കാലിഫോർണിയ: കസ്ബറിന് അടങ്ങാത്ത ആഗ്രഹമായിരുന്നു ഒരു ലെമൂറിനെ വീട്ടിൽ വളർത്തണം എന്ന്. ഒരു ദിവസം വീട്ടിനടുത്തുള്ള സാന്റാ അനാമൃഗശാലയിൽ ചെന്നപ്പോൾ അവിടെ ഒരു വലിയ ഇരുമ്പുവേലിയ്ക്കുള്ളിൽ പാർപ്പിച്ചിരുന്ന ഒരു റിങ്ങ് ടെയിൽഡ് ലെമൂറിനോട് അവന് വല്ലാത്ത ഇഷ്ടം തോന്നി. ആ ലെമൂർ ചില്ലറക്കാരനായിരുന്നില്ല. മുപ്പത്തിരണ്ട് വയസ്സുപ്രായമുള്ള ഐസാക് എന്ന ആ ലെമൂർ അമേരിക്കയിൽ മൃഗശാലകളിൽ പാർപ്പിച്ചിരിക്കുന്ന ലെമൂറുകളിൽ ഏറ്റവും പ്രായം ചെന്നതായിരുന്നു. മഡഗാസ്കറിലെ വനാന്തരങ്ങളിൽ മാത്രം കണ്ടുവരുന്ന ഒരിനം കാട്ടു കുട്ടിക്കുരങ്ങാണ് ലെമൂർ.
എന്നിട്ട് കസ്ബർ എന്ത് ചെയ്തെന്നോ ? രാത്രി മൃഗശാലയൊക്കെ അടച്ച് എല്ലാവരും തിരിച്ചു പോയി, അവിടത്തെ സെക്യൂരിറ്റി സ്റ്റാഫ് മാത്രമായപ്പോൾ അവൻ തിരിച്ചു ചെന്ന്, ആരുമറിയാതെ ആ കോമ്പൗണ്ടിനുള്ളെക്ക് പ്രവേശിച്ചു. ആ ലെമൂറിനെ പാർപ്പിച്ചിരുന്ന ഇരുമ്പ് വേലി അവൻ ഒരു ബോൾട്ട് കട്ടർ ഉപയോഗിച്ച്മുറിച്ചു മാറ്റി. അവന്റെ ഈ പ്രവൃത്തി മൂലം ആ മൃഗശാലയിൽ പാർപ്പിച്ചിരുന്ന പല മൃഗങ്ങളും അതുവഴി അന്ന് മൃഗശാലയിൽ നിന്നും രക്ഷപ്പെട്ട നഗരത്തിലേക്കിറങ്ങി.
ഐസക്ക് എന്ന ആ ലെമൂറിനെ ഒരു പ്ലാസ്റ്റിക് പാത്രത്തിൽ വെന്റിലേഷന് ഒരു ദ്വാരം പോലും ഇടാതെയാണ് മൃഗശാലയ്ക്ക് വെളിയിലേക്ക് കൊണ്ടുപോയത്. അടുത്ത ദിവസമായപ്പോഴേക്കും അവന് കാര്യത്തിന്റെ ഗൗരവം വെളിപ്പെട്ടു. അവൻ ഐസക്കിനെ അതേ നെറ്റിയിൽ ന്യൂ പോർട്ട് ബീച്ചിലെ മാരിയറ്റ് ബേ വ്യൂ ഹോട്ടലിനുമുന്നിൽ ഒരു സ്വന്തം കൈപ്പടയിൽ എഴുതിയ ഒരു കുറിപ്പിനോടൊപ്പം ഉപേക്ഷിച്ചു.
ഈ സംഭവത്തെ എന്തായാലും, ഒരു ഹൈസ്കൂൾവിദ്യാർത്ഥിയുടെ വിവേകം വെടിഞ്ഞ പ്രവൃത്തിയായി മാത്രമേ തൽക്കാലം അധികൃതർ കാണുന്നുള്ളൂ. എന്നാൽ നിയമത്തിനു മുന്നിൽ കസ്ബർ ചെയ്ത കുറ്റം അത്ര ചെറുതല്ല. അവൻ ചെയ്ത കുറ്റത്തിന് അമേരിക്കയിലെ നിയമം പ്രകാരം അവന് ഒരു വർഷം വരെ തടവും അറുപതുലക്ഷം രൂപ വരെ പിഴയും കിട്ടിയേക്കും. താൻ ചെയ്ത കുറ്റം അവൻ നിരുപാധികം സമ്മതിച്ചു കഴിഞ്ഞു.
Post Your Comments