Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaNews

പെരിയ കൊലപാതകം; പിരിച്ച പണത്തെ ചൊല്ലി കോണ്‍ഗ്രസില്‍ വിവാദം

 

കാഞ്ഞങ്ങാട്: കല്യോട്ട് കൊല്ലപ്പെട്ട രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കുടുംബത്തിനായി ഡിസിസി നേതൃത്വം ശേഖരിച്ച ഒരു കോടി രൂപ ഇനിയും കൈമാറിയില്ല. ഇതേച്ചൊല്ലി കോണ്‍ഗ്രസില്‍ വിവാദം കൊഴുക്കുന്നു. കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബത്തെ സഹായിക്കാനെന്ന പേരില്‍ പിരിച്ച ഒരു കോടിയോളം രൂപയാണ് തിരിമറി നടത്തിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാലാണ് പണം കൈമാറാന്‍ കഴിയാത്തതെന്നാണ് ഡിസിസി നേതൃത്വം അണികളോട് പറഞ്ഞത്. എന്നാല്‍, ഹൈബി ഈഡന്‍ കൃപേഷിന്റെ കുടുംബത്തിന് വീട് കൈമാറിയത് പെരുമാറ്റച്ചട്ടം നിലനില്‍ക്കേയാണ്. യുഡിഎഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താനും താക്കോല്‍ദാന ചടങ്ങില്‍ പങ്കെടുത്തു.

കുടുംബത്തിന് പണം കൈമാറാന്‍ യഥാര്‍ഥ തടസ്സം എന്താണെന്ന അണികളുടെ ചോദ്യത്തിന് നേതൃത്വം ഇതുവരെ മറുപടി നല്‍കിയിട്ടില്ല. ഡിസിസി പ്രസിഡന്റ് ഹക്കിം കുന്നില്‍, വൈസ് പ്രസിഡന്റുമാരായ കെ കെ രാജേന്ദ്രന്‍, പി കെ ഫൈസല്‍ എന്നിവര്‍ക്കായിരുന്നു നിധി ശേഖരിക്കാനുള്ള ചുമതല. പിരിച്ചെടുത്തത് 74 ലക്ഷം രൂപ മാത്രമാണെന്നാണ് ഡിസിസി പ്രസിഡന്റ് പറയുന്നത്. ജില്ലയിലെ വ്യാപാരികള്‍, വ്യവസായികള്‍, പ്രവാസികള്‍, ട്രേഡ് യൂണിയന്‍–സര്‍വീസ് സംഘടനകള്‍ എന്നിവരില്‍നിന്നായി രസീതില്ലാതെ പിരിച്ചെടുത്ത തുക കണക്കില്‍പ്പെടുത്തിയിട്ടില്ല. ഇത്തരത്തില്‍ കെപിസിസി അറിയാതെ സ്വരൂപിച്ച 30 ലക്ഷത്തോളം രൂപ തൃക്കരിപ്പൂരിലെ രണ്ടു ജില്ലാ നേതാക്കള്‍ കീശയിലാക്കിയെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

കുടുംബ സഹായനിധി സംബന്ധിച്ച കണക്കുകള്‍ പുറത്തുവിടാന്‍ ഡിസിസി പ്രസിഡന്റ് തയ്യാറാകാത്തത് കോണ്‍ഗ്രസില്‍ കലാപക്കൊടി ഉയര്‍ത്തിയിട്ടുണ്ട്. യുഡിഎഫ് ആഹ്വാനംചെയ്ത ഹര്‍ത്താല്‍ ദിനത്തില്‍ നടന്ന അക്രമത്തില്‍ ജില്ലയില്‍ കോടികളുടെ നഷ്ടമാണുണ്ടായത്. ഹൈക്കോടതി നിര്‍ദേശ പ്രകാരം ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവരില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ പൊലീസ് നടപടി സ്വീകരിച്ചു. ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പെരിയയിലും കല്യോട്ടും അക്രമത്തില്‍ രജിസ്റ്റര്‍ചെയ്ത 24 കേസുകളില്‍ നേതാക്കളുള്‍പ്പെടെ 160 കോണ്‍ഗ്രസുകാര്‍ പ്രതികളാണ്. അറസ്റ്റിലായവരെ ജാമ്യത്തിലിറക്കാനും യുഡിഎഫ് ജില്ലാ ചെയര്‍മാന്‍, കണ്‍വീനര്‍ എന്നിവര്‍ക്കെതിരായുള്ള കേസ് നടത്തിപ്പിനുമായി കുടുംബ സഹായ നിധിയില്‍നിന്ന് 20 ലക്ഷത്തോളം രൂപ എടുത്തതായും ഇതില്‍ 18 ലക്ഷം രൂപ ജാമ്യത്തുകയായി ഹൈക്കോടതിയില്‍ കെട്ടിവച്ചതായും ഡിസിസിയിലെ ഒരു പ്രമുഖന്‍ പറഞ്ഞു.

കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബത്തിന് ഡിസിസി ഇതിനകം 37 ലക്ഷം രൂപ വീതം കൈമാറിയെന്നാണ് ഡിസിസി പ്രസിഡന്റിനെ അനുകൂലിക്കുന്നവര്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ കൈമാറിയത് കെപിസിസിയുടെ വിഹിതമായ 10 ലക്ഷവും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ 12 ലക്ഷവും കോണ്‍ഗ്രസിന്റെ വിവിധ പോഷകസംഘടനകള്‍ നല്‍കിയ സംഭാവനകളും മാത്രമാണ്.

കൃപേഷിന്റെ പുതിയ വീട്ടില്‍ രണ്ടര ലക്ഷത്തിന്റെ ഫര്‍ണിച്ചര്‍ നല്‍കിയെന്നാണ് മറ്റൊരു വാദം. ഇതൊക്കെ യുഡിഎഫ് അനുഭാവികളുടെ ഷോറൂമുകളില്‍നിന്ന് സൗജന്യമായി ലഭിച്ചതാണെന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. ജില്ലയില്‍നിന്ന് സ്വരൂപിച്ച ഫണ്ട് കുടുംബത്തിന് പൂര്‍ണമായി നല്‍കാതിരിക്കാനുള്ള ഡിസിസി നേതൃത്വത്തിന്റെ കുതന്ത്രങ്ങള്‍ക്കതിരെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ എഐസിസിക്കും രാഹുല്‍ഗാന്ധിക്കും പരാതി അയച്ചിട്ടുണ്ട്. കുടുംബ സഹായനിധി സംബന്ധിച്ച് ചര്‍ച്ചയ്ക്ക് മറയിടാന്‍ കല്യോട്ട് ഗ്രാമത്തെ അക്രമത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താനാണ് ഡിസിസിയിലെ ഒരു വിഭാഗത്തിന്റെ നീക്കം. ഇതിന്റെ ഭാഗമാണ് ഞായറാഴ്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിനുനേരെ പടക്കമെറിഞ്ഞ് സിപിഐ എം ബോംബാക്രമണമെന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതും സിപിഐ എം പ്രവര്‍ത്തകരുടെ വീടുകളും വാഹനങ്ങളും തകര്‍ത്തതും.

shortlink

Related Articles

Post Your Comments

Related Articles


Back to top button