തിരുവനന്തപുരം: സംസ്ഥാന സ്‌പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റായി ഒളിമ്പ്യന്‍ മേഴ്സി കുട്ടനെ തെരഞ്ഞെടുത്തു. 2016ല്‍ സ്‌പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റായിരുന്നു. മേഴ്സി കുട്ടന്റെ അനുഭവ സമ്പത്ത് സ്‌പോര്‍ട്സ് കൗണ്‍സിലിനും കായിക കേരളത്തിനും മുതല്‍ക്കൂട്ടാകുമെന്ന് മന്ത്രി ഇ.പി.ജയരാജന്‍ പറഞ്ഞു. കായികഭരണത്തിന്റെ തലപ്പത്ത് കായിക താരങ്ങളെ നിയമിക്കുകയെന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് മേഴ്സി കുട്ടന്റെ നിയമനമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഐ എം വിജയനും ബീന മോളും ഉള്‍പ്പെടെയുള്ളവരെ സ്പോര്‍ട്സ് കൗണ്‍സില്‍ അംഗങ്ങളായി സംസ്ഥാന സര്‍ക്കാര്‍ നേരത്തെ നാമനിര്‍ദ്ദേശം ചെയ്തിരുന്നു. വോളിബോള്‍ താരം കപില്‍ദേവ്, ബോക്സിങ്ങ് താരം കെ സി ലേഖ എന്നിവരെയും കായികമേഖലയില്‍ നിന്ന് നിശ്ചയിച്ചിരുന്നു. ഫുട്ബോള്‍ പരിശീലകന്‍ വിക്ടര്‍ മഞ്ഞില, അത്ലറ്റിക്സ് പരിശീലകന്‍ പി പി തോമസ് എന്നിവരെ പരിശീലനരംഗത്തു നിന്നും കൗണ്‍സിലിലേക്ക് നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിലവിലെ പ്രസിഡന്റ് ടി പി ദാസന്‍ സ്ഥാനം ഒഴിയുന്ന സാഹചര്യത്തിലാണ് മേഴ്സിക്കുട്ടനെ ഈ സ്ഥാനത്തേക്ക് തീരുമാനിച്ചിരിക്കുന്നത്. വൈസ് പ്രസിഡന്റായി ഒ കെ വിനീഷിനെയാണ് പരിഗണിക്കുന്നത്.
Post Your Comments