KeralaLatest News

എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം : എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍. കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ എലിപ്പനി രോഗാണുക്കള്‍ ഉണ്ടാകാനുള്ള സാധ്യത മുന്‍നിര്‍ത്തി വയലില്‍ പണിയെടുക്കുന്നവരും ഓട, തോട് കനാല്‍, കുളങ്ങള്‍, വെള്ളക്കെട്ടുകള്‍ എന്നിവ വൃത്തിയാക്കുന്നവരും കയ്യുറകളും കാലുറകളും ധരിച്ചുമാത്രമേ ജോലിക്കിറങ്ങാവൂ എന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.പി. പ്രീത അറിയിച്ചു. ഇത്തരം ജോലി ചെയ്യുന്നവര്‍ എലിപ്പനിക്കെതിരെയുള്ള പ്രതിരോധമരുന്ന് നിര്‍ബന്ധമായും കഴിക്കണം. പ്രതിരോധമരുന്നായ ഡോക്‌സിസൈക്ലിന്‍ ഗുളിക എല്ലാ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും സൗജന്യമായി ലഭിക്കും. മുറിവുകള്‍ ഉണ്ടങ്കില്‍ ഉണങ്ങുന്നതുവരെ കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ പണിക്കോ വിനോദത്തിനോ ഇറങ്ങരുത്.

കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ കുട്ടികള്‍ വിനോദത്തിനോ മറ്റാവശ്യങ്ങള്‍ക്കോ ഇറങ്ങുന്നതും ഒഴിവാക്കണം. നീന്തല്‍ പരിശീലനത്തില്‍ ഏര്‍പ്പെടുന്നവര്‍ സുരക്ഷിത സാഹചര്യത്തിലുള്ള വൃത്തിയുള്ള വെള്ളമാണെന്ന് ഉറപ്പുവരുത്തുക. ക്ഷീണം, പനി, തലവേദന, പേശിവേദന എന്നിവയാണ് എലിപ്പനിയുടെ ലക്ഷണങ്ങള്‍. കണ്ണില്‍ ചുവപ്പ്, മൂത്രത്തിന്റെ അളവ് കുറയുക, മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ തുടങ്ങിയവയും കണ്ടേക്കാം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനടി ഡോക്ടറെ കണ്ട് ചികിത്സ തേടണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അറിയിപ്പില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button