തിരുവനന്തപുരം: മസാല ബോണ്ടിനെതിരെ നിയമസഭയില്‍ എം കെ മുനീറിന്റെ രൂക്ഷ വിമർശനം. പൊതുവിൽ സാമ്പത്തികമായി പരാജയപ്പെടുന്ന സിനിമകളെയാണ് മസാല പടങ്ങളെന്ന് പറയുന്നതെന്നും ഭാവിയില്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ പേര് മസാല ഐസക്ക് എന്നാവാതിരിക്കട്ടെയെന്നും മുനീര്‍ പരിഹസിച്ചു.ഇതേസമയം സഭയിലുണ്ടായിരുന്ന തോമസ് ഐസക്ക് മുനീറിന്‍റെ പ്രസ്താവന കേട്ട് ഏറെ നേരം ആലോചിച്ചിരുന്ന് ചിരിച്ചു.
‘ലണ്ടൻ സ്റ്റോക് എക്സേചേഞ്ചിൽ മുഖ്യമന്ത്രി മണി മുഴക്കിയത് വലിയ കാര്യമല്ല. അത് എല്ലാ ദിവസവും ആരെങ്കിലുമൊക്കെ ചെയ്യുന്നതാണ്. പിന്നെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് അതിനുള്ള അവസരം കിട്ടിയിട്ടില്ലെന്നുള്ളത് അഭിമാനകരമല്ല, അങ്ങനെയൊരു ഗതി കേരളത്തിന് വന്നല്ലോ എന്നുള്ളതാണ് ആലോചിക്കേണ്ടത്, ഇടവകയില്‍ ആരെങ്കിലും മരിച്ചാല്‍ മുഴക്കുന്ന മരണമണിയാണ് ലണ്ടൻ സ്റ്റോക് എക്സേചേഞ്ചിൽ മുഴങ്ങിയത്’ മുനീര്‍ പറഞ്ഞു.
മസാല ബോണ്ടുമായി ബന്ധപ്പെട്ട വ്യവസ്ഥകളിൽ ദുരൂഹതയുണ്ടെന്നും സംസ്ഥാന സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യതക്ക് ഇത് കാരണമാകുമെന്നും അതുകൊണ്ട് വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടതിനെ തുടർന്നാണ് സഭയിൽ ഇതേക്കുറിച്ച് പ്രത്യേക ചർച്ച നടന്നത്.
Post Your Comments