തൃശൂര്‍: നടുറോഡിൽ നാടോടി സ്ത്രീകളെ പീഡിപ്പിക്കാന്‍ ശ്രമം. ആംബുലന്‍സ് ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ മൂലം സ്ത്രീകൾ രക്ഷപ്പെട്ടു.അര്‍ധരാത്രിയില്‍ തൃശൂര്‍ സ്വരാജ് റൗണ്ടിലാണ് സംഭവം നടന്നത്. പ്രതിയായ കോതമംഗലം ഭൂതത്താന്‍കെട്ട് അരീക്കാട്ടില്‍ ജോമോന് വര്‍ഗീസിനെ (41) പോലീസ് അറസ്റ്റുചെയ്തു. ഇയാൾ മദ്യലഹരിയിലായിരുന്നു.
യുവതികളെ രക്ഷിക്കാനുളള ശ്രമത്തിനിടെ മൂര്‍ച്ചയുള്ള മാര്‍ബിള്‍ പാളി ഉപയോഗിച്ച് ജീവനക്കാരിലൊരാളെ അക്രമി കുത്തിവീഴ്ത്തി. ഉടന്‍ ഡ്രൈവര്‍ ആംബുലന്‍സിലെ സൈറണ്‍ ഉച്ചത്തില്‍ മുഴക്കിയതോടെ നാട്ടുകാരും യാത്രക്കാരും ഓടിക്കൂടി അക്രമിയെ പിടിച്ചുകെട്ടി യുവതികളെ രക്ഷപ്പെടുത്തി.
ആക്ട്സ് ആംബുലന്‍സിലെ ഡ്രൈവര്‍ കോട്ടയം വില്ലൂന്നി കുന്നംപുറത്ത് ജോണിക്കുട്ടി, സഹപ്രവര്ത്തകന് കുന്നംകുളം പൂക്കോട്ടില് ഷിബിന്‍ സിദ്ധാര്‍ഥ് എന്നിവരാണ് യുവതികള്‍ക്കു രക്ഷകരായത്. മുതുവറയില്‍ അപകടത്തില്‍പ്പെട്ടയാളെ ജില്ലാ ആശുപത്രിയിലെത്തിച്ച ശേഷം മടങ്ങുകയായിരുന്നു ഇവര്‍. എംജി റോഡിനടുത്തെത്തിയപ്പോള്‍ 2 നാടോടി സ്ത്രീകള്‍ക്കു നേരെ മൂര്‍ച്ചയുള്ള മാര്‍ബിള്‍പാളി വീശി ഒരാള്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നതു കണ്ടു.
ആംബുലന്‍സ് നിര്‍ത്തി ഇറങ്ങിയ ഷിബിന്‍ അക്രമിയെ തടയാന്‍ ശ്രമിച്ചെങ്കിലും മാര്‍ബിള്‍ പാളി ഉപയോഗിച്ച് ഇയാള്‍ വാരിയെല്ലിന്റെ ഭാഗത്തു കുത്തി. ഉടന്‍ ഡ്രൈവര്‍ ജോണിക്കുട്ടി സൈറണ്‍ മുഴക്കി.ഇതോടെ ആളുകൾ കൂടുകയായിരുന്നു. തമിഴ്നാട് സ്വദേശികളാണ് യുവതികൾ .
Post Your Comments