വയനാട് : വയനാട്ടിലെ എന്‍.സി.സി ബറ്റാലിയന്‍ കം എന്‍.സി.സി ട്രെയിനിംങ്ങ് അക്കാദമി നിര്‍മാണം നിലച്ച നിലയില്‍. തവിഞ്ഞാല്‍ പഞ്ചായത്തിലെ മക്കിമലയിലാണ് മലബാറിലെ രണ്ടാമത്തെ ബറ്റാലിയനായി സ്ഥലം കണ്ടെത്തിയിരുന്നത്. 2013 ഒക്ടോബര്‍ 26 ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവിലൂടെയാണ് മാനന്തവാടി താലൂക്കില്‍ എന്‍.സി.സി ബറ്റാലിയനും ട്രെയിനിംഗ് അക്കാദമിയും അനുവദിച്ചത്.
എന്നാല്‍ സ്ഥലം കൈമാറി മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും ആദ്യ ഘട്ടത്തില്‍ അനുവദിച്ച രണ്ട് കോടി രൂപ ചിലവഴിച്ച് നിര്‍മ്മിച്ച ചെയിന്‍ ലിങ്ക്ഡ് ഫെന്‍സിങ്ങ് സ്ഥാപിച്ചതല്ലാതെ മറ്റൊരു പ്രവര്‍ത്തികളും നടന്നിട്ടില്ല. 1200 ഓളം കേഡറ്റുകള്‍ക്ക് താമസിച്ച് പരിശീലനം നല്‍കുന്നതിനുള്ള അക്കാദമിയാണ് ഉദ്ദേശിച്ചിരുന്നത്.പരേഡ് ഗ്രൗണ്ട്, ഫയറിംഗ് റെയ്ഞ്ച്, ഒബ്‌സ്ട്രക്കിള്‍ ക്രോസ്സിംഗ്, റോപ്പ് ക്‌ളൈമ്പിംഗ് എന്നിവക്കുള്ള സൗകര്യങ്ങളും അക്കാദമിയില്‍ സജജീകരിക്കും.
കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള 400 ആണ്‍കുട്ടികള്‍ക്കും 200 പെണ്‍കുട്ടികള്‍ക്കും ദശദിന ക്യാമ്പുകളിലൂടെ പരിശീലനം നല്‍കുന്നതിനുള്ള സൗകര്യവും ബറ്റാലിയനിലുണ്ടാകും. ബറ്റാലിയന്‍ യഥാര്‍ത്ഥമായാല്‍ ജില്ലയിലെ എന്‍.സി.സി സബ് യുണിറ്റുകള്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള സ്‌കൂളുകള്‍ക്ക് പുതിയ യൂണിറ്റ് ആരംഭിക്കാന്‍ കഴിയുന്നതോടൊപ്പം തവിഞ്ഞാല്‍ പഞ്ചായത്തിലെ നിരവധി പേര്‍ക്ക് ജോലിയും ലഭിക്കുമായിരുന്നു.
ഇക്കാര്യത്തില്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരുടെ അടിയന്തിര ശ്രദ്ധ പതിയണമെന്നാണ് ആവശ്യം ഉയരുന്നത്. തിരുവനന്തപുരത്തെ എന്‍.സി.സി ഡയറക്ടറേറ്റില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥര്‍ മക്കിമലയിലെ സ്ഥലം സന്ദര്‍ശിച്ച് അനുയോജ്യമാണെന്ന് കണ്ടെത്തിയിരുന്നു. പിന്നീട് വിവിധ വകുപ്പുകള്‍ തമ്മില്‍ നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ 1989 ല്‍ പ്രിയദര്‍ശിനി എസ്റ്റേറ്റിന് അനുവദിച്ച തവിഞ്ഞാല്‍ പഞ്ചായത്തിലെ മക്കിമല മുനീശ്വരന്‍ കുന്നിലെ 2 ഏകര്‍ സ്ഥലം റവന്യു വകുപ്പ് 2016 ഫെബ്രുവരിയില്‍ എന്‍ സി സി ക്ക് കൈമാറി.
Post Your Comments