ആലപ്പുഴ : ബസില്‍ യാത്രചെയ്തിരുന്ന യുവതിയുടെ കണ്ണില്‍ ഇരുമ്പ് കമ്പി തട്ടി കാഴ്ച നഷ്ടപ്പെട്ടു. ആലപ്പുഴയിലാണ് സംഭവം. പടുത വലിച്ചുകെട്ടാന്‍ റോഡരികിലെ ബേക്കറിക്കു മുന്നില്‍ അനധികൃതമായി സ്ഥാപിച്ചിരുന്ന പൈപ്പ് ബസില്‍ യാത്ര ചെയ്തിരുന്ന അഞ്ജുവിന്റെ കണ്ണില്‍ തുളച്ചു കയറുകയായിരുന്നു. അഞ്ജു യാത്ര ചെയ്തിരുന്ന കെഎസ്ആര്‍ടിസി ബസ് മറ്റൊരു വാഹനം കടന്നുപോകാന്‍ വശത്തേക്ക് ഒതുക്കിയപ്പോഴായിരുന്നു അപകടം.
ബേക്കറിയിലേക്ക് വെയില്‍ അടിക്കാതിരിക്കാന്‍ പടുത വലിച്ചു കെട്ടിയ 8 അടിയോളം നീളമുള്ള പൈപ്പിന്റെ അറ്റമാണ് കണ്ണില്‍ തുളച്ചു കയറിയത്. അപകടം നടന്നിട്ട് 15 ദിവസമായി. കണ്ണില്‍ രണ്ടു ശസ്ത്രക്രിയ കഴിഞ്ഞു. മുറിവു കരിഞ്ഞ ശേഷം വീണ്ടും ശസ്ത്രക്രിയ നടത്തി നോക്കാമെന്നാണ് ഇപ്പോള്‍ ഡോക്ടര്‍മാര്‍ പറയുന്നത്. ചെങ്ങന്നൂര്‍ കുമ്പിള്‍നില്‍ക്കുന്നതില്‍ ജോയിയുടെയും അമ്മിണിയുടെയും ഇളയ മകളായ അഞ്ജു(24) ചങ്ങനാശേരി അംബ ആയുര്‍വേദ ആശുപത്രിയിലെ നഴ്‌സാണ്. ഈ മാസം ഏഴിന് ജോലി കഴിഞ്ഞ് വീട്ടിലേക്കു വരും വഴി എംസി റോഡില്‍ ചെങ്ങന്നൂര്‍ നഗരത്തിലായിരുന്നു അപകടം.
ഇറങ്ങേണ്ട സ്റ്റോപ്പ് എത്തുന്നതിനു തൊട്ടു മുന്‍പ് അപകടമുണ്ടായതു മാത്രം അഞ്ജുവിന് ഓര്‍മയുണ്ട്. കൂലിപ്പണിക്കാരനായ അച്ഛന്‍ കടം വാങ്ങിയാണ് ചികിത്സ നടത്തുന്നത്. ഓരോ വട്ടവും പരിശോധനയ്ക്കു പോകാനും മരുന്നുകള്‍ക്കും നല്ല ചെലവുണ്ട്. ജോലിക്കു പോകാന്‍ കഴിയാത്തതിനാല്‍ ആ വരുമാനവുമില്ല. ഒരു ലക്ഷം രൂപയോളം ഇതുവരെ ചെലവായിയെന്നും അഞ്ജു പറയുന്നു.
കഴിഞ്ഞ മാസം 3ന് ആയിരുന്നു അഞ്ജുവിന്റെ വിവാഹനിശ്ചയം. സെപ്റ്റംബറില്‍ വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നു. പ്രതിശ്രുതവരന്‍ മുബൈയില്‍ പുതിയ ജോലിക്കു പ്രവേശിച്ച സമയത്താണ് അഞ്ജുവിന് അപകടമുണ്ടായത്. അതുകൊണ്ട് നാട്ടിലെത്തി അഞ്ജുവിനെ കാണാനായിട്ടില്ല. ഫോണില്‍ സംസാരിക്കും. ഇരുട്ടിലായ പകുതിക്കു വെളിച്ചമായി ഞാനുണ്ടാകും എന്ന അദ്ദേഹത്തിന്റെ വാക്ക് അഞ്ജുവിനു ധൈര്യമാണ്.
Post Your Comments