
തിരുവനന്തപുരം: ആര്‍ദ്രയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് അമിതാബിന്റെ ‘അമ്മ സദീറയ്‌ക്കെതിരായ കുരുക്ക് മുറുകുന്നു. ആര്‍ദ്രയുടെയും സൈനികന്‍ വിശാഖിന്റെയും കേസ് അന്വേഷിക്കുന്ന പൊലീസ് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ വിളിച്ചെങ്കിലും തുടര്‍ച്ചയായി സദീറ ഒഴിഞ്ഞു മാറുകയാണ്. ചോദ്യം ചെയ്യാന്‍ ആവശ്യപ്പെട്ടു പ്രത്യേക അന്വേഷണ സംഘം സദീറയോട് ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്താന്‍ ആവശ്യപ്പെട്ടെങ്കിലും ലീഗല്‍ നോട്ടീസ് ആണ് സദീറ ആവശ്യപ്പെടുന്നത്.
കഴിഞ്ഞ വ്യാഴം നിര്‍ബന്ധമായും എത്തണമെന്നാണ് ക്രൈംബ്രാഞ്ച് സംഘം സദീറയോട് ആവശ്യപ്പെട്ടത്. പക്ഷെ കഴിഞ്ഞ വ്യാഴവും സദീറ എത്തിയിട്ടില്ല. ആര്‍ദ്ര, വിശാഖ് കേസുകളില്‍ പ്രതിയായ അമിതാബ് ഇപ്പോള്‍ ജാമ്യത്തിലാണ്. തിങ്കളും വ്യാഴവും ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തി ഒപ്പിടണമെന്നു കോടതി അമിതാബിനു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വ്യാഴം അമിതാബ് ഒപ്പിടാന്‍ എത്തുമ്ബോള്‍ എത്തണമെന്നാണ് സദീറയ്ക്ക് പൊലീസ് നിര്‍ദ്ദേശം നല്‍കിയത്. പക്ഷെ സദീറ എത്തിയില്ല. അറസ്റ്റ് നീക്കം മനസിലാക്കിയാണ് സദീറ ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്നത്. സദീറ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ജാമ്യം ലഭിച്ചിട്ടില്ല. കേസിലെ പങ്ക് തെളിയണമെങ്കില്‍ ചോദ്യം ചെയ്യണമെന്ന പൊലീസ് വിശദീകരണം മുഖവിലയ്ക്കെടുത്താണ് സദീറയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.
ആര്‍ദ്ര കേസിലും സൈനികന്‍ വിശാഖിന്റെ മരണത്തിലും പ്രതിസ്ഥാനത്തുള്ള പൊലീസ് മിനിസ്റ്റിരിയില്‍ ജീവനക്കാരനായിരുന്ന അമിതാബ് നിലവില്‍ ജാമ്യത്തിലാണ്. സൈനികന്‍ വിശാഖിന്റെ മരണവുമായി ബന്ധപ്പെട്ടു ജാമ്യം ലഭിച്ചതിനെ തുടര്‍ന്നാണ് ഇപ്പോള്‍ അമിതാബ് പുറത്തുള്ളത്. പൊലീസുമായി സഹകരിക്കണമെന്നും ജാമ്യ വ്യവസ്ഥകള്‍ ലംഘിക്കരുതെന്നും കോടതി അമിതാബിനു കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആര്‍ദ്രയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് കാമുകനായ അമിതാബിനൊപ്പം അമിതാബിന്റെ അമ്മ സദീറയ്ക്ക് എതിരെയും അമിതാബിന്റെ സുഹൃത്ത് മഹിക്കും എതിരെ ഡിജിപിക്ക് ആര്‍ദ്രയുടെ അച്ഛന്‍ പരാതി നല്‍കിയിട്ടുണ്ട്. വിശാഖിന്റെ മരണത്തിനു കാരണക്കാരനും ആര്‍ദ്രയുടെ മരണത്തിനു കാരണക്കാരനായ അമിതാബ് തന്നെയാണ് എന്ന് മനസ്സിലാക്കിയതോടെയാണ് ആര്‍ദ്രയുടെ കുടുംബം അമിതാബിനെതിരേ ശക്തമായ നിയമനടപടികളുമായി രംഗത്ത് വന്നത്.
അമിതാബുമായുള്ള വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ആർദ്ര മരണപ്പെടുന്നത്. കഴിഞ്ഞ ജൂലൈ രണ്ടിലാണ് ആര്‍ദ്ര ആത്മഹത്യാ ശ്രമം നടത്തിയതായി പുറത്തറിയുന്നത്. ‘തനിക്കൊരു സമ്മാനമുണ്ട്. വീട്ടിലേക്ക് വാ’ എന്ന് സന്ദേശമയച്ച് അമിതാബിനെ വീട്ടിലേക്ക് വരുത്തുകയായിരുന്നു ആര്‍ദ്ര. എത്തിയപ്പോള്‍ ആര്‍ദ്ര തൂങ്ങിമരിക്കുന്നത് താന്‍ കണ്ടു എന്നാണ് അമിതാബ് പറഞ്ഞത്.
കാലുകള്‍ ഉയര്‍ത്തിവെച്ച് അമിതാബ് ബഹളം കൂട്ടിയപ്പോഴാണ് അടുത്തുള്ള ആളുകള്‍ എത്തുന്നത്. അവര്‍ എത്തിയശേഷമാണ് കെട്ടഴിച്ച് ആര്‍ദ്രയെ വെള്ളനാടുള്ള ആശുപത്രിയില്‍ എത്തിക്കുന്നത്. അപ്പോഴാണ് ആര്‍ദ്രയുടെ മാതാപിതാക്കള്‍ എത്തുന്നത്. അതിനു ശേഷമാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.തൂങ്ങിമരിക്കാന്‍ ശ്രമിച്ചു എന്നാണു ഇവര്‍ ഡോക്ടര്‍മാരോട് പറഞ്ഞത്. അതിനനുസരിച്ചുള്ള ചികിത്സയാണ് ആര്‍ദ്രയ്ക്ക് മെഡിക്കല്‍ കോളേജില്‍ നല്‍കിയത്.
പിന്നീടാണ് ആര്‍ദ്രയുടെ ഉള്ളില്‍ വിഷം ചെന്നകാര്യം ഡോക്ടര്‍മാര്‍ മനസിലാക്കുന്നത്. ഇതോടെ ഡോക്ടര്‍മാര്‍ക്ക് മുഴുവന്‍ സംശയങ്ങള്‍ ഉയര്‍ന്നു. ആര്‍ദ്രയെ ആശുപത്രിയില്‍ എത്തിച്ചവരുടെ നേര്‍ക്ക് അവര്‍ നിരവധി ചോദ്യങ്ങള്‍ ചോദിച്ചു.’എന്തുകൊണ്ട് വിഷം അകത്ത് ചെന്ന കാര്യം നിങ്ങള്‍ രഹസ്യമാക്കി വെച്ചു. ആരോ ആര്‍ദ്രയുടെ വായിലേക്ക് വിഷം ഒഴിച്ച് നല്‍കിയിട്ടുണ്ട്.
പെട്ടെന്ന് ആര്‍ദ്രയുടെ വീട്ടില്‍ പോയി ആ വിഷം എന്തെന്ന് അറിഞ്ഞു വരണം. അതിനനുസരിച്ചുള്ള മരുന്ന് ആര്‍ദ്രയ്ക്ക് നല്‍കേണ്ടതുണ്ട്. ആര്‍ദ്രയുടെ മാതാപിതാക്കള്‍ ഇവിടെ വേണം.’ – ഇങ്ങനെയായിരുന്നു ഡോക്ടര്‍മാരുടെ പ്രതികരണം. ഡോക്ടര്‍മാരുടെ വാക്കുകളില്‍ നിന്നാണ് ആര്‍ദ്രയ്ക്ക് വിഷം അകത്ത് ചെന്ന കാര്യം വീട്ടുകാര്‍ മനസിലാക്കുന്നത്-ബന്ധു മറുനാടനോട് പറഞ്ഞു.
ആര്‍ദ്രയുടെ വീട്ടില്‍ പക്ഷെ ഫ്യൂരിഡാന്റെ പോയിട്ട് ഏതെങ്കിലും വിഷത്തിന്റെ ബോട്ടിലോ അംശങ്ങളോ ഒന്നും കണ്ടതുമില്ല. പിന്നീടാണ് ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുന്നത് ഫ്യുരിഡാന്‍ എന്ന കീടനാശിനി മാരകമാംവിധം ആര്‍ദ്രയുടെ അകത്ത് പടര്‍ന്നിരിക്കുന്നു എന്ന്. രക്ഷപ്പെടാന്‍ സാധ്യത കുറവാണ്. കീടനാശിനിയുടെ വീര്യം കാരണം ആര്‍ദ്രയുടെ കിഡ്നി രണ്ടും തകര്‍ന്നു കഴിഞ്ഞിരുന്നു. ഇതോടെ ആര്‍ദ്രയുടെ മരണം ഉറപ്പാകുകയും ചെയ്തു.
അതുവരെ അബോധാവസ്ഥയില്‍ ആയിരുന്നെങ്കിലും ആര്‍ദ്രയ്ക്ക് ജീവനുണ്ടായിരുന്നു ഫ്യുരിഡാന്‍ എന്ന കീടനാശിനി കാരണമാണ് ആര്‍ദ്ര മരിക്കുന്നത്. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചതിന്റെ പിറ്റേ ദിവസമായിരുന്നു മരണം.
Post Your Comments