ന്യൂഡല്‍ഹി: വിവാദ പരാമര്‍ശങ്ങളില്‍ പാര്‍ട്ടി നേതാക്കളെ തള്ളി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെയുടേയും ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രഗ്യാ സിംഗ് ഠാക്കൂറിന്റ്യും ഗോഡ്‌സേ അനുകൂല നിലപാടുകള്‍ അമിത് ഷാ തള്ളി. നേതാക്കളുടെ പ്രസ്താവനകളുമായി പാര്‍ട്ടിക്ക് ബന്ധമില്ല. നേതാക്കളുടെ പരാമര്‍ശങ്ങള്‍ അച്ചടക്ക സമിതി പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഹെഗ്ഡയുടേയും പ്രഗ്യയുടേയും പ്രസ്താവനകള്‍ പരിശോധിക്കുമെന്നും തീരുമാനം അച്ചടക്ക സമിതിക്ക് വിട്ടതായും അമിത് ഷാ പറഞ്ഞു. അതേസമയം നളിന്‍ കുമാര്‍ കട്ടീലിന്റേയും പ്രസ്താവന സമിതി പരിശോധിക്കും. അച്ചടക്ക സമിതി പത്തു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കുമെന്നും അമിത് ഷാ പറഞ്ഞു.
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ഘാതകന്‍ ഗോഡ്‌സെ രാജ്യസ്‌നേഹിയെന്ന പ്രഗ്യാ സിംഗ് ഠാക്കൂറിന്റെ പരാമര്‍ശത്തെ പിന്തുണച്ചാണ് കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെ, നളിന്‍ കുമാര്‍ കട്ടീല്‍ എന്നിവര്‍ രംഗത്തെത്തിയത്. ഗോഡ്സെ അനുകൂല പരമാര്‍ശത്തില്‍ പ്രഗ്യാ സിങ് ഠാക്കൂര്‍ മാപ്പ് പറയേണ്ട കാര്യമില്ലെന്നായിരുന്നു ഹെഗ്‌ഡൈ ട്വിറ്ററില്‍ പറഞ്ഞത്. ഗോഡ്‌സെ പരാമര്‍ശത്തില്‍ പ്രഗ്യ സിങ് മാപ്പ് പറയേണ്ട കാര്യമില്ല.
ഗോഡ്സെ രാജ്യ സ്നേഹിയയായിരുന്നു, രാജ്യസ്നേഹിയാണ്, രാജ്യസ്നേഹിയായിരിക്കും എന്ന പ്രഗ്യാ സിംഗ് ഠാക്കൂറിന്റെ പ്രസ്താവനയില്‍ അവര്‍ മാപ്പ് പറയേണ്ടതില്ലെന്നായിരുന്നു ആനന്ത് കുമാര്‍ ഹെഗ്ഡെയുടെ ട്വീറ്റ്. ഇപ്പോള്‍ ഗോഡ്‌സെയെ കുറിച്ച് ചര്‍ച്ച ഉയരുന്നതില്‍ സന്തോഷമുണ്ടെന്നും ട്വീറ്റില്‍ പറഞ്ഞിരുന്നു.
അതേസമയം ഒരാളെ കൊന്ന ഗോഡ്സെ ആണോ 17000 പേരെ കൊന്ന രാജീവ് ഗാന്ധി ആണോ കൂടുതല്‍ ക്രൂരനെന്നു പരിശോധിക്കണം എന്നായിരുന്നു നളിന്‍ കുമാര്‍ കട്ടീലിന്റെ പ്രതികരണം. ഏഴ് പതിറ്റാണ്ടിനു ശേഷം ഇന്നത്തെ തലമുറ ഗോഡ്‌സെയെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ അദ്ദേഹം സന്തോഷിക്കുന്നുണ്ടാകുമെന്നും നളിന്‍ കുമാര്‍ പറഞ്ഞു.
Post Your Comments