ന്യൂഡല്‍ഹി : തുടര്‍ച്ചയായി രണ്ടാം തവണയും പ്രധാനമന്ത്രിയായി അധികാരമേറ്റ നരേന്ദ്ര മോദിയുടെ മന്ത്രിസഭയില്‍ പരിചയസമ്പന്നര്‍ക്കൊപ്പം ഒട്ടേറെ പുതുമുഖങ്ങളും. ബിജെപി അധ്യക്ഷന്‍ അമിത് ഷാ, മുന്‍ വിദേശകാര്യ സെക്രട്ടറി എസ്.ജയ്ശങ്കര്‍, ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി രമേശ് പൊഖ്രിയാല്‍ എന്നിവരാണു കാബിനറ്റ് റാങ്കുള്ള പുതുമുഖ പ്രമുഖര്‍. കേരളത്തില്‍ നിന്നുള്ള വി.മുരളീധരന്‍ ഉള്‍പ്പെടെ 20 പുതുമുഖങ്ങളാണു വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തത്.
കഴിഞ്ഞ മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന രാജ്‌നാഥ് സിങ്, നിതിന്‍ ഗഡ്കരി, നിര്‍മല സീതാരാമന്‍, സ്മൃതി ഇറാനി, പീയൂഷ് ഗോയല്‍ തുടങ്ങിയവര്‍ക്ക് ഇതു രണ്ടാമൂഴമാണ്. അരുണ്‍ ജയ്റ്റ്‌ലി, സുഷമ സ്വരാജ്, രാജ്യവര്‍ധന്‍ സിങ് റാത്തോഡ്, മേനക ഗാന്ധി, ഉമാ ഭാരതി, അനുപ്രിയ പട്ടേല്‍, സുരേഷ് പ്രഭു തുടങ്ങിയവരാണ് ഇത്തവണ മന്ത്രിസ്ഥാനം ലഭിക്കാതിരുന്ന പ്രമുഖര്‍.
മുന്‍ വിദേശകാര്യ സെക്രട്ടറി എസ്. ജയ്ശങ്കറിനെ മന്ത്രിയാക്കിയത് സര്‍ക്കാരിലെയും പാര്‍ട്ടിയിലെയും പലരെയും അത്ഭുതപ്പെടുത്തി. അജിത് ഡോവലിനെ മാറ്റേണ്ടിവന്നാല്‍ പകരം ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയോഗിക്കാന്‍ പറ്റിയ ആളായിട്ടാണ് മോദിയുടെ ഇഷ്ടക്കാരനായ ജയ്ശങ്കറെ കണ്ടിരുന്നത്. മോദിയുടെ വിദേശനയം 3 വര്‍ഷം കൈകാര്യം ചെയ്ത ജയ്ശങ്കറിന് ഈ വര്‍ഷമാദ്യം പത്മഭൂഷണ്‍ നല്‍കിയിരുന്നു. മുതിര്‍ന്ന ഉദ്യോഗസ്ഥരെ മന്ത്രിസഭയില്‍ ഉപയോഗപ്പെടുത്തുന്നതെങ്ങനെയെന്നു മോദി കാണിച്ചുതരുകയാണ് ഇതുവഴി.
Post Your Comments