KeralaLatest NewsHealth & Fitness

പേവിഷബാധ ശ്രദ്ധിക്കുക: ഇനിയൊരാള്‍ക്കും ഈയൊരവസ്ഥ ഉണ്ടാകരുത് ; മൃഗങ്ങളുടെ കടിയേറ്റാല്‍ എന്ത് ചെയ്യണം?

തിരുവനന്തപുരം: പേ വിഷബാധയേറ്റെന്ന് സംശയിച്ച് അടുത്തിടെ 3 മരണങ്ങള്‍ സംസ്ഥാനത്ത് ഉണ്ടായ സാഹചര്യത്തിലും തിരുവനന്തപുരം സ്വദേശിയായ ഒരാള്‍ (58) തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സ തേടിയ പശ്ചാത്തലത്തിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ സംസ്ഥാന പകര്‍ച്ചവ്യാധി പ്രതിരോധ സെല്ലിന് (PEID CELL- Prevention of Epidemics and Infectious Disease Cell) ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍ദേശം നല്‍കി. എന്തൊക്കെ മുന്‍കരുതലുകള്‍ എടുത്താലും മൃഗങ്ങള്‍ കടിച്ചാല്‍ വളരെയധികം ശ്രദ്ധിക്കണമെന്ന് മന്ത്രി പറഞ്ഞു. പേവിഷ ബാധയ്‌ക്കെതിയുള്ള പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുത്ത വളര്‍ത്ത് മൃഗമാണ് കടിച്ചതെങ്കിലും മുറിവ് തീരെ ചെറുതാണെങ്കില്‍ പോലും നിസാരമായി കാണരുത്. ഉടന്‍ തന്നെ ചികിത്സ തേടേണ്ടതാണ്. പേ വിഷ ബാധയ്‌ക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പ് സര്‍ക്കാര്‍ ആശുപത്രികളില്‍ തികച്ചും സൗജന്യമാണ്. അവഗണനയാണ് പലപ്പോഴും രോഗിയെ ഗുരുതരാവസ്ഥയിലെത്തിക്കുന്നത്. അതിനാല്‍ തന്നെ വളരെയധികം ശ്രദ്ധിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് 2018ല്‍ 6 പേരും 2019ല്‍ ഒരാളുമാണ് പേവിഷബാധ സ്ഥിരീകരിച്ച് മരണമടഞ്ഞത്. ഇത് കൂടാതെ കന്യാകുമാരി സ്വദേശിയായ 30 വയസുകാരനും ചികിത്സ തേടാതെ വെമ്പായം സ്വദേശിയായ 8 വയസുകാരനും പേവിഷബാധ സംശയിച്ച് അടുത്തിടെ മരണമടഞ്ഞിരുന്നു.

പേവിഷബാധ 100 ശതമാനം മാരകമായ വൈറസ് രോഗമാണ്. എന്നാല്‍ അടിയന്തര ചികിത്സയിലൂടെയും പ്രതിരോധ കുത്തിവയ്പ്പുകളിലൂടെയും പൂര്‍ണമായും പ്രതിരോധിക്കാന്‍ കഴിയുന്ന അവസ്ഥയാണ് പേവിഷബാധയെന്ന് സംസ്ഥാന പകര്‍ച്ചവ്യാധി പ്രതിരോധ സെല്‍ കോ-ഓര്‍ഡിനേറ്ററും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവിയായ ഡോ. ഇന്ദു പി.എസ്. പറഞ്ഞു.

മൃഗങ്ങളുടെ കടിയേറ്റാല്‍ എന്ത് ചെയ്യണം?

പട്ടി മാത്രമല്ല പൂച്ച, പശു, ആട് തുടങ്ങിയ വളര്‍ത്തു മൃഗങ്ങളില്‍ നിന്നും വന്യമൃഗങ്ങളില്‍ നിന്നും പേവിഷബാധയോല്‍ക്കാം. ഇവയുടെ കടിയേറ്റാല്‍ ആദ്യമായി കടിയേറ്റ ഭാഗം സോപ്പുപയോഗിച്ച് നന്നായി കഴുകേണ്ടതാണ്. അണുക്കളുടെ ഭൂരിഭാഗവും നിര്‍വീര്യമാക്കാന്‍ സോപ്പിന് കഴിയുന്നതാണ് ഇതിന് കാരണം. എന്നിട്ട് ഒട്ടും വൈകാതെ തന്നെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തേണ്ടതാണ്. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പേ വിഷത്തിനുള്ള സൗജന്യ ചികിത്സ ലഭ്യമാണ്. മുറിവിന്റെ ഗുരുതരാവസ്ഥ അനുസരിച്ചാണ് ചികിത്സ. പൊക്കിളിന് ചുറ്റുമുള്ള ഇഞ്ചക്ഷനല്ല ഇപ്പോള്‍ എടുക്കുന്നത്. മറ്റ് കുത്തിവയ്പ്പുകള്‍ പോലെ കൈകളിലാണ് ആന്റി റാബിസ് വാക്‌സിന്‍ എടുക്കുന്നത്. ആഴത്തിലുള്ള മുറിവാണെങ്കില്‍ ആന്റി റാബിസ് സിറം കൂടി എടുക്കേണ്ടതാണ്.

പേ വിഷബാധ വളരെപ്പെട്ടെന്ന് തലച്ചോറിനേയും നാഡീ വ്യൂഹത്തേയും ബാധിക്കുന്നതിനാല്‍ ഗുരുതരാവസ്ഥയിലേക്കും മരണത്തിലേക്കും എത്തുന്നതിനാല്‍ ആരും പരീക്ഷണത്തിന് നില്‍ക്കരുത്. ഇനിയൊരാള്‍ക്കും ഈയൊരവസ്ഥ ഉണ്ടാകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കുക.

shortlink

Related Articles

Post Your Comments


Back to top button