KeralaLatest News

പോസ്റ്റല്‍ ബാലറ്റ് വിഷയത്തില്‍ രമേശ് ചെന്നിത്തലയുടെ ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്ന് കമ്മീഷന്‍

തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങളില്‍ ഇടപെടാന്‍ ഹൈക്കോടതിക്ക് അധികാരമില്ല

കൊച്ചി: പോസ്റ്റല്‍ ബാലറ്റ് അട്ടിമറിയില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് കമ്മീഷന്‍ ഇക്കാര്യം അറിയിച്ചത്.

പോസ്റ്റല്‍ ബാലറ്റില്‍ ക്രമക്കേട് നടന്നതായി പൊലീസുകാരില്‍ നിന്ന് പരാതി ലഭിച്ചിട്ടില്ലെന്നും, ഐജിയുടെ മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ സ്വതന്ത്ര അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും കമ്മീഷന്‍ പറഞ്ഞു. കൂടാതെ തെരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയാല്‍ അവസാനിക്കും വരെ അതില്‍ തടസമുണ്ടാകാന്‍ പാടില്ലെന്നും കമ്മീഷന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു.

തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങളില്‍ ഇടപെടാന്‍ ഹൈക്കോടതിക്ക് അധികാരമില്ല. ക്രമക്കേട് കണ്ടെത്തിയാല്‍ ഫലം പ്രഖ്യാപിച്ച ശേഷം തെരഞ്ഞെടുപ്പ് ഹര്‍ജി നല്‍കാം. കുറ്റക്കാര്‍ക്കെതിരെ ക്രിമിനല്‍ പ്രോസിക്യൂഷന്‍ നടപടികളുമായി മുന്നോട്ട് പോകാമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

പോസ്റ്റല്‍ ബാലറ്റ് വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ടാണ് ചെന്നിത്തലയുടെ ഹര്‍ജി സമര്‍പ്പിച്ചത്. പോലീസുകാരുടെ മുഴുവന്‍ പോസ്റ്റല്‍ വോട്ടുകളും റദ്ദാക്കുക. സംസ്ഥാന ഇലക്ടറല്‍ ഓഫീസറുടെ മേല്‍നോട്ടത്തില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാ പോലീസുകാര്‍ക്കും ഫെസിലിറ്റേഷന്‍ സെന്റര്‍ വഴി വോട്ട് ചെയ്യുന്നതിന് സംവിധാനം ഒരുക്കുക എന്നീ ആവശ്യങ്ങളും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും ചെന്നിത്തല പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button