
ഒല്ലൂര്‍: അയല്‍വാസിയുടെ ആറ് വയസുകാരിയായ മകളെയും കൂട്ടി ബാറില്‍ മദ്യപിക്കാനെത്തിയ ആള്‍ പൊലീസ് പിടിയിലായി. തൃശ്ശൂര്‍ ജില്ലയിലെ ഒല്ലൂരിലെ ബാറിലാണ് പ്രതി പെണ്‍കുട്ടിയെയും കൂട്ടി മദ്യപിക്കാനെത്തിയത്. സംഭവത്തെ തുടര്‍ന്ന് ഇതര സംസ്ഥാന തൊഴിലാളിയായ പ്രതിയെ ഇന്നലെ രാത്രി 9.30 യോടെ പൊലീസെത്തി കസ്റ്റഡിയിലെടുത്തു.
ബാര്‍ ജീവനക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പാലീസ് സ്ഥലത്തെത്തിയത്. പൊലീസ് എത്തിയപ്പോള്‍ ബാറിന്റെ ഗേറ്റിനു സമീപം നാട്ടുകാരുടെ മുന്നില്‍ നില്‍ക്കുന്ന പെണ്‍കുട്ടിയെ ആണ് കണ്ടത്. അയല്‍വാസിയായ ഇതര സംസ്ഥാന തൊഴിലാളിയുടെ കൂടെയാണ് വന്നതെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. എന്നാല്‍ പെണ്‍കുട്ടിക്കൊപ്പം ഈ സമയത്ത് ഇതര സംസ്ഥാന തൊഴിലാളി ഉണ്ടായിരുന്നില്ല.
പെണ്‍കുട്ടി പറഞ്ഞ വിവരമനുസരിച്ച് പൊലീസ് ഇവരുടെ വീട്ടിലെത്തുകയും അയല്‍വാസിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ബാറിന്റെ ഗേറ്റിനു മുന്‍പില്‍ കുട്ടിയെ നിര്‍ത്തിയ ശേഷമാണ് താന്‍ മദ്യപിക്കാന്‍ കയറിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. മദ്യപിച്ച ശേഷം പുറത്തെത്തിയപ്പോള്‍ പെണ്‍കുട്ടിക്ക് ചുറ്റും നാട്ടുകാര്‍ കൂടി നില്‍ക്കുന്നതാണ് കണ്ടത്. നാട്ടുകാര്‍ മര്‍ദ്ദിക്കുമെന്ന് ഭയന്നാണ് പെണ്‍കുട്ടിയെ കൂട്ടാതെ താന്‍ താമസസ്ഥലത്തേക്ക് തിരികെ പോയതെന്നും യുവാവ് മൊഴി നല്‍കി.
Post Your Comments