ഡൽഹി : ടിക് ടോക് താരത്തെ അജ്ഞാതര്‍ വെടിവച്ച് കൊലപ്പെടുത്തി.ജിംനേഷ്യം പരിശീലകനും ഡൽഹി ധര്‍മ്മപുര സ്വദേശിയുമായ മോഹിത് മോര്‍ എന്ന ഇരുപത്തിയേഴുകാരനാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്‌ച്ച വൈകുന്നേരം അഞ്ചുമണിക്ക് ശേഷമാണ് ആക്രമണം ഉണ്ടായത്. സ്‌കൂട്ടിയിലെത്തിയ മൂന്നംഗസംഘം ധര്‍മ്മപുരയിലെ ഫോട്ടോസ്‌റ്റാറ്റ് കടയില്‍ സുഹൃത്തുമായി സംസാരിച്ച് നില്‍ക്കുകയായിരുന്ന മോഹിതിനെ വെടിവെക്കുകയായിരുന്നു.
13 തവണയാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. വെടിയേറ്റ് കടയിലെ സോഫയിലേക്ക് വീണ മോഹിതിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു. ഏഴ് ബുള്ളറ്റുകളാണ് മോഹിതിന്റെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയത്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വ്യക്തിപരമായ പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ.
അന്വേഷണത്തിന്റെ ഭാഗമായി മോഹിതിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഫോൺ സന്ദേശങ്ങളും പരിശോധിക്കുമെന്ന് പോലീസ് വ്യക്തമാക്കി. മുഖം മൂടിധരിച്ചാണ് അക്രമികൾ എത്തിയത്. എന്നാൽ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്.
ജിനേഷ്യം പരിശീലകനായ മോഹിതിന് ടിക് ടോകില്‍ അഞ്ച് ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സുണ്ട്. ഇന്‍സ്‌റ്റഗ്രാമില്‍ 3000 ഫോളോവേഴ്‌സും ഉണ്ട്. ഫിറ്റ്‌നസ് വീഡിയോകളിലൂടെയാണ് മോഹിത് താരമായത്.
Post Your Comments