Latest NewsIndia

രാജി വെയ്ക്കരുതെന്ന് പാര്‍ട്ടിക്കുളളില്‍ ആവശ്യം ശക്തം; നാടകം കളിക്കാതെ രാഹുല്‍ പുറത്തു പോകണമെന്ന് സിപിഐ നേതാവ്

ന്യൂഡല്‍ഹി : രാഹുല്‍ ഗാന്ധിക്ക് ആത്മാര്‍ഥതയുണ്ടെങ്കില്‍ നാടകം കളിക്കാതെ രാജിവയ്ക്കണമെന്നു സിപിഐ ദേശീയ സെക്രട്ടറി അതുല്‍കുമാര്‍ അഞ്ജന്‍. രാജിഭീഷണിയിലൂടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിലകുറഞ്ഞ നാടകം കളിക്കുകയാണ്. നല്ലൊരു രാഷ്ട്രീയക്കാരനാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ശ്രമമാണു രാഹുല്‍ നടത്തുന്നത്. ബിജെപിയുടെ വിജയത്തിന് ഉത്തരവാദി രാഹുല്‍ ഗാന്ധി ആണ്.

അടുത്തിടെ അധികാരത്തിലെത്തിയ ആത്മവിശ്വാസത്തില്‍ മധ്യപ്രദേശിലും ഛത്തീസ്ഗഡിലും രാജസ്ഥാനിലും മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഒരു ഇഞ്ച് പോലും ഇടം നല്‍കിയില്ല. മൂന്നിടത്തും ഫലം വന്‍ തോല്‍വിയാണെന്നും അതുല്‍കുമാര്‍ പറഞ്ഞു. അതേസമയം, കേരളത്തിലെ ദയനീയ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ പിണറായി വിജയന്‍ രാജിവയ്‌ക്കേണ്ടതില്ലെന്നും സിപിഐ നേതാവ് വ്യക്തമാക്കി.

അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവയ്ക്കുകയാണെന്ന തീരുമാനത്തില്‍ മാറ്റമില്ലാതെ രാഹുല്‍ ഗാന്ധി. ഇക്കാര്യം ചര്‍ച്ച ചെയ്യാനും പുതിയ നേതാവിനെ കണ്ടെത്താനുമായി ഈയാഴ്ച തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ചേരുമെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. തീരുമാനം മാറ്റണമെന്നു മുതിര്‍ന്ന നേതാക്കളും പ്രവര്‍ത്തകരും ആവശ്യപ്പെട്ടെങ്കിലും രാഹുല്‍ ഉറച്ചുതന്നെയാണെന്നാണു വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button