പാലക്കാട് : ആള്‍മാറാട്ടം നടത്തി തട്ടിപ്പു നടത്തി എന്ന വാര്‍ത്തകള്‍ നാം പലപ്പോഴും കേട്ടിട്ടുണ്ട്. എന്നാല്‍ ഇവിടെ ചെര്‍പ്പുളശ്ശേരി തൂതപ്പൂരത്തിന് നടന്നത് ആനമാറാട്ടമാണ്. പെണ് ആനയെ കൊമ്പ് ഘടിപ്പിച്ച് ‘കൊമ്പനാക്കി’യാണ് പൂരത്തിന് എഴുന്നള്ളിച്ചത്. ലക്കടി ഇന്ദിര എന്ന പിടിയാനയെ ആണ് ഫൈബറിന്റെ കൊമ്പ് ഘടിപ്പിച്ച് കൊല്ലങ്കോട് കേശവനാക്കി ‘ആനമാറാട്ടം’ നടത്തിയിരിക്കുന്നത്. പല ക്ഷേത്രങ്ങളിലും പിടിയാനകളെ എഴുന്നള്ളിക്കാറുണ്ടെങ്കിലും തൂതപ്പൂരത്തിനു പിടിയാനയെ എഴുന്നള്ളിക്കുന്നതു പതിവില്ല.
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു എഴുന്നള്ളിപ്പ്. എഴുന്നള്ളിപ്പു കഴിഞ്ഞു കുറച്ചു കഴിഞ്ഞപ്പോള്‍ത്തന്നെ ആനയുടെ മട്ടും ഭാവവും മാറുകയും അത് ചര്‍ച്ചയാവുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീടാണ് കള്ളി പുറത്തായത്. 15 ആനയായിരുന്നു എഴുന്നള്ളത്തിനു വേണ്ടിയിരുന്നത്. എന്നാല്‍ എണ്ണം തികയാതെ വന്നപ്പോഴാണ് വേഷം കെട്ടിച്ച് ഇന്ദിരയെ കേശവനാക്കിയത്. ഇതുവരെ അങ്ങനെ കേട്ടു കേള്‍വിയില്ലാത്ത ഒരു വാര്‍ത്തയായിരിക്കുകയാണ് ഈ ആനമാറാട്ടം. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ തൂത ക്ഷേത്ര കമ്മിറ്റി അടിയന്തര യോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിലയിരുത്തും.
Post Your Comments