KeralaLatest News

ചൂര്‍ണിക്കര വ്യാജ രേഖ വിവാദം; കൃത്യത്തിന് കൂട്ടുനിന്ന ഓഫീസര്‍ക്കെതിരെ നടപടി

കൊച്ചി: ചൂര്‍ണിക്കരയില്‍ തണ്ണീര്‍ത്തടം നികത്തുന്നതിന് വ്യാജരേഖ തയ്യാറാക്കാന്‍ കൂട്ടുനിന്ന ലാന്റ് റവന്യു കമ്മീഷണറേറ്റിലെ ഓഫീസ് അസിസ്റ്റന്റിനെ സസ്‌പെന്‍ഡ് ചെയ്തു. കെ അരുണ്‍കുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ലാന്റ് റവന്യു കമ്മീഷണറാണ് ഉത്തരവിറക്കിയത്. ഫോര്‍ട്ടുകൊച്ചി ആര്‍ ഡി ഒയുടെ പേരിലും വ്യാജരേഖയുണ്ടാക്കിയതായി വിജിലന്‍സിന് സംശയം ഉയര്‍ന്നിട്ടുണ്ട്. ചൂര്‍ണിക്കരയിലെ ഭൂമി തരം മാറ്റാന്‍ വ്യാജ രേഖ തയ്യാറാക്കിയ സംഭവത്തില്‍ പ്രാഥമികാന്വേഷണം പൂര്‍ത്തിയാക്കിയാണ് വിജിലന്‍സ് അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അരുണിന്റെ പങ്ക് വ്യക്തമായതോടെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാനാണ് തീരുമാനം. ഫോര്‍ട്ടുകൊച്ചി ആര്‍ ഡി ഒയുടെ പേരിലും വ്യാജ രേഖകള്‍ ഉണ്ടാക്കിയതായ ചില സൂചനകള്‍ കിട്ടിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് വിശദമായ അന്വേഷണത്തിനാണ് ഉദ്ദേശിക്കുന്നതെന്ന് അന്വേഷണസംഘം അറിയിച്ചു.ഇടനിലക്കാരനായ അബുവിന്റെ പക്കല്‍ നിന്ന് ആറ് ആധാരങ്ങളടക്കമുളളവ കണ്ടെടുത്തിരുന്നു.

ചൂര്‍ണിക്കരയിലെ ഭൂമി കൂടാതെ മറ്റെവിടെയൊക്കം ഇവര്‍ വ്യാജരേഖകളുണ്ടാക്കി ഭൂമി തരം മാറ്റിയെന്ന് കണ്ടെത്താനാണ് വിജിലന്‍സിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി എറണാകുളം ജില്ലാ കലക്ടറോട് വിശദാംശങ്ങള്‍ ആരായും. ഫോര്‍ട്ടുകൊച്ചി ആര്‍ ടി ഒ ഓഫീസിന്റെ പരിധിയില്‍ വരുന്ന വില്ലേജുകളില്‍ ഭൂമി തരം മാറ്റിയത് സംബന്ധിച്ച രേഖകളാണ് ആവശ്യപ്പെടുക.പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടും കേസെടുക്കാനുളള ശുപാര്‍ശയും അടങ്ങിയ ഫയല്‍ മറ്റന്നാള്‍ എറണാകുളം യൂണിറ്റ് വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കും. കൂടുതല്‍ റവന്യൂ ഉദ്യോഗസ്ഥര്‍ ഇടപാടില്‍ ഉള്‍പ്പെട്ടിരിക്കാനുളള സാധ്യതയും വിജിലന്‍സ് തളളിക്കളയുന്നില്ല.

shortlink

Related Articles

Post Your Comments


Back to top button