ബെംഗളൂരു: രണ്ടു ശരീരവും ഒരു ഹൃദയവുമായി ഇന്ത്യയിലെത്തിയ സയാമീസ് ഇരട്ടകളിൽ നിന്ന് തിരികെപ്പോകുന്നത് ഒരാൾമാത്രം. മൂന്നുമാസംമുമ്പാണ് പത്തുദിവസം പ്രായമുള്ള സയാമീസ് ഇരട്ടകളെ മൗറീഷ്യസിൽ നിന്ന് ചികിത്സയ്ക്കായി ഇന്ത്യയിലെത്തിച്ചത്. മൗറീഷ്യസിൽ ചികിത്സയ്ക്കുള്ള സൗകര്യമില്ലാത്തതിനാൽ ജീവൻ രക്ഷിക്കാൻ വിദേശത്ത് കൊണ്ടുപോകണമെന്ന് അവിടത്തെ ഡോക്ടർമാർ തന്നെയാണ് ആവശ്യപ്പെട്ടത്. തുടർന്ന് യൂറോപ്യൻ രാജ്യങ്ങളിലെ പല ആശുപത്രികളെയും സമീപിച്ചെങ്കിലും അനുകൂലമായ പ്രതികരണമല്ല ലഭിച്ചത്. പിന്നീട് ഇവരെ ബാംഗ്ലൂരിൽ എത്തിക്കുകയായിരുന്നു.
ഒറ്റഹൃദയംമാത്രമുള്ളതിനാൽ ഒരു കുഞ്ഞിനെ മാത്രമേ രക്ഷിക്കാൻ കഴിയുകയുള്ളൂവെന്ന് മാതാപിതാക്കളെ നേരത്തേ ഡോക്ടർമാർ അറിയിച്ചിരുന്നു. ഒന്നിലധികം ഘട്ടങ്ങളിലായാണ് ശസ്ത്രക്രിയ നടത്തിയത്. സാധാരണ നവജാതശിശുക്കളുടേതിനെക്കാൾ ദുർബലമായ ഒറ്റഹൃദയമാണ് ഇവർക്കുണ്ടായിരുന്നത്. ഇതോടെ ചികിത്സ കൂടുതൽ സങ്കീർണമായി. ഫെബ്രുവരി 11 ന് നടത്തിയ ശസ്ത്രക്രിയയിൽ ഹൃദയത്തിൽ ‘സ്റ്റെന്റ്’ ഘടിപ്പിച്ചിരുന്നു. പിന്നീട് മാർച്ച് 11-നുനടന്ന ശസ്ത്രക്രിയയിലാണ് ഒരു കുഞ്ഞിൽനിന്ന് രണ്ടാമത്തെ കുഞ്ഞിന്റെ ശരീരം വേർപെടുത്തിയത്. രണ്ടുമാസത്തോളം നിരീക്ഷണത്തിലായിരുന്ന കുഞ്ഞ് ഇപ്പോൾ പൂർണ ആരോഗ്യവതിയാണ്.
Post Your Comments