പത്തനംതിട്ട: മെയ് 23ന് നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ കേന്ദ്രത്തിന് ത്രിതല സുരക്ഷ ഒരുക്കും. ലോക്കല്‍ പോലീസ്, സംസ്ഥാന സായുധ സേന, കേന്ദ്ര സായുധ സേന എന്നിവരാണ് സുരക്ഷയൊരുക്കുക. ജില്ലയിലെ ഏക വോട്ടെണ്ണല്‍ കേന്ദ്രം ചെന്നീര്‍ക്കര കേന്ദീയ വിദ്യാലയമാണ്. കാഞ്ഞിരപ്പളളി, പൂഞ്ഞാര്‍, തിരുവല്ല, റാന്നി, ആറന്മുള, കോന്നി, അടൂര്‍ എന്നിങ്ങനെ ഏഴ് മണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍ ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തിലാണ് നടക്കുക. വോട്ടെണ്ണലിനായി മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ക്കും ഓരോ ഹാള്‍ ഉണ്ടാവും. ഓരോ ഹാളിലും വോട്ടെണ്ണലിനായി 14 മേശകള്‍ സജ്ജീകരിക്കും. പോസ്റ്റല്‍ ബാലറ്റ് എണ്ണാന്‍ എട്ട് മേശകളും ഇറ്റിപിബിഎസ് എണ്ണാന്‍ 14 മേശകളും സജ്ജീകരിക്കും. ഇതു കൂടാതെ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ക്കും നിരീക്ഷകനും ഓരോ മേശയും ഉണ്ടാവും. പോസ്റ്റല്‍ വോട്ടുകള്‍ക്കും ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് സിസ്റ്റം (ഇ.ടി.പി.ബി.എസ്) മുഖേനയുള്ള വോട്ടുകള്‍ക്കും പ്രത്യേകം മേശ ഒരുക്കും. എട്ടു മണിക്കാണ് വോട്ടെണ്ണല്‍ തുടങ്ങുക. ആദ്യം പോസ്റ്റല്‍ ബാലറ്റുകളാണ് എണ്ണുക. വോട്ടെണ്ണലിന് മുമ്പായി വോട്ടിംഗ് യന്ത്രത്തിന്റെ കണ്ട്രോള് യൂണിറ്റ് പരിശോധിച്ച് കേടുപാടില്ലെന്നും സീലുകളെല്ലാം ഭദ്രമാണെന്നും ഉറപ്പുവരുത്തും. തുടര്‍ന്ന്, കണ്ട്രോള് യൂണിറ്റിന്റെ റിസല്‍ട്ട് ബട്ടണ്‍ അമര്‍ത്തും. അപ്പോള്‍ ഓരോ സ്ഥാനാര്‍ഥിക്കും കിട്ടിയ വോട്ടുകള്‍ അതിന്റെ ഡിസ്പ്ലേയില്‍ കാണാം. ഇത് ഫോം 17സിയുടെ പാര്‍ട്ട് രണ്ടില്‍ രേഖപ്പെടുത്തും. വോട്ടെണ്ണിയ ശേഷം വോട്ടിംഗ് യന്ത്രങ്ങള്‍ സീല്‍ ചെയ്യും. കണ്ട്രോള് യൂണിറ്റിന്റെ ഡിസ്പ്ലേ തകരാറിലായാലോ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക നിര്‍ദേശമുണ്ടെങ്കില്‍ മാത്രമേ വിവിപാറ്റ് മെഷീനുകള്‍ എണ്ണുകയുളളൂ. ഇതിന് പുറമെ ഓരോ മണ്ഡലത്തിലെയും തെരഞ്ഞെടുത്ത അഞ്ച് വീതം വിവിപാറ്റ് യന്ത്രങ്ങളും എണ്ണും. നറുക്കെടുപ്പിലൂടെയാണ് ഇവ തെരഞ്ഞെടുക്കുക. റിട്ടേണിങ് ഓഫീസര്‍മാര്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാര്‍, കൗണ്ടിങ് സ്റ്റാഫ്, സ്ഥാനാര്‍ഥികള്‍, സ്ഥാനാര്‍ഥികളുടെ ഇലക്ഷന് ഏജന്റുമാര്‍, കൗണ്ടിംഗ് ഏജന്റുമാര്‍, ഡ്യൂട്ടിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ഇലക്ഷന് കമ്മീഷന് നിയോഗിച്ചവര്‍ എന്നിവര്‍ക്കല്ലാതെ മറ്റാര്‍ക്കും കൗണ്ടിംഗ് ഹാളില്‍ പ്രവേശനമില്ല. റിട്ടേണിംഗ് ഓഫീസറുടെയും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറുടെയും മേല്‍നോട്ടത്തിലാണ് വോട്ടെണ്ണല്‍ നടക്കുക. മോശമായി പെരുമാറുകയോ നിയമപ്രകാരമുള്ള നിര്‍ദേശം അനുസരിക്കാതിരിക്കുകയോ ചെയ്യുന്ന ചെയ്യുന്ന ആരെയും കൗണ്ടിംഗ് ഹാളില്‍നിന്ന് പുറത്താക്കാന്‍ റിട്ടേണിംഗ് ഓഫീസര്‍ക്ക് അധികാരമുണ്ട്. വോട്ടെടുപ്പിന്റെ സ്വകാര്യത വോട്ടെണ്ണല്‍ കേന്ദ്രത്തിലും പാലിക്കപ്പെടേണ്ടതാണ്. യൂണിഫോമിലായാലും സിവില്‍ വേഷത്തിലായാലും പോലീസുകാര്‍ക്ക് വോട്ടെണ്ണല്‍ ഹാളില്‍ പ്രവേശനമില്ല. അവര്‍ പുറത്തുനില്‍ക്കേണ്ടതും റിട്ടേണിംഗ് ഓഫീസര്‍ വിളിച്ചാല്‍ മാത്രം അകത്ത് പ്രവേശിക്കേണ്ടതുമാണ്.
വോട്ടെണ്ണല്‍ ഹാളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ ഒബ്സര്‍വര്‍മാര്‍ക്ക് മാത്രമേ അനുമതിയുള്ളൂ. ഒരേ സമയം, സ്ഥാനാര്‍ഥിക്കോ സ്ഥാനാര്‍ഥിയുടെ ഏജന്റിനോ മാത്രമേ വോട്ടെണ്ണല്‍ മേശയുടെ മുന്നില്‍ ഇരിക്കാനാവൂ. വോട്ടെണ്ണല്‍ കേന്ദ്രത്തിനുള്ളില്‍ വോട്ടെണ്ണല്‍ പൂര്‍ണ്ണമായി പകര്‍ത്താനായി ഔദ്യോഗിക ക്യാമറ മാത്രമേ അനുവദിക്കൂ. വോട്ടെണ്ണല്‍ കേന്ദ്രത്തിനുള്ളില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഫോട്ടോയോ വീഡിയോയോ പകര്‍ത്താന്‍ അനുവാദമില്ല. അതേസമയം, മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഒരു നിശ്ചിത ദൂരപരിധിയില്‍നിന്ന് പൊതുവായുള്ള ചിത്രം പകര്‍ത്താന്‍ അനുവാദമുണ്ടാവും. ഏതുസാഹചര്യത്തിലും ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ രേഖപ്പെടുത്തിയ വോട്ട് ചിത്രീകരിക്കാന്‍ പാടില്ല. കൗണ്ടിങ് ഹാളിന് പുറത്ത് വോട്ടെണ്ണലിന്റെ വിവരങ്ങള്‍ നല്‍കാനായി മീഡിയ സെന്റര്‍ പ്രവര്‍ത്തിക്കും. കൂടാതെ വോട്ടെണ്ണല്‍ ഫലം തല്‍സമയം അപ്ലോഡ് ചെയ്യുന്നതിനുള്ള സുവിധ ആപ്ലിക്കേഷന്റെ പ്രത്യേക കേന്ദ്രവും ഉണ്ടാവും. വോട്ടെണ്ണല്‍ ദിവസം രാവിലെ അഞ്ച് മുതല്‍ ഇലക്ഷന് ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്ക് വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് പോകുവാന്‍ പ്രതേ്യക വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്.
Post Your Comments