ന്യൂഡല്‍ഹി : കേരളത്തിലെ സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ ഈ വര്‍ഷത്തെ എംബിബിഎസ് കോഴ്‌സിനു കേരളീയര്‍ക്ക് മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാന്‍ അവസരം നല്‍കണമെന്നു സുപ്രീം കോടതി നിര്‍ദേശിച്ചു. എന്‍ട്രന്‍സ് കമ്മിഷണര്‍ ഈ മാസം 20 വരെ ഓണ്‍ലൈനില്‍ അപേക്ഷ സ്വീകരിക്കണമെന്നും സംസ്ഥാനത്തെ 18 സ്വകാര്യ കോളജുകളുടെ അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലെ ഇടക്കാല ഉത്തരവില്‍ പറഞ്ഞു. ജഡ്ജിമാരായ എസ്.എ. ബോബ്‌ഡെ, എസ്.അബ്ദുല്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കേരളത്തില്‍ ഫീസ് താരതമ്യേന കുറവായതിനാല്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നു വലിയ തോതില്‍ അപേക്ഷകരുണ്ടാകുമെന്നാണു ഹര്‍ജിക്കാരുടെ വിലയിരുത്തല്‍. കോടതിക്ക് ജൂലൈ 1 വരെ അവധിയാണ്. അതിനാല്‍, മറ്റു സംസ്ഥാനക്കാരുടെ അപേക്ഷകളുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ ഹര്‍ജിക്കാര്‍ക്ക് അവധിക്കാല ബെഞ്ചിനെ സമീപിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഹര്‍ജി വിശദ വാദത്തിനായി ഇനി ഓഗസ്റ്റ് 20നു പരിഗണിക്കും. കേരളത്തില്‍ ആദ്യവട്ട മെഡിക്കല്‍ കൗണ്‍സലിങ് ജൂണ്‍ 25 മുതല്‍ ജൂലൈ 5 വരെയാണ്. കൂടാതെ സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ 15 % സീറ്റ് അഖിലേന്ത്യാ ക്വോട്ടയാണ്. എന്നാല്‍, സ്വകാര്യ കോളജുകളില്‍ മുഴുവന്‍ സീറ്റിലും കേരളീയരായ വിദ്യാര്‍ഥികള്‍ക്കു മാത്രമാണു പ്രവേശനം. എന്‍ട്രന്‍സ് കമ്മിഷണര്‍ ഇറക്കിയ പ്രോസ്‌പെക്ടസിലെ ഈ വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു.
എന്നാല്‍, തങ്ങളുടെ 100 % സീറ്റും കേരളത്തിലുള്ളവര്‍ക്കു മാത്രമായി നിജപ്പെടുത്തിയിരിക്കുകയാണെന്നു ഹര്‍ജിക്കാര്‍ക്കു വേണ്ടി ശ്യാം ദിവാനും പി.എസ്. സുള്‍ഫിക്കര്‍ അലിയും വിശദീകരിച്ചു. ദേശീയ പൊതുപ്രവേശന പരീക്ഷയിലൂടെ (നീറ്റ്) പ്രവേശനം നടത്തുമ്പോള്‍, സീറ്റ് സംസ്ഥാനത്തെ വിദ്യാര്‍ഥികള്‍ക്കു മാത്രമായി പരിമിതപ്പെടുത്തുന്നത് തങ്ങളുടെയും മറ്റു സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികളുടെയും ഭരണഘടനാപരമായ അവകാശങ്ങളുടെ നിഷേധമാകുമെന്നും വാദിച്ചു. കഴിഞ്ഞ വര്‍ഷത്തെ പ്രോസ്‌പെക്ടസിലും സ്വകാര്യ കോളജുകളിലെ സീറ്റ് കേരളത്തില്‍ നിന്നുള്ളവര്‍ക്കു മാത്രമെന്നു വ്യക്തമാക്കിയിരുന്നു. അതു ചോദ്യം ചെയ്ത് മാനേജ്‌മെന്റുകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്ന് അപ്പീല്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. അതിനാല്‍, ഇത്തവണ മാനേജ്‌മെന്റുകള്‍ നേരിട്ടു സുപ്രീം കോടതിയെ സമീപിച്ചു.
ആദ്യ വര്‍ഷ ഫീസിനൊപ്പം 4 വര്‍ഷത്തെ ബാങ്ക് ഗാരന്റി, സ്‌പോട്ട് അഡ്മിഷനുള്ള അവകാശം, മാനേജ്‌മെന്റുകളുടെ ആശ്രിതര്‍ക്കു നിശ്ചിത ശതമാനം സീറ്റ് നീക്കിവയ്ക്കാനുള്ള അനുവാദം എന്നീ ആവശ്യങ്ങളും ഹര്‍ജിയിലുണ്ട്. എന്നാല്‍, പ്രവേശന വ്യവസ്ഥ മാത്രമാണ് ഇന്നലെ പരിഗണിച്ചത്.കേരളത്തിലെ വിദ്യാര്‍ഥികള്‍ക്കു മാത്രം സീറ്റെന്ന വ്യവസ്ഥ തുടരുകയാണു വേണ്ടതെന്നു സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു. പ്രവേശന നടപടികള്‍ തുടങ്ങിയശേഷം ഇടക്കാല നിര്‍ദേശത്തിലൂടെ അതു പരിഷ്‌കരിക്കുന്നതു വലിയ തോതില്‍ പ്രശ്‌നങ്ങളുണ്ടാക്കും. 15% അഖിലേന്ത്യാ ക്വോട്ട സ്വകാര്യ കോളജുകള്‍ക്കും ബാധകമാണെന്നും സര്‍ക്കാരിനുവേണ്ടി ജയ്ദീപ് ഗുപ്തയും സ്റ്റാന്‍ഡിങ് കൗണ്‍സല്‍ ജി. പ്രകാശും വ്യക്തമാക്കി.
Post Your Comments