Latest NewsIndia

ഇനി അല്‍പ്പം രാജ്യസേവനം; ഫാദര്‍ ജിസ് ജോസ് കിഴക്കേല്‍ സൈന്യത്തിലേക്ക്

കൊച്ചി: ഇനി മുതല്‍ ഇന്ത്യന്‍ ആര്‍മിയുടെ ഭാഗമായി ഫാദര്‍ ജിസ് ജോസ് കിഴക്കേല്‍. സൈന്യത്തിലാണെങ്കിലും മതാധ്യാപകനായിട്ടാണ് ജിസ് ജോസിന്റെ നിയമനം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാഷണല്‍ ഇന്റഗ്രേഷനില്‍ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറാണ് ഫാ. ജിസ് ജോസ്. സീറോ മലബാര്‍ സഭയില്‍ നിന്നും ഈ തസ്തികയിലെത്തുന്ന ആദ്യത്തെ ആളാണ് ഫാ. ജിസ് ജോസഫ്.

വിവിധ മതങ്ങളുടെ പുരോഹിതരെ സൈന്യത്തില്‍ നിയമിക്കാറുണ്ട്. കേന്ദ്രസര്‍ക്കാര്‍ വൈദികര്‍ക്ക് നല്‍കുന്ന ഏക ജോലിയാണിത്. എല്ലാ മതങ്ങളുടെ ആഘോഷങ്ങളും ഒരുമിച്ച് കൊണ്ടാടുക, മതഗ്രന്ഥങ്ങള്‍ ശരിയായി വ്യാഖ്യാനിക്കുക, മൂല്യങ്ങള്‍ പകര്‍ന്നു നല്‍കുക തുടങ്ങിയവയാണ് മതാധ്യാപകരുടെ പ്രധാന ജോലി. ഇടുക്കി കാഞ്ചിയാര്‍ ജോണ്‍പോള്‍ മെമ്മോറിയല്‍ കോളേജിലെ വൈസ് പ്രിസില്‍പ്പലായിരുന്ന ഫാദര്‍ ജിസ് ജോസ് അപ്രതീക്ഷിതമായാണ് സൈന്യത്തില്‍ മതപുരോഹിതരെ നിയമിക്കുന്ന പരസ്യം കണ്ടത്. വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിച്ചിരുന്ന അദ്ദേഹം അപേക്ഷ നല്‍കുകയായിരുന്നു. കര്‍ണാടകയിലെ ബഗാര്‍കോട്ടായിരുന്നു ഫിസിക്കല്‍ ടെസ്റ്റ്. 1600 മീറ്റര്‍ 5.40 മിനിറ്റില്‍ ഓടിയെത്തിയ ബാഡ്മിന്റണ്‍ കളിക്കാരന്‍ കൂടിയായ അദ്ദേഹം തുടര്‍ന്ന് നടന്ന എന്‍ട്രന്‍സ് പരീക്ഷയിലും വിജയം കരസ്ഥമാക്കി. പരീക്ഷയും ജയിച്ചതോടെ കഠിനമായ പരീശീലനവും ഒപ്പം സ്വയരക്ഷയ്ക്കായി തോക്കുപയോഗിക്കാനുള്ള പരിശീലനം അദ്ദേഹത്തിന് ലഭിച്ചു. തുടര്‍ന്ന് പൂനെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാഷണല്‍ ഇന്റഗ്രേഷനില്‍ പതിനൊന്ന് ആഴ്ച നീണ്ട ആത്മീയ പരിശീലനം. ഇവയെല്ലാം വിജയകരമായി പൂര്‍ത്തിയാക്കിയാണ് ഫാദര്‍ ജിസ് ജോസ് ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറെന്ന നിലയിലേക്കെത്തിയത്. 32 കാരനായ ജിസ് ജോസിന് 2015 ജനുവരിയിലാണ് വൈദിക പട്ടം നേടിയത്. കോതമംഗലം രൂപതക്കാരനായ അദ്ദേഹം എംസിഎ ബിരുദധാരിയും സിഎസ്ടി സന്ന്യാസി സഭാംഗവുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button