KeralaLatest News

ആനകളെ ഉത്സവത്തിന് അണിനിരത്തുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങള്‍; ഹൈക്കോടതിയുടെ നിര്‍ദേശം ഇങ്ങനെ

തിരുവനന്തപുരം: അസുഖവും പരിക്കുള്ളതുമായ ആനകളെ ഉല്‍സവങ്ങള്‍ക്ക് അണിനിരത്തരുതെന്ന സുപ്രീം കോടതി വിധി കര്‍ശനമായി പാലിക്കണമെന്ന് ഹൈക്കോടതി. വൈല്‍ഡ് ലൈഫ് റെസ്‌ക്യു ആന്റ് റിഹാബിലിറ്റേഷന്‍ സെന്റര്‍ കേസിലെ സുപ്രീം കോടതി വിധി നടപ്പാക്കണമെന്നാണ് കേരള നാട്ടാന പരിപാലന ചട്ടങ്ങള്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന തൃശൂര്‍, പാലക്കാട്, എറണാകുളം ജില്ലാ തല സമിതികള്‍ക്കാണ് ഡിവിഷന്‍ബെഞ്ച് നിര്‍ദേശം നല്‍കിയത്. പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു അനിമല്‍സ് സംഘടന സെക്രട്ടറിയും സംസ്ഥാന മൃഗ ക്ഷേമ ബോര്‍ഡ് അംഗവുമായ ഇടുക്കി മുലമറ്റം സ്വദേശി എം. എന്‍ ജയചന്ദ്രന്‍ നല്‍കിയ ഹരജിയിലാണ് ഇടക്കാല ഉത്തരവ്.

അസുഖമുള്ളതോ പരിക്കേറ്റതോ ഗര്‍ഭിണിയോ ആയ ആനകളെ ഉല്‍സവങ്ങള്‍ക്കുപയോഗിക്കുന്നവരുടെ ഉടമസ്ഥതാവകാശ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കുക, ഈ ആനകള്‍ മൂലം പൊതുജനങ്ങളുടെ ജീവനും സ്വത്തിനുമുണ്ടായ നഷ്ടങ്ങള്‍ക്ക് പരിഹാരം ഉടമകളില്‍ നിന്നും ജില്ലാ തല സമിതികളില്‍ നിന്നും ഈടാക്കാന്‍ ഉത്തരവിടുക, ആരോഗ്യമില്ലാത്ത ആനകള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന വെറ്ററിനറി ഡോക്ടര്‍മാരെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഹരജിക്കാരന്‍ കോടതിയെ സമീപിച്ചത്.കേസില്‍ കോടതിയെ സഹായിക്കാന്‍ കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു.

തൃശൂര്‍ പൂരത്തിനും ഉല്‍സവങ്ങള്‍ക്കുമെതിരെ സംഘടിതമായ ഗൂഡ നീക്കങ്ങള്‍ നടക്കുന്നതായി സര്‍ക്കാറിന് വേണ്ടി ഹാജരായ അഡീ. അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. ഹരജിക്കാരന്റെ എല്ലാ ആവശ്യങ്ങളും പരിഗണിച്ചാല്‍ തൃശൂര്‍ പൂരത്തിന് ആനയെ ഉപയോഗിക്കാന്‍ കഴിയാതാവും. തൃശൂര്‍ പൂര നടത്തിപ്പ് അലങ്കോലപ്പെടുത്താന്‍ ശ്രമം നടക്കുന്നുണ്ട്. അനാവശ്യ വ്യവഹാരങ്ങള്‍ നടത്തി വിവാദമുണ്ടാക്കി പൊതുജനങ്ങളെ സര്‍ക്കാറിനെതിരെ തിരിക്കാനാണ് ശ്രമം.

ഹര്‍ജികള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും എ.എ.ജി വ്യക്തമാക്കി. തുടര്‍ന്നാണ് സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാന്‍ കോടതി നിര്‍ദേശിച്ചത്. അതേസമയം കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് തുടരുന്ന സാഹചര്യത്തതില്‍ ആന ഉടമകള്‍ ഇന്ന് തൃശൂരില്‍ യോഗം ചേരും.രാവിലെ 11 മണിക്കാണ് യോഗം. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ലഭിച്ചില്ലെങ്കില്‍ പകരം മറ്റൊരു ആനയെ ആ സ്ഥാനത്ത് കൊണ്ടുവരാനുള്ള തീരുമാനവും ഉണ്ടാകും. പൂരത്തോട് അനുബന്ധിച്ചുള്ള മറ്റുകാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. കൂടാതെ ആനയെ എഴുന്നള്ളിക്കാന്‍ അനുവദിക്കണമെന്ന ഹര്‍ജി 11നു ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button