
വയനാട് : പ്രളയത്തില്‍ തകര്‍ന്ന കണ്ണൂരില്‍നിന്ന് വയനാട്ടിലേക്കുള്ള പാല്‍ച്ചുരം റോഡ് പൂര്‍വസ്ഥിതിയിലാക്കിയില്ല. ശക്തമായ മഴ പെയ്താല്‍ ചുരം പൂര്‍ണമായും ഇടിയുമെന്ന ഭീതിയിലാണ് യാത്രക്കാരും നാട്ടുകാരും. അഞ്ചു മാസം മുന്‍പ് പ്രളയത്തില്‍ പൂര്‍ണമായി തകര്‍ന്ന അമ്പായത്തോട് പാല്‍ച്ചുരം ബോയ്‌സ് ടൗണ്‍ റോഡ് ലക്ഷങ്ങള്‍ മുടക്കി താല്‍ക്കാലികമായി പുനര്‍നിര്‍മ്മാണം നടത്തിയിരുന്നെങ്കിലും അതും തകര്‍ന്ന് ഗതാഗതം തീര്‍ത്തും ദുഷ്‌ക്കരമായിരിക്കുകയാണിപ്പോള്‍. മുളങ്കമ്പുകള്‍ക്കൊണ്ട് ബാരിക്കേഡുകള്‍ തീര്‍ത്ത പാതയില്‍ ഭീതിയോടെയാണ് വാഹനങ്ങള്‍ കടന്നു പോകുന്നത്.
താല്‍ക്കാലിക അറ്റകുറ്റപ്പണികള്‍ നടത്തിയ സ്ഥലങ്ങളില്‍ വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരിക്കുകയാണ്. കെ.എസ്.ആര്‍.ടി.സി. ബസുകള്‍ മാത്രം സര്‍വീസ് നടത്തുന്ന ഈ വഴിയില്‍ ബസുകള്‍ പതിവായി മുടങ്ങുകയും ചെയ്യുന്നു. വിദ്യാര്‍ഥികളടക്കം നൂറുകണക്കിനു പേര്‍ ദിവസവും യാത്ര ചെയ്യുന്ന ഈ വഴി ചരക്കു വാഹനങ്ങളും ഇപ്പോള്‍ സര്‍വീസ് നടത്തുന്നില്ല. അഞ്ചു ഹെയര്‍ പിന്‍ വളവുകളുള്ള ചുരത്തില്‍ നാലു കിലോമീറ്ററുകളോളം ദൂരമാണ് തകര്‍ന്നിരിക്കുന്നത്. വ്യാപാരികളടക്കമുള്ളവര്‍ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു.
റോഡിലേക്ക് ഇടിഞ്ഞ് വീണ കല്ലും മണ്ണും നീക്കി മുള കൊണ്ട് വേലി കെട്ടുക മാത്രമാണ് കഴിഞ്ഞ ഒന്‍പത് മാസം കൊണ്ട് ചെയ്തത്. ആഴ്ചകളോളം അടച്ചിട്ട ശേഷമാണ് ചുരം തുറന്ന് നല്‍കിയത്. ഏത് നിമിഷവും ഇടിഞ്ഞ് വീഴാവുന്ന രീതിയില്‍ കല്ലും മണ്ണും മരവും ഇരിക്കുന്നു. മിക്ക സ്ഥലങ്ങളിലും ഒരേസമയം ഒരുവശത്തേക്ക് മാത്രമെ വാഹനങ്ങള്‍ക്ക് കടന്നുപോകാനാകു. വേനല്‍ മഴയില്‍തന്നെ ചില സ്ഥലങ്ങളില്‍ മണ്ണിടിഞ്ഞിരുന്നു. ദിവസവും ആയിരക്കണക്കിന് വാഹനങ്ങളാണ് പാല്‍ച്ചുരംവഴി പോകുന്നത്.
Post Your Comments