നോയിഡ: കടംവാങ്ങിയ പണം തിരികെ ചോദിച്ചതിന് സുഹൃത്തുക്കള്‍ ചേര്‍ന്ന് യുവാവിനെ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മോഹിത് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മോഹിത്തിന്റെ സുഹൃത്തുക്കള്‍ തന്നെയാണ് പ്രതികളെന്ന് കണ്ടെത്തിയിരുന്നു. പ്രതികളായ പ്രശാന്ത്, അഖില്‍, ഗൗരവ്, വരുണ്‍ എന്നിവരെ പൊലീസ് പിടികൂടി. പത്ത് ലക്ഷം രൂപയാണ് പ്രതികള്‍ യുവാവിന് നല്‍കാനുണ്ടായിരുന്നത്. മേയ് 15 ന് രാത്രി പണം നല്‍കാമെന്ന് പറഞ്ഞ് മോഹിത്തിനെ ഈ യുവാക്കള്‍ കൂട്ടിക്കൊണ്ട് പോകുകയായിരുന്നു. തുടര്‍ന്ന് വെടിവെച്ച് കൊന്ന ശേഷം മൃതദേഹം കനാലില്‍ തള്ളി.
പിറ്റേദിവസം രാവിലെ മോഹിത്തിന്റെവീട്ടിലെത്തിയ പ്രതികളോട് ബന്ധുക്കള്‍ മോഹിതിനെ കുറിച്ച് അന്വേഷിച്ചെങ്കിലും ഇവര്‍ തങ്ങള്‍ക്ക് ഒന്നുമറിയില്ലെന്ന് പറഞ്ഞു. ഇതിനിടെ മോഹിത്തിനെ കാണുന്നില്ലെന്ന് പറഞ്ഞ് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. മോഹിത്തിനെ കാണാതായതില്‍ യുവാക്കള്‍ക്ക് പങ്കുണ്ടെന്ന സംശയവും ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചിരുന്നു. യുവാക്കള്‍ മോഹിത്തിന് പണം നല്‍കാനുള്ള കാര്യം കുടുംബാംഗങ്ങള്‍ക്ക് അറിയാമായിരുന്നു. ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.
Post Your Comments