പ്രത്യേക മന്ത്രാലയം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും മുമ്പ് കേന്ദ്രസര്‍ക്കാരിനു നിവേദനം നല്‍കിയിരുന്നു.ഓഖി ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയും അന്നത്തെ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനും മത്സ്യതൊഴിലാളികള്‍ക്ക് നല്‍കിയ ഉറപ്പാണ് പാലിച്ചത്. ഇത്രയും കാലം കൃഷി മന്ത്രാലയത്തനു കീഴിലായിരുന്നു ഫിഷറീസ്. മന്ത്രിമാര്‍ക്ക് വകുപ്പുകള്‍ നിശ്ചയിച്ചപ്പോള്‍ ഫിഷറീസ് സ്വതന്ത്ര വകുപ്പായി നിശ്ചയിച്ചു.
ഗിരിരാജ് സിങ്ങിനാണ് ഈ വകുപ്പിന്റെ ചുമതല. പ്രധാനമന്ത്രി നേരിട്ടു പ്രഖ്യാപിച്ച ജല്‍ ശക്തി മന്ത്രാലയവും രൂപീകരിച്ചു. ജല മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക മന്ത്രാലയം രൂപീകരിക്കുമെന്ന് കഴിഞ്ഞ മാസം തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പു റാലിയില്‍ സംസാരിക്കുമ്പോഴാണ് മോദി പ്രഖ്യാപിച്ചത്. ജോധ്പുരില്‍ നിന്ന് ലോക്‌സഭയിലെത്തിയ ഗജേന്ദ്ര സിങ് ശെഖാവത്തിനാണ് ജല്‍ ശക്തി മന്ത്രാലയത്തിന്റെ ചുമതല. കഴിഞ്ഞ മന്ത്രിസഭയില്‍ നിതിന്‍ ഗഡ്കരിയുടെ കീഴിലുണ്ടായിരുന്ന ജല സ്രോതസ്സ്, ഗംഗാ ശുദ്ധീകരണം, നദീ വികസനം എന്നീ വകുപ്പുകള്‍ പുന:ക്രമീകരിച്ചാണ് ജല്‍ ശക്തി വകുപ്പു രൂപീകരിച്ചത്.
Post Your Comments